നീതി വിസ്മരിക്കുന്ന നിയമകമ്മിഷൻ
രാജ്യത്തെ നിയമങ്ങൾ കലാതിവർത്തിയല്ല. അവ കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമാണ്. ഓരോ കാലത്തെയും സമൂഹത്തിന്റെ ക്രമത്തിന് വിരുദ്ധമാകുന്ന പ്രവണതകൾ പൗരനിൽനിന്ന് അഥവാ ഒരു കൂട്ടത്തിൽനിന്ന് ഉണ്ടാവുമ്പോഴാണ് അതർഹിക്കുന്ന കുറ്റത്തെക്കുറിച്ച് നിയമം സൃഷ്ടിക്കുന്നവർ ആഴത്തിൽ ആലോചിക്കുന്നതും നിയമരൂപങ്ങൾ ഉണ്ടാകുന്നതും. എന്നാൽ കാലം മാറിയിട്ടും മാറിയ കാലത്തിനൊത്തല്ല നിയമമെങ്കിൽ അത് തിരുത്തുകയോ റദ്ദാക്കുകയോ വേണം. അത്തരം മാറ്റങ്ങളുൾക്കൊള്ളാതെ, കാലഹരണപ്പെട്ടതും തീർത്തും ജനാധിപത്യവിരുദ്ധവുമായ രാജ്യദ്രോഹക്കുറ്റം കൂടുതൽ ശിക്ഷകളോടെ നടപ്പാക്കണമെന്ന 22ാം നിയമകമ്മിഷൻ ശുപാർശ ജനാധിപത്യ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.
രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിച്ചുകൊണ്ട് 124 എ നടപ്പാക്കുന്നത് 2022 മെയിൽ സുപ്രിംകോടതി മരവിപ്പിച്ചിരുന്നു. നിലവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ എല്ലാ കേസുകളുടെയും നടപടികൾ നിർത്തിവയ്ക്കാനും നിർദേശിച്ച സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് കേന്ദ്രസർക്കാർ നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ നിയമകമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാൽ കരിനിയമം പുനപ്പരിശോധിക്കാൻ നിർദേശിച്ചപ്പോൾ നിയമം കൂടുതൽ കർശനമാക്കാനുള്ള ശുപാർശയാണ് കമ്മിഷൻ നൽകിയത്. ലോകത്തിലെ മറ്റുപല ജനാധിപത്യ രാജ്യങ്ങളും ചില രാജാധികാര ഭരണകൂടങ്ങളുംവരെ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമ്പോഴാണ് കൂടുതൽ കർശന ശിക്ഷാവിധികളോടെ പൗരനെ തുറുങ്കിലടയ്ക്കാൻ നിയമ കമ്മിഷൻ ശുപാർശ ചെയ്യുന്നത്. നിലവിൽ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമം 124 എ പ്രകാരം 3 വർഷമാണ്. ഇത് 7 വർഷമായി വർധിപ്പിക്കണമെന്നതാണ് നിയമകമ്മിഷന്റെ ശുപാർശയിലെ പ്രധാന നിർദേശം. സമൂഹത്തിന്റെ സമാധാനപരമായ സാഹചര്യത്തെ അലങ്കോലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ അക്രമം പ്രചോദിപ്പിക്കുക, സമൂഹത്തിന്റെ പൊതുക്രമം തെറ്റിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രസ്താവനകൾ കൂടി രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുത്താനും കേസെടുക്കാനുമാണ് കമ്മിഷൻ ശുപാർശ.
വിമർശനങ്ങളെ വിലങ്ങുകൊണ്ട് തടയാൻ ശ്രമിക്കുന്ന കരിനിയമമായ രാജ്യദ്രോഹക്കുറ്റം ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ഇന്ത്യയിൽ കൊണ്ടുവന്നത്. രാഷ്ട്രപിതാവുൾപ്പെടെ നിരവധി സ്വാതന്ത്ര്യ സമരനായകർ ഈ നിയമം കാരണം കാരാഗ്രത്തിലായിട്ടുണ്ട്. എതിർശബ്ദങ്ങളെ നിശബ്ദമാക്കാനായി ഭരണകൂടത്തിന് എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ഒരു വകുപ്പാണിതെന്നും ഇത് പ്രാകൃത നിയമങ്ങൾക്കു ചേരുന്നതാണെന്നും അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും ഏറെക്കാലമായി പറയുകയും എഴുതുകയും ചെയ്യുന്നതാണ്. തങ്ങൾക്കിഷ്ടമില്ലാത്ത ഒരാളുടെ, ഒരു സംഘടനയുടെ ഏത് പ്രവർത്തിയും രാജ്യദ്രോഹക്കുറ്റമായി വിവക്ഷിക്കാൻ ഭരണകൂടത്തിന് കഴിയുന്നു എന്നതാണ് രാജ്യദ്രോഹക്കുറ്റത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധ തത്വം.
