ഭരണഘടനയ്ക്ക് ബദലായി മനുസ്മൃതി സ്ഥാപിക്കുന്നു
ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ പറയുന്ന ഏകീകൃത സിവിൽകോഡ് വേണോ വേണ്ടയോ എന്നതേയല്ല സംഘ്പരിവാർ ഇപ്പോഴിത് ചർച്ചയാക്കുന്നതിനു പിന്നിലെ അജൻഡ. ഭരണഘടനയിൽ പറയുന്ന പൊതു സിവിൽ നിയമമല്ല, സംഘ്പരിവാറിന്റെ മനസിലുള്ള പൊതു സിവിൽ നിയമം. അത് മനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണ്. അതാകട്ടെ, സംഘ്പരിവാർ പണ്ടുതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഭരണഘടന ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽത്തന്നെ ഇന്നത്തെ സംഘ്പരിവാറിന്റെ പൂർവ രാഷ്ട്രീയരൂപം അവരുടെ പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്;
ഭരണഘടന രൂപപ്പെടുത്താൻ മാതൃക തേടി വിദേശ രാഷ്ട്രങ്ങളിലേക്കൊന്നും പോകേണ്ടതില്ല, നമ്മുടെ സ്വന്തം ബ്ലൂ പ്രിന്റ് ഇക്കാര്യത്തിൽ മുമ്പിലുണ്ട്, അതു മനുസ്മൃതിയാണ്'- ഇതായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീട് 1950 ഓടെ ഭരണഘടന രൂപപ്പെട്ടപ്പോഴോ? ആ ഭരണഘടനയെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നു പറയാനും അവർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഭരണഘടനയെ അക്ഷരത്തിലും അർഥത്തിലും തള്ളിപ്പറയുന്നവർ ഭരണഘടനയിലെ ഏതോ ഒരു കാര്യം നടപ്പാക്കാനിറങ്ങിയിരിക്കുകയാണ് എന്ന തെറ്റിദ്ധാരണയൊന്നും ആർക്കും വേണ്ട. അവർക്കു ഭരണഘടന മനുസ്മൃതിയാണ്. അതിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ സാമൂഹികഘടനയെ പുനഃക്രമീകരിക്കുകയാണ് അവർക്കു വേണ്ടത്.
സംഘ്പരിവാർ നമ്മുടെ ഭരണഘടനയെത്തന്നെ അംഗീകരിക്കുന്നില്ല. പിന്നെയല്ലേ, അതിലെ നിർദേശക തത്വങ്ങളും സിവിൽകോഡും. അവർ എപ്പോഴും നടത്തുന്നത് ഭരണഘടനയ്ക്കെതിരായ നീക്കമാണ്. ഇൗ നീക്കങ്ങളുടെ, കടന്നാക്രമണങ്ങളുടെ പട്ടികയിലെ ഒന്നു മാത്രമാണ് ഏക സിവിൽകോഡ്. അതല്ലാതെ, ഭരണഘടനയിലെ നിർദേശക തത്വങ്ങളിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം നടപ്പാക്കിയെടുക്കാനോ ഭരണഘടനയെ ശക്തിപ്പെടുത്താനോ ഒന്നും ഉള്ളതല്ല അവരുടെ നീക്കങ്ങൾ. ശരീഅത്തോ മുസ്ലിം വ്യക്തിനിയമമോ ഭരണഘടനയോ ഒന്നുമല്ല, ഇവരുടെ ചർച്ചയുടെ ഫോക്കസ്. ഒരു ഹിന്ദുവർഗീയ ചാതുർവർണ്യ നിയമത്തിൽ എല്ലാ ഇതര മതക്കാരെയും ഞെരിച്ചമർത്തുക എന്നതുമാത്രമാണ്.
2025 ൽ ആർ.എസ്.എസ് ശതാബ്ദിയാണ്. അപ്പോഴേക്കു ചെയ്തു തീർക്കേണ്ട മൂന്നു കാര്യങ്ങൾ ഇവർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലികളും ഇടകലർന്നു ജീവിക്കുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകങ്ങളെ ഒക്കെയും തകർക്കുക എന്നതാണത്. ആ മതനിരപേക്ഷ പ്രതീകങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദ്. അതു തകർത്തു. കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയലായിരുന്നു രണ്ടാമത്തേത്. അതു ചെയ്ത് കശ്മിരിനെ ഖണ്ഡങ്ങളാക്കി. മൂന്നാമത്തേത്, ഭരണഘടനയെ മനുസ്മൃതികൊണ്ട് പകരംവയ്ക്കുക എന്നതാണ്. ആ നിലയ്ക്ക് ഭരണഘടനയ്ക്കെതിരായ കടന്നാക്രമണം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള വ്യഗ്രതയിലാണ് അവരിപ്പോൾ.
