സി.പി.എമ്മുമായി ഇടഞ്ഞുതന്നെ; വി. കുഞ്ഞികൃഷ്ണൻ കർഷകസംഘം സമ്മേളനം ബഹിഷ്‌കരിച്ചു
സ്വന്തം ലേഖകൻ
കണ്ണൂർ • പയ്യന്നൂർ സി.പി.എമ്മിലെ ഫണ്ട് തിരിമറി വിവാദത്തെ തുടർന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്ണൻ താൻ പ്രസിഡന്റായിരിക്കുന്ന കേരള കർഷകസംഘത്തിന്റെ പയ്യന്നൂർ ഏരിയാ സമ്മേളനം ബഹിഷ്‌ക്കരിച്ചു.
ഫണ്ട് തിരിമറി വിവാദത്തിൽ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. സ്വന്തം നാടായ വെള്ളൂരിൽ നടന്ന കേരള കർഷകസംഘം ഏരിയാ സമ്മേളനം ബഹിഷ്‌ക്കരിച്ച അദ്ദേഹം, തുടർന്ന് വരാനിരിക്കുന്ന സി.പി.എമ്മിന്റെയും വർഗ,ബഹുജന സംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.
മൂന്ന് വർഷം മുമ്പ് കർഷകസംഘം ഏരിയാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞികൃഷ്ണൻ സംഘടനയുടെ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. കർഷക സംഘത്തിന്റെ പയ്യന്നൂർ ഏരിയാ പ്രസിഡന്റായും സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായും പ്രവർത്തിക്കുന്നതിനിടെയാണ് ഫണ്ട് തിരിമറി വിവാദം ഉണ്ടാകുന്നത്. വിവാദത്തിൽ ടി.ഐ മധുസൂദനൻ എം.എൽ.എയടക്കമുള്ളവർക്കെതിരേ സി.പി.എം നടപടിയെടുത്തിരുന്നു. വി. കുഞ്ഞികൃഷ്ണനുമായി നേതാക്കളായ എം.വി ജയരാജൻ, പി. ജയരാജൻ, ടി.വി രാജേഷ് എന്നിവർ നടത്തിയ അനുനയനീക്കം ഫലം കണ്ടില്ല. നിലവിൽ സി.പി.എം പയ്യന്നൂർ ഏരിയാകമ്മിറ്റിയംഗമായ കുഞ്ഞികൃഷ്ണൻ പക്ഷെ, യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ല. ശനി, ഞായർ ദിവസങ്ങളിലായി വെള്ളൂർ ചന്തൻ സ്മാരക ഹാളിലാണ് കർഷകസംഘം സമ്മേളനം നടന്നത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ടി.ഐ മധുസൂദനൻ എം.എൽ.എ, മുൻ എം.എൽ.എ സി.കൃഷ്ണൻ, വി. നാരായണൻ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റായ വി. കുഞ്ഞികൃഷ്ണൻ ബഹിഷ്‌ക്കരിച്ചതിനാൽ വൈസ് പ്രസിഡന്റ് ടി.കെ സുരേന്ദ്രനാണ് സമ്മേളന നഗരിയിൽ പതാക ഉയർത്തിയത്. ഏരിയാ പ്രസിഡന്റ് സമ്മേളനത്തിൽ പങ്കെടുക്കാത്തത് സമ്മേളനത്തിൽ ചൂടേറിയ ചർച്ചയായി. സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത് പാർട്ടിയെ ബഹിഷ്‌ക്കരിക്കലാണെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടപ്പോൾ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും ചർച്ചയിൽ വാദമുയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."