സ്വദേശിവത്കരണത്തിൽ നിലപാട് കടുപ്പിച്ച് യുഎഇ; 42,000 ദിർഹം പിഴ ഉടൻ
സ്വദേശിവത്കരണത്തിൽ നിലപാട് കടുപ്പിച്ച് യുഎഇ
ദുബായ്: സ്വദേശിവത്കരണ നീക്കത്തിൽ നിലപാട് കടുപ്പിച്ച് യുഎഇ സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് കടുത്ത പിഴ ഈടാക്കാനാണ് തീരുമാനം. 42,000 ദിർഹമാണ് പിഴ. ഒരു സ്വദേശിയെ നിയമിക്കേണ്ട കമ്പനിക്കാണ് ഇത്രയും പിഴ. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് പിഴ കൂടും.
അൻപതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളാണ് സ്വദേശിവത്കരണം നിർബന്ധമായി നടപ്പിലാക്കേണ്ടത്. മൊത്തം തൊഴിലാളികളിൽ രണ്ട് ശതമാനം സ്വദേശികളെ വെക്കണമെന്നാണ് നിർദേശം. ഇത് എല്ലാ വർഷവും തുടരണം. ഇത് തെറ്റിച്ചാലാണ് പിഴ അടക്കേണ്ടി വരിക. അടുത്ത മാസം മുതൽ പിഴ ചുമത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
അർധ വാർഷികം പിന്നിടുന്നതിന് മുൻപ് ഒരു ശതമാനം നിയമനം നടത്താനായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. ഇത് നടപ്പിലായില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. ഇതിന് മുന്നോടിയായി തൊഴിലിടങ്ങളിൽ മന്ത്രാലയത്തിന്റെ പരിശോധനയുമുണ്ടാകും. 50 തൊഴിലാളികളിൽ കൂടുതൽ തൊഴിലെടുക്കുന്ന 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ഈ സ്ഥാപനങ്ങളിൽ എല്ലാം പരിശോധന നടത്തും.
ഇതിന് പുറമെ സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനമുണ്ട്. വ്യാജരേഖകൾ തയ്യാറാക്കി സ്വദേശി നിയമനത്തിൽ തട്ടിപ്പ് നടത്തുകയോ, കൃത്യമായ നിയമനം നടത്താതിരിക്കാൻ വേണ്ടി തൊഴിലാളികളുടെ എണ്ണം കുറച്ച് കബളിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."