ഇവിടെ ഉണ്ടായിരുന്നതും ലോകത്തിന്റെ പല പ്രദേശങ്ങളിൽനിന്ന് പല ഘട്ടങ്ങളിലായി ഇവിടെ വന്നുചേർന്നതുമായ വിവിധ സംസ്കാരങ്ങൾ അടങ്ങിയതാണ് ഇന്നത്തെ ഇന്ത്യൻ സമൂഹം. ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ ആ യാഥാർഥ്യം ഉൾക്കൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത രൂപപ്പെട്ടുവന്നത്.
ഉൾച്ചേർക്കലിൽ അടിസ്ഥാനമായ ആ കാഴ്ചപ്പാടാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത. ഇൗ കാഴ്ചപ്പാടിനെ ദൃഢപ്പെടുത്തുന്ന വിധത്തിലാണ് ഇന്ത്യൻ ഭരണഘടനയിൽ വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയുമൊക്കെ ഉൾക്കൊള്ളുന്നതും അവയ്ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുമായ സമീപനം കൈക്കൊള്ളുന്നതും.
ഇത്തരമൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ 21ാം ഭാഗത്തിൽ ചില പ്രത്യേക വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ടവയാണ് 370ാം വകുപ്പും 371ാം വകുപ്പും 371 എ മുതൽ ഐ വരെയുള്ള വകുപ്പുകളും. അവയിൽ ജമ്മു കശ്മിരിനു ബാധകമായിരുന്ന 370ാം വകുപ്പിനെ ഇപ്പോഴത്തെ കേന്ദ്രസർക്കാർ അസാധുവാക്കിയ നടപടി നമ്മുടെ എല്ലാവരുടെയും ഓർമയിലുണ്ട്. ഇപ്പോൾ ഏക സിവിൽകോഡിന് വാദിക്കുന്നവർ തന്നെയാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ ന്യായീകരിക്കുന്നതിന് മുന്നിൽ നിന്നത്. ഇന്ത്യയുടെ ഏകീകരണത്തിന് ഉപകരിക്കും എന്നു പറഞ്ഞ് അതിനെ സ്വാഗതം ചെയ്ത സംഘ്പരിവാർ ഇതര രാഷ്ട്രീയ ശക്തികൾക്കുപോലും, തങ്ങളുടെ സംസ്ഥാനങ്ങളിൽ സമാനമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ തുടങ്ങിയതോടെ അതിന്റെ ആപത്ത് മനസിലായി.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ആദിവാസി ജനവിഭാഗങ്ങൾക്കായി ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകൾ രൂപീകൃതമായിട്ടുണ്ട്. അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ 4 സംസ്ഥാനങ്ങളിലായി 10 ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകളാണ് നിലവിലുള്ളത്. ഏക സിവിൽകോഡ് വേണമെന്നു പറയുന്നവർ ഭരണഘടനാപരമായ ഈ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകൾ വേണ്ട എന്നു പറയുമോ? അത് യാഥാർഥ്യമായാൽ ആദിവാസികളുടെ ഭൂമിയും അതിലെ വിഭവങ്ങളും വേണം. എന്നാൽ അവരുടെ ജീവിതരീതികളും ഭക്ഷണക്രമവും അംഗീകരിക്കാനാവില്ല എന്ന പിന്തിരിപ്പൻ കാഴ്ചപ്പാട് മാറുമോ?
അതോടെ ദലിതർക്കും ആദിവാസികൾക്കും പിന്നോക്കക്കാർക്കും എല്ലാം ആരാധനാലയങ്ങളിൽ കയറാനും പ്രാർഥനകൾ നടത്താനും അതിന് നേതൃത്വം കൊടുക്കാനുമൊക്കെ കഴിയുമോ? ഏക സിവിൽകോഡ് യാഥാർഥ്യമായാൽ വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള ആദിവാസികളുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും പ്രാതിനിധ്യക്കുറവ് പരിഹരിക്കപ്പെടുമോ? അതോടെ തൊഴിലിന്റെയും വസ്ത്രത്തിന്റെയും ജീവിത പങ്കാളിയുടെയുമൊക്കെ പേരിൽ ദലിതർ അക്രമിക്കപ്പെടാതിരിക്കുമോ? അതോടെ ഖാപ് പഞ്ചായത്തുകളെ ഇല്ലാതാക്കുമോ? അതോടെ പിന്തുടർച്ച, രക്ഷാകർതൃത്വം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഹിന്ദു സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം ഇല്ലാതാകുമോ?
