ഈ ചാട്ടം അഞ്ചാം തവണ; ആര്‍.ജെ.ഡി, നിതീഷിനെ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാകുമോ?
പട്‌ന: അഞ്ചുവര്‍ഷം നീണ്ടുനിന്ന എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഞ്ചാമത്തെ കാലുമാറ്റത്തിനാണ് നിതീഷ് സന്നദ്ധനാകുന്നത്. ഇനി ആര്‍ജെഡിയുടെ കൂടെയാണ്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍നിന്ന് നിതീഷ് വിട്ടുനിന്നത് മുതല്‍ ജെഡിയു എന്‍ഡിഎയില്‍നിന്ന് പുറത്തു പോകുന്നുവെന്ന സൂചനകളായിരുന്നു. നിതീഷ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന ആര്‍ജെഡി ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരിയുടെ പ്രസ്താവനയും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
നിതീഷ് കുമാറിന്റെ മറുകണ്ടം ചാടലുകള്‍ പലതവണ കണ്ട ബിഹാര്‍ രാഷ്ട്രീയം, ഈ മാറ്റത്തില്‍ അത്ഭുതപ്പെടുന്നുണ്ടാകില്ല. ഏഴ് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ്, നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് തോന്നിയപ്പോഴെല്ലാം പലതവണ കളം മാറ്റിച്ചവിട്ടുകയാണുണ്ടായത്.
1994ലാണ് ആദ്യമായി നിതീഷ് കുമാര്‍ കൂട്ടുകെട്ടുകള്‍ പൊട്ടിച്ചു പുറത്തുവരുന്നത്. ലാലു പ്രസാദ് യാദവുമായി തെറ്റി ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപീകരിച്ചു. 1996ല്‍ ബി.ജെ.പിയുമായി കൂട്ടുകൂടിയ നിതീഷ്, വാജ്‌പെയ് സര്‍ക്കാരില്‍ മന്ത്രിയായി. അതേവര്‍ഷം തന്നെ ലാലു പ്രസാദ് യാദവ് ആര്‍ജെഡി രൂപീകരിച്ചതോടെ രണ്ട് ജനതാ പാര്‍ട്ടികള്‍ തമ്മിലായി ബിഹാറില്‍ പോര്. 2000ലാണ് നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അന്ന് എന്‍ഡിഎയ്‌ക്കൊപ്പമായിരുന്നു സമതാ പാര്‍ട്ടി. എന്‍ഡിഎയ്ക്ക് 151 സീറ്റ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 159.
കേവലഭൂരിപക്ഷമായ 163 സീറ്റ് തികയ്ക്കാന്‍ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചു. 2003ല്‍ ശരദ് യാദവിന്റെ ജനതാ ദളുമായി സമതാ പാര്‍ട്ടി ലയിക്കുകയും ജെഡിയു രൂപീകരിക്കുകയും ചെയ്തു. എന്‍ഡിഎയ്‌ക്കൊപ്പമായിരുന്നു കുമാര്‍ നിലയുറപ്പിച്ചത്. അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2010ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം നിന്ന ജനതാദള്‍, അധികാരത്തിലെത്തുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
2013ല്‍ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയുമായി 17 വര്‍ഷം നീണ്ടുനിന്ന സഖ്യം നിതീഷ് അവസാനിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നെങ്കിലും 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. 2015ല്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി.
2017ല്‍ ആര്‍ജെഡിയുമായുള്ള പാലംവലിച്ച് വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തി. 2020ലെ തെരഞ്ഞെടുപ്പില്‍ പക്ഷേ നിതീഷ് കുമാറിന് കാലിടറി. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെജഡി 76 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി 77 സീറ്റ് നേടി. 45 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നിതീഷിനെ തന്നെ എന്‍ഡിഎ മുഖ്യമന്ത്രിയാക്കി. എന്നാല്‍, 2017 മുതല്‍ നിലനിന്നിരുന്ന ബി.ജെ.പിയും ജെ.ഡി.യും തമ്മിലുള്ള അധികാര വടംവലി സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കടുത്തു. ജെ.ഡി.യു എംഎല്‍എമാരെ ബി.ജെ.പി ചാക്കിലാക്കാന്‍ ശ്രമം ആരംഭിച്ചെന്ന സംശയം ബലപ്പെട്ടതോടെയാണ് പഴയ 'സോഷ്യലിസ്റ്റ് ചേരിയിലേക്ക്' മടങ്ങാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചത്.
ഒരിക്കല്‍പ്പോലും ബി.ജെ.പിയ്‌ക്കൊപ്പം നിന്നിട്ടില്ലാത്ത ലാലു പ്രസാദിന്റെ ആര്‍.ജെ.ഡി, നിതീഷിനെ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നിരുന്നാലും നാല്‍പ്പത് ലോക്‌സഭ സീറ്റുള്ള ബിഹാറില്‍ എന്‍ഡിഎയെ അധികാരത്തിന് പുറത്തുനിര്‍ത്തുക എന്നതിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണാതിരുന്നുകൂടാ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."