ഏക സിവിൽ കോഡ്: ഒരു മത വിശ്വാസികൾക്കും ഉൾകൊള്ളാൻ കഴിയാത്തത്, ഇന്ത്യയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളും: എസ് ഐ സി
റിയാദ്: ഏക സിവിൽ കോഡ് മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുന്നതാണെന്നും ഇത് കൊണ്ട് വരാനുള്ള നീക്കം അപലപനീയം ആണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി. നാനാ ജാതി വിശ്വാസികൾ അവരുടെ വിശ്വാസം പാലിച്ച് ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അപ്രയോഗികം ആണെന്നും നിർബന്ധപൂർവ്വം ഏകസിവിൽ കോഡ് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമം നടത്തുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി ജനാധിപത്യ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. എന്നാൽ, ഏക സിവിൽ കോഡ് ഇതിനെതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളിൽ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല. ഓരോ മതങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. അതിനാൽ മറ്റു മതങ്ങൾക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നും ജനാധിപത്യ വിശ്വാസികൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അഖണ്ഡത ഊട്ടി ഉറപ്പിക്കാൻ ഒരുമിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന നീക്കങ്ങൾ വിജയിപ്പിക്കാൻ ഏവരും കർമ്മ രംഗത്തിറങ്ങണം. സമസ്തയുടെ ആഹ്വാനം വിജയിപ്പിക്കാൻ വേണ്ട പദ്ധതികൾ കൈകൊള്ളാൻ, നാഷണൽ തലത്തിലും നടപടികൾ കൈകൊള്ളാൻ പ്രവിശ്യ, സെൻട്രൽ കമ്മിറ്റി കൾക്ക് നിർദേശം നൽകിയതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി ജിദ്ദ, ജനറൽ സിക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ട്രഷറർ ഇബ്‌റാഹീം ഓമശേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."