ഇസ്‌റാഈൽ ആക്രമണത്തിൻ്റെ പുതുരാഷ്ട്രീയം
ഹമാസിനു പിന്നാലെ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഫലസ്തീനി ഇസ്‌ലാമിക് ജിഹാദ് (പി.ഐ.ജെ) സംഘടനയെ ലക്ഷ്യംവച്ച് ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണം വീണ്ടം ഗസ്സയിൽ രക്തച്ചൊരിച്ചിലുണ്ടാക്കി. ഈയിടെ നാലു ദിവസത്തോളം നീണ്ടുനിന്ന ആക്രമണത്തിൽ 52 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. തുടർന്ന് ഈജിപ്തിന്റെ ഇടപെടലിലൂടെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അധിനിവേശ വെസ്റ്റ്ബാങ്കിലെ നാബുൽസ് നഗരത്തിൽ ഇന്നലെയും ഇസ്‌റാഈൽ സൈന്യം വെടിവയ്പ് നടത്തി മൂന്നു പേരെ വധിച്ചു. ഇതിൽ 40 പേർക്കു പരുക്കേറ്റു. പി.ഐ.ജെ നേതാവ് ഇബ്‌റാഹീം അൽ നാബുൽസി കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിൽ 16 കുട്ടികളാണ് ഫലസ്തീനിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് ഇസ്‌റാഈലും ഫലസതീനും തമ്മിൽ വെടിനിർത്തൽ ധാരണയായത്. സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യംവച്ചായിരുന്നു ആക്രമണങ്ങളേറെയും. ഫലസ്തീൻ തിരിച്ചടിച്ചെങ്കിലും ഇസ്‌റാഈലിൽ കാര്യമായ നാശനഷ്ടങ്ങളില്ല. ഫലസ്തീൻ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 44 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 16 പേർ കുട്ടികളാണ്. 350 പേർക്ക് പരുക്കേറ്റു. 2008 മുതൽ ഇസ്‌റാഈലിന്റെ ഫലസ്തീൻ അധിനിവേശം വർധിച്ചിട്ടുണ്ട്. പലപ്പോഴായി നടത്തിയ ആക്രമണങ്ങളിൽ 4000 പേരെങ്കിലും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കാൽഭാഗം കുട്ടികളാണ് എന്നത് ഞെട്ടിക്കുന്ന കണക്കാണ്. യുദ്ധം നടക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയെന്നത് യുദ്ധനിയമങ്ങൾക്കെതിരാണ്. സാധാരണക്കാരെ പോലും ലക്ഷ്യമാക്കാറില്ല. എന്നാൽ ഇസ്‌റാഈൽ നടത്തുന്ന ആക്രമണങ്ങൾ കുട്ടികൾക്കും സ്ത്രീകൾക്കും ആശുപത്രികൾക്കും നേരെയാണ്. ഇസ്‌റാഈലിൽ ഭരണം മാറി വന്നിട്ടും ഈ നയത്തിന് മാറ്റം വന്നിട്ടില്ല. യു.എൻ ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം അപലപിച്ചിട്ടും ഇസ്‌റാഈലിന് കുലുക്കമില്ല.
ഡിഫൻസ് ഫോർ ചിൽഡ്രൺ ഇന്റർനാഷനലിന്റെ കണക്ക് പ്രകാരം 2,200 കുട്ടികളാണ് ഇസ്‌റാഈൽ സൈന്യത്തിന്റെ ആക്രമണത്തിൽ 2000 മുതൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിലും 18 വയസിനു താഴെയുള്ള 16 കുട്ടികൾ കൊല്ലപ്പെട്ടുവെന്നത് ഇസ്‌റാഈൽ കുട്ടികളെ ലക്ഷ്യമാക്കുന്നുവെന്നതിന്റെ തെളിവാണ്. തങ്ങൾ പി.ഐ.ജെയുടെ നേതാക്കളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന ഇസ്‌റാഈലിന്റെ പൊള്ളയായ വാദമാണ് ഇതിലൂടെ പുറത്താകുന്നത്. തെക്കൻ ഗസ്സയിലാണ് ഇത്തവണ ഇസ്‌റാഈൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. 1,200 ലധികം മിസൈലുകൾ ഇസ്‌റാഈലിനു നേരെ ഫലസ്തീൻ തൊടുത്തുവിട്ടു. പലതും ഇസ്‌റാഈലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം പ്രതിരോധിച്ചതിനെ തുടർന്നാണ് ഇസ്‌റാഈലിൽ നാശനഷ്ടങ്ങൾ കുറഞ്ഞത്. ഫലസ്തീനി ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയെ മാത്രം ലക്ഷ്യമാക്കിയാണ് ഇത്തവണ ഇസ്‌റാഈൽ ആക്രമണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇസ്‌റാഈൽ സൈന്യത്തിന്റെ മുഖ്യശത്രുക്കളായ ഹമാസിനു നേരെ ആക്രമണം ഉണ്ടായില്ല.
