മനോരമ വധം: ആദം അലി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ, കത്തികൊണ്ട് കഴുത്തില്‍ കുത്തി, ശ്വാസം മുട്ടിച്ചു
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലി കുറ്റം സമ്മതിച്ചതായി പൊലിസ്. മോഷണശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും ആദം അലിയുടെ സുഹൃത്തുക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും തിരുവനന്തപുരം പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
മനോരമയുടെ ആറ് പവന്‍ നഷ്ടമായിട്ടുണ്ട്. ആദം അലി പബ്ജി അടക്കം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. 21 വയസുകാരനായ പ്രതി കേശവദാസപുരത്ത് എത്തിയിട്ട് ആറാഴ്ച ആയിട്ടുള്ളൂ. അതിന് മുന്‍പ് കൊല്ലത്തും പാലക്കാടും ജോലി ചെയ്തിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ടാണ് ബംഗാള്‍ സ്വദേശിയായ ആദം അലി കേശവദാസ പുരത്ത് എത്തിയത്.
ജോലിക്കാര്‍ മനോരമയുടെ വീട്ടില്‍ നിന്നാണ് സ്ഥിരമായി വെള്ളം കുടിക്കുന്നത്. അതിനാല്‍ പ്രതിയെ വീട്ടമ്മയ്ക്ക് നേരത്തെ പരിചയമുണ്ട്. അതിനാല്‍ എളുപ്പത്തില്‍ വീട്ടിനുള്ളിലേക്ക് പ്രതിയ്ക്ക് കയറാന്‍ സാധിച്ചതായും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
ഈ സമയത്ത് വീട്ടുടമസ്ഥന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്യാണവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു വീട്ടുടമസ്ഥന്‍. ഇത് മനസിലാക്കിയാണ് പ്രതി വീട്ടില്‍ വന്നതെന്നും പൊലീസ് പറയുന്നു. ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ കുത്തിയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കിണറ്റില്‍ ഇട്ടശേഷം മുറിയിലേക്ക് പോയി.
അതിനിടെ ആറുപവന്‍ സ്വര്‍ണം മോഷ്ടിച്ചു. മുറിയില്‍ നിന്ന് നേരെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ആദം അലി നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്നും കമ്മീഷണര്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ ട്രെയിനില്‍ കയറി പോയി.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ചെന്നൈയിലേക്കുള്ള ട്രെയിനിലാണ് ആദം അലി കയറിപോയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ചെന്നൈയിലെ സ്‌പെഷ്യല്‍ പൊലിസാണ് പ്രതിയെ പിടികൂടിയതെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."