കത്തിപ്പടർന്ന് ഫ്രാൻസ്; തെരുവിൽ ജനങ്ങളും പൊലിസും തമ്മിൽ പോരാട്ടം തുടരുന്നു, കൊള്ളയും തീവെപ്പും, നിരവധിപ്പേർ അറസ്റ്റിൽ
കത്തിപ്പടർന്ന് ഫ്രാൻസ്; തെരുവിൽ ജനങ്ങളും പൊലിസും തമ്മിൽ പോരാട്ടം തുടരുന്നു, കൊള്ളയും തീവെപ്പും, നിരവധിപ്പേർ അറസ്റ്റിൽ
പാരിസ്: 17 വയസുകാരനെ പൊലിസ് വെടിവെച്ച് കൊന്നതിനെ തുടർന്ന് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട കലാപം അതിശക്തമായി തുടരുന്നു. അൾജീരിയ–മൊറോക്കോ വംശജനായ നയെൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം തുടർച്ചയായ അഞ്ചാം ദിവസവും തുടരുകയാണ്. പൊലിസും ജനങ്ങളും നേർക്കുനേർ തെരുവിൽ പോരാടുകയാണ്.
തെരുവിലിറങ്ങിയ ജനങ്ങളെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ, 1300ൽ ഏറെ പേർ അറസ്റ്റിലായതായി പൊലിസ് അറിയിച്ചു. വ്യാഴാഴ്ച 917 പേർ അറസ്റ്റിലായിരുന്നു. ഇന്നലെ നയെലിന്റെ സംസ്കാരച്ചടങ്ങുകൾ നടന്ന നോന്റേറിൽ 45,000 പൊലിസിനെ വിന്യസിച്ചിരുന്നു. രോഷാകുലരായ പ്രക്ഷോഭകർ പൊലിസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ മുന്നൂറിലേറെ പൊലിസുകാർക്കു പരുക്കേറ്റു. ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു.
അതേസമയം പലയിടത്തും കൊള്ളയും തീവയ്പ്പും തുടരുകയാണ്. നിരവധി സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കുകൾ ഉൾപ്പെടെ കൊള്ളയടിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഴ്സെയിൽ പ്രക്ഷോഭകർ തോക്കു വിൽപനശാലയിൽ നിന്ന് തോക്കുകൾ കൊണ്ടുപോയാതായി റിപ്പോർട്ടുകൾ പറയുന്നു. മാഴ്സെ, ലിയോൺ, ടുലൂസ്, സ്ട്രാസ്ബുർഗ്, ലിലെ നഗരങ്ങളിൽ പ്രക്ഷോഭം ശക്തമാണ്.
ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടി മതിയാക്കി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫ്രാൻസിൽ മടങ്ങിയെത്തിയിട്ടുണ്ട്. അടിയന്തര മന്ത്രിസഭാ യോഗത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മാക്രോൺ പങ്കെടുത്തു. കലാപം രൂക്ഷമാക്കുന്നത് സാമൂഹിക മാധ്യമങ്ങളാണെന്ന് കുറ്റപ്പെടുത്തിയ മക്രോൺ സമൂഹമാധ്യമങ്ങളെ കർശനമായി നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.
വാഹന പരിശോധനയ്ക്കിടെയാണ് വാഹനം ഓടിച്ചിരുന്ന നയെലിന് വെടിയേറ്റത്. അള്‍ജീരിയന്‍–മൊറോക്കന്‍ വംശജനായ നയെല്‍ എന്ന പതിനേഴുകാരനെയാണ് പൊലിസ് അകാരണമായി വെടിവെച്ച് കൊന്നത്. പൊലിസിന് നേരെ നയെല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. ട്രാഫിക് സിഗ്നലിന് സമീപം പൊലിസ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോയതിനാണ് യുവാവിന്റെ നെഞ്ചിൽ വെടിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."