നെഹ്റുവിൻ്റെ ഇന്ത്യ
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസേർച്ചിന് മറവിരോഗം ശക്തമായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിനിറക്കിയ പോസ്റ്ററിൽ ജവഹർലാൽ നെഹ്‌റുവിനെ മനപ്പൂർവം ഒഴിവാക്കിയിരിക്കുന്നു. ചരിത്രത്തിൻ്റെ വളച്ചൊടിക്കലും മാറ്റിയെഴുതലും നടക്കുന്ന ഇൗ കാലഘട്ടത്തിൽ ഇന്ത്യൻ ജനതയുടെ സാമാന്യജ്ഞാനത്തെപ്പോലും ചോദ്യം ചെയ്തുകൊണ്ടാണ് ചരിത്രഗവേഷണ കൗൺസിൽ മുന്നോട്ടുപോയത്. നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും പടുത്തുയർത്തിയ സ്ഥാപനങ്ങളെയും ഇല്ലാതാക്കാനുള്ള ബോധപൂർവശ്രമം ഒരുഭാഗത്ത് നടക്കുമ്പോൾ ഇത് നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതാനാവില്ല.
' ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയെന്നാൽ രണ്ടുകാര്യങ്ങളാണ്; ക്ഷാമങ്ങൾ, നെഹ്‌റു'-1957ൽ യു.എസ് മാധ്യമങ്ങൾ രേഖപ്പെടുത്തിയതാണിത്. സാമ്പത്തികനയം, അടിത്തട്ടുവരെ എത്തിപ്പിടിക്കുന്ന വികസനം, ഫെഡറലിസം, ശാസ്ത്രീയ കാഴ്ചപ്പാട്, വിദേശനയം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യക്ക് നെഹ്‌റുവിന്റെ ആശയങ്ങളെ അവഗണിച്ച് എങ്ങനെ മുന്നോട്ടുപോകാൻ കഴിയും.
പതിനഞ്ചാം വയസിൽ ഇംഗ്ലണ്ടിലെത്തി ഏഴുവർഷക്കാലം പഠനാവശ്യങ്ങൾക്കായി അവിടെ ചെലവഴിച്ച നെഹ്‌റു അക്കാലത്ത് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും പുത്തനാശയങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. 1912ൽ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം 'സ്വയംഭരണ പ്രസ്ഥാനത്തിൽ' ആകൃഷ്ടനായി കോൺഗ്രസിന്റെ ഭാഗമായി. ബങ്കിപ്പൂർ നടന്ന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. 1921ൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റുവരിച്ച നെഹ്‌റു ജയിൽവാസമനുഭവിച്ചു. 1923ൽ അലഹബാദ് മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സൈമൺ കമ്മിഷൻ സന്ദർശനത്തിനെതിരേ നടന്ന സമരത്തിന്റെ ഭാഗമായി 1928ൽ വീണ്ടും അറസ്റ്റു വരിച്ചു. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ്, ഇടതു ചിന്താഗതി അഖിലേന്ത്യ തൊഴിലാളി മഹാസഭയുടെ അധ്യക്ഷനായി അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടാൻ കാരണമായി. 1929ൽ ലാഹോർ സമ്മേളനത്തിൽ കോൺഗ്രസിന്റെ അധ്യക്ഷപദവി അലങ്കരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പൂർണസ്വരാജ് പ്രഖ്യാപിച്ചുള്ള ചരിത്രപ്രസിദ്ധമായ സമ്മേളനമായിരുന്നു അത്. ഉത്തർപ്രദേശിലെ കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.
1937ൽ നെഹ്‌റു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം രാജ്യത്തെമ്പാടും ചെന്നെത്തി. കോൺഗ്രസ് നേതൃത്വം കൊടുത്ത ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കമായതോടെ 1942 ഓഗസ്റ്റ് ഒമ്പതിന് ദേശീയ നേതാക്കളോടൊപ്പം നെഹ്‌റു അറസ്റ്റ് ചെയ്യപ്പെട്ട് അഹമ്മദ് നഗർ ഫോർട്ട് ജയിലിൽ മൂന്നുവർഷം നീണ്ട ശിക്ഷയനുഭവിച്ചു. 1921 മുതൽ 1945വരെയുള്ള 24 വർഷത്തിനിടയിൽ ഒൻപത് തവണ അദ്ദേഹം ജയിൽവാസം അനുഭവിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ നെഹ്‌റു ആദ്യ പ്രധാനമന്ത്രിയായി.
