HOME
DETAILS
MAL
മുഹര്‍റം അശുഭമുഹൂര്‍ത്തമല്ല
backup
July 26 2023 | 14:07 PM
ഇസ്‌ലാമിക കലണ്ടറില്‍ ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത് മുഹര്‍റം മാസം മുതല്‍ക്കാണ്. ഹിജ്‌റ നടന്നത് റബീഉല്‍ അവ്വല്‍ ആദ്യവാരത്തില്‍. ഉമര്‍(റ)വിന്റെ ഭരണകാലത്താണ് ഹിജ്‌റ കലണ്ടറിന്റെ തുടക്കം. ഖുര്‍ആനിന്റെ 81 ന്റെ അധ്യായത്തില്‍ രണ്ടാം വചനത്തില്‍ പത്ത് രാത്രികളെ അല്ലാഹു സത്യത്തിന് ഉപയോഗിച്ചിട്ടുണ്ട്. ആ പത്ത് ദിനം മുഹര്‍റമാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളാണെന്ന് ഖുര്‍ആന്‍വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു സത്യത്തിന് ഉപയോഗിച്ച ദിനരാത്രങ്ങള്‍ മഹത്വമുള്ളതാണ്. സത്യത്തിന്റെയും ധര്‍മത്തിന്റെയും വിജയമായിരുന്നു മുഹര്‍റത്തിലെ ആദ്യപത്ത്.
ആദം നബി ഭൂമിയിലേക്ക് വന്നത്, മഴ ആദ്യം വര്‍ഷിച്ചത്, പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്, നൂഹ് നബി(അ) യുടെ കാലത്തെ പ്രളയം, അയ്യൂബ് നബി(അ)യുടെ രോഗശമനം, ഇബ്‌റാഹീം നബി(അ)യുടെ അഗ്നി പരീക്ഷണം, മൂസാനബി(അ)യുടെ ചെങ്കടല്‍ യാത്ര, ഈസാനബി (അ) വാനലോകത്തേക്ക് ഉയര്‍ന്നത് തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് മുഹര്‍റം പത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ചില ചരിത്ര രേഖകളില്‍ കാണാം.
മുഹര്‍റം മാസത്തിലെ പത്ത് ദിവസം പിന്നെങ്ങനെയാണ് ദുശകുനത്തിന്റെയും അവലക്ഷണത്തിന്റെയും അവസരങ്ങളായിത്തീരുക? ഈ ചിന്താധാര തികച്ചും അടിസ്ഥാന രഹിതവും പ്രമാണബന്ധിതമല്ലാത്തതുമാണ്. ഈ സംഭവങ്ങളില്‍ കാണുന്ന അപജയങ്ങളെല്ലാം ദൈവനിഷേധികള്‍ക്കും ധിക്കാരികള്‍ക്കും ലഭിച്ച പതനങ്ങളാണ്. നഹ്‌സുകളെല്ലാം ശത്രുക്കള്‍ക്കുണ്ടായത്. ഇമാം നവവിയെപോലുള്ള ധിഷണാ ശാലികള്‍ ഇതുവ്യക്തമാക്കിയിട്ടുണ്ട്.
കര്‍ബലയില്‍ നടന്ന കദനിക്കുന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തി ചില ആചാരങ്ങള്‍ മുഹര്‍റം ഒന്ന് മുതല്‍ ശീഇകള്‍ ആചരിക്കാറുണ്ട്. ഈ ദിനങ്ങളില്‍ പ്രത്യേകമായി സുറുമയിടുക, വെള്ളം വിതരണം ചെയ്യുക, കറുത്ത വസ്ത്രം ധരിക്കുക, അഞ്ച് വിരലിന്റെ ചിത്രം തൂക്കുക, തീയില്‍ ചാടുക, നെഞ്ചത്തടിക്കുക തുടങ്ങിയവ അതില്‍ പെട്ടതാണ്. ഇതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ശീഈ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുഹര്‍റത്തിലെ ആചാരങ്ങളായി ഇതെല്ലാം നടക്കുന്നുണ്ട്. മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ പട്ടണങ്ങളില്‍ മുഹര്‍റം ആഘോഷം ദേശീയ നിലവാരത്തിലാണ് ആഘോഷിച്ചുവരുന്നത്. ശീഈ വിഭാഗമാണ് ഇതിന് മുന്‍നിരയില്‍. ലോക ജനസംഖ്യയില്‍ അവര്‍ പത്ത് കോടിയോളം വരും.
ആശൂറാ ദിനത്തിലെ നോമ്പ് ജൂതന്മാരുടെ കള്ളച്ചരക്കാണ്, ഇസ്‌ലാമിലേക്ക് വന്ന ജൂതന്മാര്‍ തിരുകികയറ്റിയതാണെന്ന് ഓറിയന്റലിസ്റ്റുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇതൊന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അജ്ഞാന കാലത്ത് (ജാഹിലിയ്യാ കാലം) തന്നെ അറബികള്‍ മുഹര്‍റമാസത്തെ ആദരിച്ചിരുന്നു. ഈ മാസത്തില്‍ അവര്‍ യുദ്ധം ചെയ്തിരുന്നില്ല. ഈ പവിത്രത പില്‍ക്കാലത്ത് ഇസ്‌ലാമും അംഗീകരിച്ചു. ആഇശ (റ) പറയുന്നു: 'ഖുറൈശികള്‍ ഇസ്‌ലാമിന് മുന്‍പ് തന്നെ മുഹര്‍റം പത്തിന് നോമ്പെടുക്കാറുണ്ടായിരുന്നു.നബി(സ്വ) യും നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ്വ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അവിടെനിന്നും ഈ നോമ്പെടുത്തിരുന്നു.