സച്ചാർ കമ്മിറ്റി നിർദേശിച്ച തുല്യ അവസര കമ്മിഷൻ ഇനിയും യാഥാർഥ്യമായിട്ടില്ല. സംവരണം ഉൾപ്പെടെയുള്ള രംഗനാഥ് മിശ്ര കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കിയിട്ടില്ല. ഇതൊക്കെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ഇടയിൽ തുല്യത ഉറപ്പുവരുത്താൻ ഉപകരിക്കുന്ന നിർദേശങ്ങളും ശുപാർശകളുമാണ്. എന്നാൽ ഇവയിലേക്കൊന്നും കടക്കാതെ നേരെ ഏകീകരണം എന്ന മുദ്രാവാക്യവുമായി ഇറങ്ങിയിരിക്കുകയാണ്. സിവിൽ നിയമങ്ങൾ ഏകീകരിക്കണം എന്നു പറയുന്നവർ തന്നെയാണ് മുസ്ലിം സമുദായത്തിലെ വിവാഹമോചനത്തെ മാത്രം ക്രിമിനൽ കുറ്റമാക്കി മാറ്റിയതെന്ന് നാം ഓർക്കണം. നിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാകണം എന്നു പറയുന്ന ഇതേ ആളുകളാണ് എല്ലാവർക്കും ഒരേ പോലെ പൗരത്വം കൊടുക്കാൻ കഴിയില്ല എന്നു പറയുന്നത്.
നിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാക്കുന്നതോടെ ഗുജറാത്തിലും മുസഫർനഗറിലും നടന്നത് ഇനിയൊരിക്കലും നടക്കാതിരിക്കുമോ? അതോടെ കണ്ഡമാലും മണിപ്പൂരും ആവർത്തിക്കാതിരിക്കുമോ? ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാതലായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനോ അവ പരിഹരിക്കുന്നതിനോ വേണ്ട ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളുന്നില്ല. അതേസമയം, ഏക സിവിൽകോഡ് എന്നു പറഞ്ഞ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് സംഘ്പരിവാറും ആജ്ഞാനുവർത്തികളായി അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ശ്രമിക്കുന്നത്.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പുകൾ ആസന്നമാകുന്ന ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങളാണ് നടത്തപ്പെടുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അഴിമതി, കള്ളപ്പണം, വിലക്കയറ്റം, സ്ത്രീ സുരക്ഷ അങ്ങനെ പലതിനെയും കുറിച്ച് ബി.ജെ.പി പറഞ്ഞിരുന്നു. എന്നാൽ, ഇതൊക്കെ പരിഹരിക്കാൻ എന്തു ചെയ്തെന്ന് പറയാൻ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരിക്കൽപോലും ബി.ജെ.പി മുതിർന്നില്ല. അന്നവർ തീവ്രവാദത്തെക്കുറിച്ചും ദേശസുരക്ഷയെക്കുറിച്ചുമൊക്കെ പറഞ്ഞു. ഇനി 2024 ൽ അവർ അതിനെക്കുറിച്ച് മിണ്ടില്ല എന്നു നമുക്കെല്ലാം അറിയാം. കാരണം, ഭീകരാക്രമണങ്ങൾ ഇപ്പോഴും ഉണ്ടാകുന്നു. ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നു.
രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റിക്കാനുള്ള ഉപായം കൂടിയാണ് അവർക്ക് പൊതു സിവിൽകോഡ്. നിരവധി മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. അവയൊക്കെ ഉൾക്കൊള്ളാനാണ് ഫെഡറൽ ഘടനയുള്ള മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഭരണഘടനയിൽ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത്.
ആ മൂല്യങ്ങളിൽ ഏതിനെതിരേ നീങ്ങിയാലും അത് ഭരണഘടനയ്ക്കെതിരായ നീക്കമാണ്. സംഘ്പരിവാറാകട്ടെ അവയിൽ എല്ലാത്തിനും എതിരായ നീക്കങ്ങളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ അത്തരം എല്ലാ നീക്കങ്ങൾക്കുമെതിരേ തികഞ്ഞ ജാഗ്രതയോടെയുള്ള പ്രതിരോധമാണ് ഈ ഘട്ടത്തിൽ ആവശ്യമായിട്ടുള്ളത്. കേരളമാകെ അത്തരത്തിലുള്ള ജാഗ്രത പുലർത്തുന്നുണ്ട്. ഇന്ത്യയിലാകെയുള്ള ജനാധിപത്യ മതനിരപേക്ഷവാദികൾ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
Content Highlights:Today's Article aug 09 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."