ബഹുസ്വരതയിലും സഹിഷ്ണുതയിലും ഉറച്ചുനിൽക്കുന്ന മതേതര, ജനാധിപത്യ രാഷ്ട്രമായിരുന്നു നെഹ്‌റു സങ്കൽപം. ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനുള്ള താൽപര്യമുയർത്തിയവരെ ഗാന്ധിജിയും നെഹ്‌റുവും പട്ടേലും വിഭജന കാലത്ത് ശക്തമായി എതിർത്തിരുന്നു.എന്നാൽ വാക്കിൽ മാത്രമല്ല കർമ്മത്തിലും അത് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ചുമതല അർപ്പിതമായത് നെഹ്‌റുവിലായിരുന്നു. മതേതര കാഴ്ചപ്പാടുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തിയാണ് നെഹ്‌റു ഈ ലക്ഷ്യം നടപ്പിലാക്കിയത്. ഭരണഘടനാ നിർമാണസഭയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നെഹ്‌റു മതേതരവിശ്വാസവും സോഷ്യലിസ്റ്റ് സങ്കൽപവും ജനാധിപത്യബോധവും ഉയർത്തിക്കാട്ടുന്നതിൽ മുഖ്യപങ്കുവഹിച്ചു. മതാധിഷ്ഠിത ഇന്ത്യ സമൂഹത്തിൽ മതേതര സങ്കൽപം ശക്തിപ്പെടുത്തുക എന്ന ഉദ്യമം നെഹ്‌റു വിജയകരമാക്കി.
നെഹ്‌റുവിന്റെ വിമർശകനായിരുന്ന പെറി ആന്റേഴ്‌സൺ 'ദ ഇന്ത്യൻ ഐഡിയോളജി'യിൽ, ഏകാധിപതികൾ ഭരണം നടത്തുന്ന പടിഞ്ഞാറിതര ലോകത്തിന്റെ ഭാഗമായിട്ടും ജനാധിപത്യ ബോധമുള്ള നേതാവായി ഭരിക്കാൻ കഴിഞ്ഞതാണ് നെഹ്‌റുവിന്റെ മഹത്വം' എന്ന് സമ്മതിച്ചുപോകുന്നുണ്ട്. വിഭജനത്തിന്റെ വേദനപേറുന്ന, വർഗീയ കലാപങ്ങളുടെ വിളഭൂമിയായ, അഭയാർഥികളുടെ പുരധിവാസം കീറാമുട്ടിയായി നിലനിന്ന, ജാതീയ-പ്രാദേശികവാദം ഗോത്രത്വം, ഭാഷാപരമായ ഭിന്നതകൾ തുടങ്ങിയ ശക്തികൾ രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന, കശ്മിർ എന്ന തീരാപ്രശ്‌നം നിലനിൽക്കുന്ന, നാട്ടുരാജാക്കന്മാർ രാജ്യത്തിനകത്ത് സ്വതന്ത്രരാജ്യം ആവശ്യപ്പെടുന്ന ഘട്ടത്തിൽ ജനാധിപത്യ പൂർണമായി ഒരു രാജ്യത്തെ നെഹ്‌റു നയിച്ചു. സങ്കോചമല്ലാതെ ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ നെഹ്‌റു ധൈര്യം കാണിച്ചു.
ഇന്ത്യയിന്ന് ശിരസ്സുയർത്തി നിൽക്കുന്നത് നെഹ്‌റു പടുത്തുയർത്തിയ അസ്തിവാരത്തിലാണ്. നെഹ്‌റു തുടക്കമിട്ട സ്റ്റീൽ പ്ലാന്റുകൾ ആധുനിക ഇന്ത്യക്ക് ശക്തിയും ഉറപ്പും നൽകി. ഭക്രാനംഗൽ പോലുള്ള അണക്കെട്ടുകളെ ഇന്ത്യയുടെ ക്ഷേത്രങ്ങളായാണ് നെഹ്‌റു കണ്ടത്. ഐ.ഐ.ടികൾ, സർവകലാശാലകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ മുതൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി വരെ നെഹ്‌റുവിന്റെ സംഭാവനയാണ്.
യു.എസ്.എസ്.ആറിനെ മാതൃകയാക്കിയ പഞ്ചവത്സര പദ്ധതിയും ഇതേ ലക്ഷ്യംവച്ച് 1950ൽ തന്നെ രൂപീകരിച്ച ആസൂത്രണ കമ്മിഷനും ഇന്ത്യയുടെ വളർച്ചയുടെ നട്ടെല്ലാണ്. ഹരിതവിപ്ലവവും ധവളവിപ്ലവവും കടന്ന് വ്യാവസായിക വികാസവും വിവര സാങ്കേതിക മേഖലയുടെ വളർച്ചയും ഇന്ത്യ നേടിയെടുത്തു. കൃഷി, വ്യവസായം, സാമൂഹിക വികസനം എന്നിങ്ങനെ മുൻഗണനാക്രമം നൽകിയ പദ്ധതികൾ ഇരുനൂറ് വർഷക്കാലം ഇന്ത്യയെ ചോർത്തിയെടുത്ത്, യൂറോപ്യന്മാർ വികൃതമാക്കിയ ഇന്ത്യയുടെ മുഖഛായ മാറ്റിയെടുത്തു. ജനാധിപത്യ രീതിയിലുള്ള ആസൂത്രണമാണ് നെഹ്‌റു നടപ്പാക്കിയത്. ശാസ്ത്രം ഒരു ജീവിത വീക്ഷണമാവണമെന്നും ഇന്ത്യയെ പോലെ വൈവിധ്യപൂർണമായ ഒരു രാജ്യത്ത് ജനപുരോഗതിക്കുള്ള പ്രവർത്തന പദ്ധതിയാവണമെന്നും നെഹ്‌റു ആഗ്രഹിച്ചു.ആസൂത്രണം, പൊതുമേഖല, സമ്മിശ്ര സമ്പദ് വ്യവസ്ഥ എന്നിവ നെഹ്‌റുവിന്റെ വികസന തന്ത്രത്തിന്റെ അടിസ്ഥാനമായിരുന്നു. സോഷ്യലിസത്തിലധിഷ്ഠിതമായ ഇന്ത്യൻ സമ്പദ് ഘടന വിഭാവനം ചെയ്തതിനാൽ ഭൂപരിഷ്‌ക്കരണം നടപ്പാക്കി. പൊതുമേഖലയ്ക്ക് നൽകിയ പ്രാധാന്യവും ഇതിനുദാരണമാണ്.
