മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
കണ്ണൂര്‍: പഴയകാല പത്രപ്രവര്‍ത്തകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അല്പം മുമ്പായിരുന്നു കണ്ണൂര്‍ നാറാത്തെ വീട്ടില്‍ അന്തരിച്ചത്.
കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പി.കൃഷ്ണപിള്ള, ഏ.കെ.ജി തുടങ്ങിയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.
വിദ്യാര്‍ഥിയായിരിക്കേ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാര്‍ട്ടി നേതാക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി കൊണ്ടുപോകുന്ന ചുമതലയായിരുന്നു അദ്ദേഹം നിര്‍വ്വഹിച്ചിരുന്നത്.
വര്‍ഷങ്ങളായി സി.പി.എമ്മിലെ തെറ്റായ നയങ്ങളെ എതിര്‍ത്തിരുന്നു. ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനു വഴിവെച്ചു. സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇത്പാര്ട്ടിക്കകത്ത് ഏറെ വിവാദങ്ങള്‍ക്കു കാരണമായി. എം.എന്‍ വിജയനെപ്പോലെ ഇദ്ദേഹത്തെയും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആള് എന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്.
ദീര്‍ഘകാലം ജര്‍മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി. പക്ഷേ 2005 മാര്‍ച്ച് മൂന്നിനു അദ്ദേഹത്തിന്റെ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ മേല്‍കമ്മിറ്റി തീരുമാനപ്രകാരം അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. 2015ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. അദ്ദേഹം തന്നെ ഔദ്യോഗികപക്ഷമാണ് ശരിയെന്നു തിരുത്തുകയും ചെയ്തിരുന്നു.
ബെര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
സാര്‍വ്വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. കിഴക്കന്‍ ജര്‍മ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."