പി.ഐ.ജെയുടെ മൂന്നു പ്രധാന നേതാക്കളെ ഇതിനകം ഇസ്‌റാഈൽ വധിച്ചു എന്നതൊഴിച്ചാൽ മറ്റുള്ള ആക്രമണങ്ങളെല്ലാം സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്‌റാഈലിലും ഫലസ്തീനിലുമെത്തി സന്ദർശനം നടത്തി മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്.
ഫലസ്തീന് പിന്തുണ നൽകിയ ബൈഡൻ മടങ്ങിയതിനു പിന്നാലെ ഉണ്ടായ ആക്രമണത്തെ യു.എസ് കണ്ടില്ലെന്ന് നടിച്ചു. ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കാൻ പോലും ശ്രമം ഉണ്ടായില്ല. ഫലസ്തീനിൽ എത്തിയപ്പോൾ തങ്ങൾ ഫലസ്തീനൊപ്പമാണെന്ന സന്ദേശം പരമാവധി നൽകാൻ ബൈഡൻ ശ്രദ്ധിച്ചിരുന്നു. അധിനിവേശ പ്രദേശത്ത് എത്തിയപ്പോൾ ഔദ്യോഗികമായി കാറിൽ യു.എസിന്റെയും ഫലസ്തീന്റെയും പതാക ഉപയോഗിച്ചു. ഇസ്‌റാഈൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി എന്നിങ്ങനെയും സംയുക്ത പ്രസ്താവനയിലും ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ശ്രമിച്ച യു.എസാണ് ഇപ്പോഴത്തെ ആക്രമണം കണ്ടില്ലെന്ന് നടിക്കുന്നത്. ഇതിനു പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ഇസ്‌റാഈലിലെത്തിയ ബൈഡൻ രണ്ടു ദിവസം അവിടെ ചെലവഴിച്ച് പ്രധാന ചർച്ച നടത്തിയത് മേഖലയിലെ യു.എസിന്റെ ശത്രുക്കളായ ഇറാനെതിരേയായിരുന്നു. ഇറാൻ ഭീതി മേഖലയിൽ പടർത്താനാണ് ബൈഡന്റെ സന്ദർശനമെന്ന് ഇറാൻ ആരോപിക്കുകയും ചെയ്തു.
ഇസ്‌റാഈലിനുമേൽ ഇറാൻ ഭീതി പരമാവധി കുത്തിവയ്ക്കാൻ യു.എസിന് കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തവണത്തെ ഫലസ്തീനിലെ ഇസ്‌റാഈൽ ആക്രമണം. ഇറാൻ പിന്തുണയോടെയാണ് ഫലസ്തീനി ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടന പ്രവർത്തിക്കുന്നതെന്നാണ് ഇസ്‌റാഈൽ ആരോപിക്കുന്നത്. അതുകൊണ്ടാണ് അവരെ മാത്രം ലക്ഷ്യമാക്കി തങ്ങൾ ആക്രമിച്ചത് എന്ന് ഇസ്‌റാഈൽ പറയുന്നതും. ഇറാൻ പിന്തുണയുള്ള സംഘടനയെ ആക്രമിച്ചപ്പോൾ യു.എസ് മൗനം പാലിക്കുമെന്ന് ഇസ്‌റാഈലിനും അറിയാം. പി.ഐ.ജെയേക്കാൾ ഫലസ്തീനിലെ ശക്തമായ സായുധ വിഭാഗമാണ് ഹമാസ് എന്നിരിക്കെയാണ് പി.ഐ.ജെയെ ലക്ഷ്യംവച്ച് ഇസ്‌റാഈൽ ആക്രമണം നടത്തിയത്.
ഇസ്‌റാഈൽ പ്രധാനമന്ത്രി ലായിർ ലാപിഡും ഇപ്പോൾ പറയുന്നത് പി.ഐ.ജെ എന്ന തീവ്രവാദ ഗ്രൂപ്പാണ് അവരുടെ സുരക്ഷയ്ക്ക് ഭീഷണി എന്നാണ്. രണ്ട് ജൂത ക്ഷേത്രങ്ങൾ തകർത്തു എന്നതൊഴിച്ചാൽ പി.ഐ.ജെ ഇസ്‌റാഈലിനെതിരേ കാര്യമായ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളില്ല. വ്യോമാക്രമണം നിർത്തിയെങ്കിലും തങ്ങൾ പി.ഐ.ജെക്കെതിരേ ആക്രമണം തുടരുമെന്ന സന്ദേശമാണ് ഇസ്‌റാഈൽ പുതിയ ആക്രമണത്തിലൂടെ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."