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു നെഹ്‌റു. വൻശക്തികൾക്കെതിരായ നിലപാട് എന്നതിലുപരി ദാരിദ്ര്യനിർമാർജനം, ആണവായുധ നിർവ്യാപനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി അനേകം അജൻഡകൾ ഇതിനുണ്ടായിരുന്നു. ഇന്ത്യ കോമൺവെൽത്തിൽ അംഗത്വം സ്വീകരിച്ചതും ലോകരാജ്യങ്ങൾക്കിടയിൽ സ്വന്തം അഭിപ്രായവും സ്വാധീനവും ഉയർത്തിപ്പിടിച്ച് സൗഹൃദത്തിൽ നിലകൊള്ളുകയെന്ന ലക്ഷ്യത്തോടെയായിരുന്നു .
ഫാസിസത്തിനെതിരേ എന്നും കടുത്ത നിലപാടെടുത്ത നെഹ്‌റു ഇറ്റലി സന്ദർശിക്കാനുള്ള മുസോളനിയുടെ ക്ഷണവും ജർമനി സന്ദർശിക്കാനുള്ള നാസികളുടെയും ക്ഷണവും നിരസിക്കുകയായിരുന്നു. ഉറച്ച ജനാധിപത്യവാദിയായിരുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിലെ വിമോചന സമരങ്ങൾക്ക് ശക്തമായ പിന്തുണയാണ് നൽകിയത്.
സംസ്ഥാനങ്ങളുടെ പുനസ്സഘടന, പുതിയ സാമ്പത്തികനയ ആസൂത്രണം, പഞ്ചവത്സര പദ്ധതികൾ, വിദേശനയം, സാമ്രാജ്യത്വ-കൊളോണിയൽ വിരുദ്ധത, വംശീയ മനോഭാവത്തിനെതിരായ നിലപാട്, സമാധാന സഹവർത്തിത്വം തുടങ്ങി രാജ്യത്തിന്റെ അഖണ്ഡതയും പുരോഗതിയും ലക്ഷ്യംവയ്ക്കുന്ന കർമപദ്ധതികൾ നടപ്പാക്കി. ഡോ. രാധാകൃഷ്ണൻ കമ്മിഷൻ, ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മിഷൻ എന്നിവയിലൂടെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ഉടച്ചുവാർക്കൽ നടത്തി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണത്തിലൂടെ പത്തു മുതൽ പതിനാല് വയസുവരെ നിർബന്ധിത വിദ്യാഭ്യാസമെന്ന 1931ലെ കറാച്ചി കോൺഗ്രസ് സമ്മേളന പ്രമേയത്ത പ്രയോഗവൽക്കരിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കുമായി സൈന്റിഫിക് പോളിസി റെസല്യൂഷന് 1958ൽ അംഗീകാരം നൽകി.
പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഒന്നിടവിട്ടുള്ള ആഴ്ചകളിൽ ഇന്ത്യയിലെ മുഴുവൻ മുഖ്യമന്ത്രിമാർക്കും കത്തുകളയച്ചിരുന്നു. ന്യൂനപക്ഷങ്ങൾ, പാർശ്വവൽകൃതർ, മറ്റു പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവരെ സംരക്ഷിക്കേണ്ട ചുമതല അദ്ദേഹം ഊന്നിപ്പറഞ്ഞു. വർഗീയതയ്‌ക്കെതിരേ സ്വീകരിക്കേണ്ട നിലപാടുകളും രാജ്യസുരക്ഷയും അദ്ദേഹം ഓർമിപ്പിച്ചു. നെഹ്‌റു ഉയർത്തിയ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്തും അദ്ദേഹത്തിന്റെ നിലപാടുകളെ തമസ്‌കരിച്ചും ഭരണകൂടങ്ങൾ മുന്നോട്ടുപോകുമ്പോൾ നെഹ്‌റുവിയനായിരിക്കുക എന്നതുതന്നെ ഒരു രാഷ്ട്രീയപ്രവർത്തനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."