'ടൈറ്റന്‍ യാത്ര പോവാന്‍ അവന് പേടിയായിരുന്നു, ഉപ്പാന്റെ സന്തോഷത്തിനായി പോയി….' തീരാനോവായി 19കാരന്‍ സുലൈമാന്റെ വേര്‍പാട്
'ടൈറ്റന്‍ യാത്ര പോവാന്‍ അവന് പേടിയായിരുന്നു, ഉപ്പാന്റെ സന്തോഷത്തിനായി പോയി….' തീരാനോവായി 19കാരന്‍ സുലൈമാന്റെ വേര്‍പാട്
'സത്യത്തില്‍ ഈ യാത്ര പോവാന്‍ അവന് ഭയമായിരുന്നു. ഒരു പൊട്ടിത്തെറിയുണ്ടാവുമോ എന്നവന്‍ വല്ലാതെ പേടിച്ചിരുന്നു. എന്നിട്ടും ഉപ്പാന്റെ ഇഷ്ടത്തിന് വേണ്ടിയാണവന്‍ പോയത്' ടൈറ്റന്‍ തകര്‍ന്ന് മരിച്ച 19 കാരന്‍ സുലൈമാന്‍ ദാവൂദിന്റെ പിതാവ് ഷഹ്‌സാദയുടെ മൂത്ത സഹോദരി അസ്മ ദാവൂദ് പറയുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 1912ല്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കുപോയ സമുദ്രപേടകം തകര്‍ന്ന് പിതാവ് ശതകോടീശ്വരനായ ഷഹ്‌സാദ ദാവൂദിനൊപ്പം മരിച്ച സുലൈമാന്‍ ദാവൂദ് എന്ന പത്തൊന്‍പതുകാരന്‍ വല്ലാത്ത നൊമ്പരമാണ് ഉയര്‍ത്തുന്നത്. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമാണ് ഷഹ്‌സാദ ദാവൂദ്. അദ്ദേഹമാണ് ഈ യാത്രയുടെ സാഹസികതയെ കുറിച്ച് പറഞ്ഞ് മകനെ കൂടെ കൂട്ടിയത്. ഗ്ലാസ്‌ഗോയിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്നു സുലൈമാന്‍.
''യാത്രയ്ക്കായി സുലൈമാന്‍ പൂര്‍ണമായും തയാറായിരുന്നില്ല. യാത്രയെക്കുറിച്ച് ഉള്ളില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ ഫാദേഴ്‌സ് ഡേ കൂടിയായതിനാല്‍ സാഹസികതയില്‍ ഏറെ അഭിനിവേശമുള്ള തന്റെ പ്രിയപ്പെട്ട പിതാവിനെ സന്തോഷിപ്പിക്കാനാണ് സുലൈമാന്‍ ടൈറ്റന്‍ സമുദ്രപേടകത്തില്‍ കയറുന്നത്. ടൈറ്റാനിക്കിനോടും സമുദ്ര പര്യവേഷണങ്ങളോടുമുള്ള പിതാവിന്റെ അടങ്ങാത്ത അഭിനിവേശമായിരുന്നു ഷഹസാദക്ക്'' അസ്്മ പറഞ്ഞു.
'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ലോകം മുഴുവന്‍ ഇത്രയധികം മാനസിക സംഘര്‍ഷത്തിലൂടെയും ആകാംക്ഷയിലൂടെയും കടന്നുപോകേണ്ടി വന്നതില്‍ എനിക്ക് വളരെ വിഷമം തോന്നുന്നു.'' രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുലൈമാന്റെ മാതൃസഹോദരി പറഞ്ഞു. ഒരു ദുഃസ്വപ്നത്തില്‍ അകപ്പെട്ടതു പോലെയാണ് താനെന്നും അവരെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തന്റെ ശ്വാസം നിലയ്ക്കുന്നതുപോലെയാണ് അനുഭവപ്പെടന്നതും അവര്‍ പറഞ്ഞു. ടൈറ്റനില്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സുലൈമാന്‍ ദാവൂദ്.
2019ല്‍ ഒരു വിമാനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടയാളാണ് ഷഹ്‌സാദ ദാവൂദ്-അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഷഹ്‌സാദ സഞ്ചരിച്ചിരുന്ന വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടു. ഭാര്യയും ഒപ്പം യാത്ര ചെയ്തിരുന്നു. പിന്നീട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വസന്നാഹങ്ങളോടെയുള്ള തെരച്ചിലാണ് അഞ്ചുജീവനുകളുമായി അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ കാണാതായ ടൈറ്റന്‍ പേടകത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പേടകത്തിലെ ഓക്‌സിജന്‍ പരിധിയായ 96 മണിക്കൂറിനുമുന്‍പേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. യു.എസ്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്രകിലോമീറ്റര്‍ സമുദ്ര വിസ്തൃതിലായിരുന്നു തെരച്ചില്‍. എന്നാല്‍ ദൗത്യം ലക്ഷ്യം കണ്ടില്ല. 96 സമയപരിധിയും കടന്നുപോകവേ 2 ദിവസം മുന്‍പ് കനേഡിയന്‍ വിമാനത്തിന് സോണര്‍ സംവിധാനം വഴി കടലില്‍ നിന്നു ലഭിച്ച മുഴക്കങ്ങളും നിലച്ചു.
ഇന്നലെ വൈകിട്ടോടെ പ്രതീക്ഷ ഏതാണ്ടു മങ്ങി. അപ്പോഴും ചില അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണു രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോയത്. അതിലൊരു പ്രതീക്ഷ ആഴക്കടല്‍ പര്യവേഷണത്തില്‍ പരിചിതരായ വിദഗ്ധര്‍ ഓക്‌സിജന്റെ അളവ് കൂടുതല്‍ സമയത്തേക്ക് കരുതിവച്ചിട്ടുണ്ടാകുമോയെന്നതായിരുന്നു. ഫ്രഞ്ച് റോബട്ടിക് പേടകമായ വിക്ടര്‍ 6000 സമുദ്രത്തിന്റെ അടിത്തട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും അനുകൂലമായി ഒന്നും ലഭിച്ചില്ല.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ (1912ല്‍ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന ഐതിഹാസികമായ ടൈറ്റാനിക് കപ്പല്‍) അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ടൈറ്റന്‍ ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദിനും മകന്‍ സുലൈമാനും പുറമേ ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടണ്‍ റഷ് എന്നിവരായിരുന്നു യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."