വിവാദങ്ങള്‍ ബാക്കി; പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍ നീട്ടിയത്.
നിലവില്‍ കേരള വര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ലഭിച്ചാല്‍ പ്രിയയ്ക്ക് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ നിയമനം കിട്ടും. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയയെ തെരഞ്ഞെടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഒന്നാം റാങ്ക് നല്‍കിയെങ്കിലും ഇത് വരെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തില്‍ നേരത്തെ തന്നെ പരാതി ഉയര്‍ന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് നേരത്തെ ആക്ഷേപമുയര്‍ന്നത്. ഗവേഷണ ബിരുദവും എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2012ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വര്‍ഗീസ് സര്‍വീസിലിരിക്കെ മൂന്നു വര്‍ഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സര്‍വിസില്‍ തിരിച്ചുകയറുന്നത്.
പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വി.സിയോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരിക്കുന്നത്.
പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു ജി സി റെഗുലേഷന്‍ പൂര്‍ണമായും അവഗണിച്ച് പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."