താന്‍ പഠിക്കാന്‍ മിടുക്കി, ഒരു വ്യാജ രേഖയുടേയും ആവശ്യമില്ല; കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയെന്നും വിദ്യ
താന്‍ പഠിക്കാന്‍ മിടുക്കി, ഒരു വ്യാജ രേഖയുടേയും ആവശ്യമില്ല; കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയെന്നും വിദ്യ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ താന്‍ നിരപരാധിയെന്ന് മുന്‍ എസ്.എഫ്.ഐ നേതാവ് കെ വിദ്യ. ഒരു കോളജിന്റെ പേരിലും താന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല. മഹാരാജാസ് കോളജിന്റെ പേരില്‍ ഒരിടത്തും നിയമനത്തിനായി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നും വിദ്യ മൊഴി നല്‍കി.
തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണ്. കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണ്. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ ആരോപിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ മൊഴി നല്‍കി.
അതേസമയം, വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പാലക്കാട് അഗളി പൊലിസും കാസര്‍കോട് നീലേശ്വരം പൊലിസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലിസ് പിടികൂടിയിരിക്കുന്നത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."