'കെമിസ്ട്രി, മാത്സ് മിസ്സുമാര്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കി, താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്' കള്ളക്കുറിച്ചില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ്
ചെന്നൈ: കള്ളക്കുറിച്ചിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്. കെമിസ്ട്രി(രസതന്ത്രം), മാത്സ് (കണക്ക്) വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികമാര്‍ പഠിക്കുന്നില്ലെന്ന് പറഞ്ഞ് തന്നെ നിരന്തരം സമ്മര്‍ദത്തിലാക്കിയെന്ന് കുറിപ്പില്‍ പറയുന്നു. തനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആസമ്മര്ദ്ദം. നിരന്തരം വഴക്ക് പറഞ്ഞു. ഉപദ്രവിച്ചു- കുറിപ്പില്‍ പറയുന്നു. തന്റെ ഫീസ് അമ്മയ്ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ട്. മാതാപിതാക്കളോടും കൂട്ടുകാരോടും മാപ്പ് ചോദിച്ചാണ് പെണ്‍കുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ കുറിപ്പ്:
'ഞാന്‍ നന്നായി പഠിക്കാറുണ്ട്. എന്നാല്‍ കെമിസ്ട്രിയില്‍ ഒരുപാട് ഇക്വേഷനുകളാണുള്ളത്. ഈ ഇക്വേഷന്‍സ് പഠിക്കാന്‍ എനിക്ക് കഴിയുന്നില്ല. കെമിസ്ട്രി മിസ് എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഒരുദിവസം അവര്‍ മാത്ത്സ് മിസ്സിനോട് ഞാന്‍ പഠിക്കാറില്ലെന്ന് പറഞ്ഞു. അവര്‍ എന്നെ വഴക്ക് പറഞ്ഞു. പഠിക്കാതെ ഹോസ്റ്റലില്‍ ഞാന്‍ എന്ത് ചെയ്യുകയാണെന്ന് ചോദിച്ചു. ഇത് എനിക്ക് ഏറെ പ്രയാസമുണ്ടാക്കി.
ഈ മിസ്സുമാരില്‍ ഒരാള്‍ ഞാന്‍ പഠിക്കാറില്ലെന്ന് എല്ലാ സ്റ്റാഫിനോടും പറഞ്ഞു. ഇന്ന് രാവിലെ ക്ലാസില്‍വെച്ച് ഒരു അധ്യാപിക എന്തുകൊണ്ടാണ് ഞാന്‍ പഠിക്കാത്തതെന്ന് ചോദിച്ചു. ഞാന്‍ കളിച്ചുനടക്കുകയാണെന്നും പറഞ്ഞു. മാത്ത്സ് മിസ്സും കെമിസ്ട്രി മിസ്സും എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നില്ല. എന്നെ മാത്രമല്ല, മാത്ത്സ് മിസ്സ് എല്ലാവരെയും ഉപദ്രവിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഫീസ് ദയവായി എന്റെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് ശാന്തി മാഡത്തോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പുസ്തകത്തിന്റെയും ഹോസ്റ്റലിന്റെയും ഫീസുകളും തിരികെ നല്‍കണം. ഹോസ്റ്റലില്‍ ഞാന്‍ കുറച്ചുദിവസമേ താമസിച്ചിട്ടുള്ളൂ. സോറി അമ്മ, സോറി അപ്പ'. കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."