പ്രവാസികൾക്ക് തൊഴില്‍ കരാര്‍ നിർബന്ധമാക്കാനൊരുങ്ങി ഒമാൻ; ഇനി ആഴ്ചകൾ മാത്രം
പ്രവാസികൾക്ക് തൊഴില്‍ കരാര്‍ നിർബന്ധമാക്കാനൊരുങ്ങി ഒമാൻ; ഇനി ആഴ്ചകൾ മാത്രം
മസ്‌കറ്റ്: പ്രവാസികൾക്ക് അംഗീകൃത തൊഴില്‍ കരാര്‍ നിർബന്ധമാക്കാനൊരുങ്ങി ഒമാൻ. 2023 ജൂലൈ ഒന്നു മുതലാകും തൊഴില്‍ കരാര്‍ നിർബന്ധമാക്കുക. ഓമനികൾ ഒഴികെയുള്ള വിദേശ തൊഴിലാളികള്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മികച്ചതാക്കുക, തൊഴില്‍ മേഖലയെ മത്സരക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം.
എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഒമാനി ഇതര തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം ബന്ധപ്പെട്ട എല്ലാ തൊഴിലുടമകളെയും മറ്റു കക്ഷികളെയും അറിയിക്കുന്നതായി മന്ത്രാലയം ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈ ഒന്നിന് ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഇലക്ട്രിക് ഓതന്റിക്കേഷനോട് കൂടിയ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൊഴില്‍ദാതാക്കള്‍ ഉടനടി സജ്ജമാക്കണം. തുടർന്ന് തൊഴിലാളികളുടെ തൊഴില്‍ കരാറുകളുടെ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ നടത്തണം. മന്ത്രാലയവുമായുള്ള തടസ്സമില്ലാത്ത സേവനങ്ങളും ഇലക്ട്രോണിക് ഇടപാടുകളും ഉറപ്പാക്കാന്‍ രജിസ്‌ട്രേഷൻ നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയ പരിധി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. സര്‍ക്കാരിന്റെ സേവനങ്ങള്‍ കരാർ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക പ്രയാസമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."