റമദാന്‍ നോമ്പ് നിര്‍ബന്ധമായപ്പോള്‍ ഇഷ്ടമുള്ളവര്‍ ആശൂറാ നോമ്പെടുക്കട്ടെ, അല്ലാത്തവര്‍ ഉപേക്ഷിക്കട്ടെ എന്ന് പ്രവാചകര്‍ (സ്വ) അരുളി'. (മുസ്‌ലിം).
റമദാനിലെ നോമ്പിന് മുമ്പ് ആശൂറാ നോമ്പ് നിര്‍ബന്ധമായിരുന്നോ അതോ സുന്നത്തോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്ന വീക്ഷണമുണ്ട്. റമദാന്‍ നോമ്പ് നിര്‍ബന്ധമായപ്പോള്‍ ആശൂറാ നോമ്പ് ഇഷ്ടമുള്ളവര്‍ക്ക് എടുക്കാന്‍ നബി (സ്വ) അനുവാദം നല്‍കിയെന്ന് താല്‍പര്യം. മദീനയിലെ താമസത്തിനിടയില്‍ ജൂതന്മാര്‍ ആശൂറാ ദിനത്തില്‍ നോമ്പെടുക്കുന്നത് അറിയാനിടവന്നു. നബി(സ്വ) ഇവരോട് അതിനെപറ്റി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹു മൂസാനബി(അ) യെയും വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ശത്രുവായ ഫിര്‍ഔനിനെയും അനുയായികളെയും ചെങ്കടലിന്റെ ആഴത്തിലേക്ക് ആഴ്ത്തി നശിപ്പിക്കുകയും ചെയ്ത ദിനമാണിത്. അതിനെ ബഹുമാനിച്ചുകൊണ്ട് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു'.
അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'മൂസാനബിയോട് നിങ്ങളേക്കാള്‍ ബന്ധം ഞങ്ങള്‍ക്കാണ്. ആ ദിവസം നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു' (മുസ്‌ലിം). ഇത് മൂലം ഞങ്ങള്‍ ജൂതന്മാരോട് സദൃശ്യം പുലര്‍ത്തുമല്ലോ എന്ന് സ്വഹാബികള്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. അപ്പോള്‍ നബി((സ്വ) പറഞ്ഞു: അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരുന്നാല്‍ ഒന്‍പതിനും (താസൂആ) നോമ്പെടുക്കും. എന്നാല്‍ അടുത്ത മുഹര്‍റത്തിനു മുന്‍പ് തന്നെ അവിടുന്ന് വഫാത്തായി (മുസ്‌ലിം).
ആശൂറാ നോമ്പിനെ പറ്റി ഇബ്‌നു അബ്ബാസ്(റ) വിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റ മറുപടി ഇങ്ങനെയായിരുന്നു: 'മുഹര്‍റം പത്തിന് മറ്റു മാസങ്ങളേക്കാള്‍ ശ്രേഷ്ഠത ഉണ്ടെന്ന നിലക്ക് മുഹര്‍റം പത്തിലും റമദാനിലുമല്ലാതെ മറ്റൊരു ദിവസത്തിലും ഇത്രയും ശ്രേഷ്ഠത പരിഗണിച്ചു നോമ്പ് നോറ്റതായി എനിക്കറിയില്ല'. (മുസ്‌ലിം).
''ജൂതന്മാര്‍ ചെയ്യുന്നത് അപ്പടി പകര്‍ത്തുകയല്ല പ്രവാചകന്‍ ചെയ്തത്. ആ നോമ്പ് മക്കയില്‍ വച്ചു തന്നെ പതിവുള്ളതായിരുന്നു. മദീനയില്‍ വന്നപ്പോള്‍ സുന്നത്തായി അനുഷ്ഠിക്കാന്‍ സ്വഹാബത്തിനെ ഉപദേശിച്ചു.
ജൂതന്മാര്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ടപ്പോള്‍ കാരണമാരാഞ്ഞുവെന്ന് മാത്രം. ഈ കാര്യം നബി(സ്വ) ക്ക് മുന്‍പ് തന്നെ അറിയാമായിരുന്നു. നിങ്ങളേക്കാള്‍ മൂസാനബി(അ)നോട് ബന്ധം ഞങ്ങള്‍ക്കാണെന്ന് നബി(സ്വ) അവരെ ബോധ്യപ്പെടുത്തുകയും നന്മയുടെ കാര്യത്തില്‍ അവരേക്കാള്‍ മുന്‍പന്തിയിലാകാന്‍ താസൂആ നോമ്പ് അനുഷ്ഠിക്കാന്‍ സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ വിമര്‍ശകരുടെ മൂര്‍ച്ച ഇല്ലാതായി''. ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ പ്രശസ്ത ഇന്ത്യന്‍ മുഹദ്ദിസായ ശാഹ് വലിയുല്ലാഹി ദഹ്‌ലവി വിശദീകരിച്ചതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."