2010 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം 798 കേസുകളിലായി 10,898 പേരാണ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായത്. ഇതിൽ ഒമ്പതുപേർ പ്രായപൂർത്തിയാകാത്തവരാണ്. യു.എ.പി.എ നിയമത്തിലെ ഭേദഗതിക്കുശേഷം 124 എയുടെ ദുരുപയോഗം കുത്തനെ കൂടിയതായി ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ സ്ഥിതിവിവര കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാകും. 2014നുശേഷം സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ 405 കേസുകൾ ചാർജു ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനുമാത്രം 149 കേസുകളും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ 144 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടതായി കാണാം. സമീപകാല ഇന്ത്യ സാക്ഷിയായ നിരവധി സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി, ജീവൽപ്രശ്‌നങ്ങളിൽ ഭരണകൂടത്തിനെതിരായ പൊതുസമൂഹത്തിന്റെ എതിർപ്പുകളെ ഭരണകൂടം നേരിട്ടത് രാജ്യദ്രോഹക്കുറ്റം എന്ന ചാട്ടവാറുകൊണ്ടാണ്.
രാജ്യദ്രോഹക്കുറ്റം ചർച്ചയാവുമ്പോഴെല്ലാം ഭരണകൂടവും സർക്കാരും തമ്മിലുള്ള വ്യത്യാസം അംഗീകരിക്കാൻ ചിലർ വിസമ്മതിക്കാറുണ്ട്. സർക്കാരുകളോട് എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാനുള്ള പൗരന്റെ അവകാശം മൗലികമാണ്. അത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ടതുമാണ്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ സമരം ചെയ്യുന്നവരെ എല്ലാം ഈ കരിനിയമം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഏകാധിപത്യത്തിന്റെ രീതിയാണ്.
ഇത്തരം കരിനിയമങ്ങൾ രാജ്യത്തെ സാധാരണ മനുഷ്യരുടെ സഞ്ചാര-അഭിപ്രായ-ആശയപരമായ ഇടപെടലുകളെ തടയുന്നതാണ്. കാലക്രമത്തിൽ സ്വയം സംസ്‌കരണത്തിലൂടെ പരിഷ്‌കരിക്കപ്പെട്ട ലോക സമൂഹം ആശയങ്ങൾ പങ്കുവയ്ക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം അടിസ്ഥാനമായി കരുതുകയും അതിനായി എല്ലാതലത്തിലും ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ്, ജനാധിപത്യത്തിന്റെ ഏറ്റവും പരമപ്രധാന ആശയപ്രകാശനവും വിമർശനവും പ്രാകൃതമായ ഒരു നിയമത്തിലൂടെ ഇന്ത്യ ഇപ്പോഴും പിന്തുടരുന്നത് എന്നത് കേവലയുക്തിക്കു പോലും നിരക്കുന്നതല്ല. പല കാര്യങ്ങളിലും നാം ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം കരിനിയമങ്ങളുടെ കാർമേഘം ഇന്ത്യയ്ക്കുമേൽ മായാതെ നിൽക്കുന്നു എന്ന യാഥാർഥ്യമെങ്കിലും നിയമകമ്മിഷൻ പരിഗണിക്കണമായിരുന്നു. പുനർനിർവചിക്കാനുള്ള സമയം എത്രയോ പിന്നിട്ടിട്ടും അതേ നിയമത്തിലെ ജനാധിപത്യവിരുദ്ധത കൂടുതൽ കർശനമായി പൗരന്റെ മേൽ പ്രയോഗിക്കണമെന്ന ശുപാർശ നൽകിയ കമ്മിഷന്റെ നിയമ-ഭരണഘടനാ ബോധത്തെ സംശയിച്ചാൽ തെറ്റാവില്ല.
കമ്മിഷൻ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. സുപ്രിംകോടതി ഉൾപ്പെടെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ബഹുഭൂരിപക്ഷവും രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന വിശാലമായ താൽപര്യത്തിനൊപ്പമാണ്. മാറിയ കാലത്തെ സാഹചര്യങ്ങളെ കേന്ദ്രം സഹിഷ്ണുതാപരമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരകാലത്തെ സമരസേനാനികളെ ബ്രിട്ടനെതിരേ വിമർശനം നടത്തിയെന്ന കാരണത്താൽ ജയിലിലടയ്ക്കാൻ ഉപയോഗിച്ച 124 എ എന്ന ജനാധിപത്യവിരുദ്ധ നിയമം കൂടുതൽ ശിക്ഷയോടെ, സങ്കീർണതകളോടെ പൗരനുമേൽ പ്രയോഗിക്കാനുള്ള ഭരണകൂട അധികാരമായി നിലനിർത്തണമെന്ന 22ാം നിയമകമ്മിഷൻ ശുപാർശ തള്ളിക്കളയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."