ചികിത്സാ ക്രമീകരണത്തില്‍ മെഡിക്കല്‍ കോളജിന് അഭിനന്ദനം
തിരുവനന്തപുരം: പുറ്റിങ്ങല്‍ ദുരന്തസമയത്ത് ക്രിയാത്മകമായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനെ ഡല്‍ഹിയില്‍ വച്ചു നടന്ന വേള്‍ഡ് ട്രോമ കോണ്‍ഗ്രസ് അഭിനന്ദിച്ചു.
എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും മരണനിരക്ക് കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞതും മുന്‍നിര്‍ത്തിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേകം അഭിനന്ദിച്ചത്.
സാധാരണ പൊള്ളല്‍ പോലെയുള്ള അപകടങ്ങളില്‍ ആദ്യത്തെ ദിവസത്തേക്കാള്‍ പിന്നീടുള്ള ദിവസങ്ങളിലാണ് മരണ സംഖ്യ കൂടുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സമൂലം പിന്നീടുള്ള ദിവസങ്ങളിലെ മരണ നിരക്ക് കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി വേള്‍ഡ് ട്രോമ കോണ്‍ഗ്രസ് വിലയിരുത്തി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എത്തിയ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ്, മിലിറ്ററി, എയര്‍ഫോഴ്‌സ്, കൊച്ചിയിലെ അമൃത, കോയമ്പത്തൂരിലെ ഗംഗ എന്നീ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടത്തെ സംഘം ഏകോപിച്ചതിനേയും കോണ്‍ഗ്രസ് പ്രകീര്‍ത്തിച്ചു. പുറ്റിങ്ങല്‍ സംഭവം മെഡിക്കല്‍ കോളജ് കൈകാര്യം ചെയ്തതിനെപ്പറ്റിയുള്ള പ്രബന്ധം പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. പ്രേംലാലും പോസ്റ്റര്‍ പ്രസന്റേഷന്‍ അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അനില്‍ സത്യദാസും വേള്‍ഡ് ട്രോമ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."