കടം വാങ്ങിയ 5000 രൂപയില്‍ തുടങ്ങി, 5.8 ബില്യന്‍ ഡോളര്‍ ആസ്തി; 'ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റനി' ലേക്കുള്ള ജുന്‍ജുന്‍വാലയുടെ യാത്ര
ന്യൂഡല്‍ഹി: കടം വാങ്ങിയ 5000 രൂപയില്‍ തുടങ്ങി. 46,000 കോടിയിലേറെ ആസ്തിയിലെത്തി. റിസ്‌ക്കെടുക്കാനുള്ള അസാമാന്യ ധൈര്യവും കഠിനമായി പരിശ്രമിക്കാനുള്ള മനസ്സും. മുംബൈയിലെ മധ്യ വര്‍ഗക്കാരന്‍ എന്ന ലേബലില്‍ നിന്ന് കോടിപതിയിലേക്കുള്ള യാത്രയില്‍ രാകേഷ് ജുന്‍ജുന്‍വാലക്ക് കൈമുതലായുണ്ടായിരുന്നത് ഇതായിരുന്നു. അങ്ങിനെ ഓഹരി വിപണിയിലൂടെ മാത്രം ശതകോടീശ്വരനായി, 'ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്‍' ആയി മാറി അദ്ദേഹം. രാജസ്ഥാനിലെ ജുന്‍ജുന്‍ സ്വദേശി എന്നതാണ് പേരിനൊപ്പം ഉള്ള ജുന്‍ജുന്‍വാല.
ഓഹരി വിപണിയില്‍ നിന്ന് ഉണ്ടാക്കിയ സമ്പാദ്യവുമായി ആകാശ സ്വപ്‌നം പൂവണിഞ്ഞ മുഹൂര്‍ത്തത്തിലാണ് അപ്രതീക്ഷിത വിടവാങ്ങല്‍. ജുന്‍ജുന്‍വാല സ്ഥാപിച്ച അകാശ എയര്‍ വിമാന കമ്പനി ആഗസ്റ്റ് ഏഴിനാണ് പറന്നുതുടങ്ങിയത്. ആ സ്വപ്‌നവും സഫലമായി കൃത്യം ഒരാഴ്ച തികയുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. രാജ്യത്തെ അതിസമ്പന്നരില്‍ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 5.8 ബില്യന്‍ ഡോളറാണ്.
1960 ജൂലൈ അഞ്ചിന് മുംബൈയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജുന്‍ജുന്‍വാലയുടെ ജനനം. മുംബൈയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. 1985ലാണ് 5,000 രൂപയുമായി ആദ്യമായി സ്റ്റോക്ക് മാര്‍ക്കറ്റിലേക്കിറങ്ങുന്നത്. കേവലം 25 വയസ്സായിരുന്നു അന്ന് പ്രായം.
പിതാവിന്റെ വാക്കുകള്‍ കേട്ടാണ് താന്‍ ഓഹരി നിക്ഷേപരംഗത്ത് എത്തിയതെന്ന് ജുന്‍ജുന്‍വാല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഓഹരി നിക്ഷേപരംഗത്ത് തന്റെ കരിയറിന്റെ തുടക്കം മുതല്‍ റിസ്‌കെടുക്കുന്ന ആളാണ് അദ്ദേഹം. 1986ല്‍ ടാറ്റാ ടീ ഷെയറുകള്‍ സ്വന്തമാക്കിയതോടെയാണ് ജുന്‍ജുന്‍വാല ഓഹരിവിപണിയില്‍ തന്റെ ഇടമുറപ്പിച്ചത്. ടാറ്റ ടീയുടെ 5,000 ഓഹരികള്‍ വെറും 43 രൂപക്ക് അദ്ദേഹം വാങ്ങി. പീന്നീട് ആ ഷെയറുകളുടെ മൂല്യം മൂന്ന് മാസത്തിനുള്ളില്‍ 143 രൂപയായി ഉയര്‍ന്നു. മൂന്നിരട്ടിയിലധികമാണ് അദ്ദേഹം ലാഭമുണ്ടാക്കിയത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ള 2025 ലക്ഷം രൂപ ജുന്‍ജുന്‍വാല നേടി.
സെന്‍സെക്‌സ് കേവലം 150 പോയന്റില്‍ ട്രേഡ് ചെയ്യുന്ന കാലത്താണ് അദ്ദേഹം ഓഹരി കമ്പോളത്തിലിറങ്ങിയത്. സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടേയും കുതിപ്പിനൊപ്പം രാകേഷ് ജുന്‍ജുന്‍വാലയും കുതിച്ചു. ബാങ്കിലിട്ടാല്‍ 10 ശതമാനം പലിശ കിട്ടുന്ന കാലത്ത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് 5000 രൂപ കടം വാങ്ങിയത്. ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരി. 43 രൂപയ്ക്ക് വാങ്ങിയ ഓഹരി മൂന്നു മാസം കൊണ്ട് 143 രൂപയായി. അരങ്ങേറ്റത്തില്‍ തന്നെ മൂന്നിരട്ടി ലാഭം. പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചുകൊടുത്തു. പിന്നെയും കടം വാങ്ങി. അഞ്ച് ലക്ഷം. വാങ്ങിയ ഓഹരികള്‍ കുതിച്ചുകയറി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഓഹരിവിപണിയില്‍ അതികായകനായി വളര്‍ന്ന അദ്ദേഹം പില്‍ക്കാലത്ത് ആപ്‌ടെക് ലിമിറ്റഡ് ചെയര്‍മാനായും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. തന്റെയും ഭാര്യ രേഖയുടെയും പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്ത് ഞമൃല എന്റര്‍പ്രൈസസ് തുടങ്ങി. മികച്ച ഷെയര്‍ ട്രേഡിങ് കമ്പനിയായി അത് വളര്‍ന്നു.
പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബില്‍കെയര്‍ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോണ്‍കോര്‍ഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ മള്‍ട്ടിമീഡിയ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി, വൈസ്രോയ് ഹോട്ടല്‍സ്, ടോപ്‌സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശ എയര്‍ വിമാനക്കമ്പനിയാണ് നിക്ഷേപരംഗത്ത് ജുന്‍ജുന്‍വാലയുടെ ഏറ്റവും അവസാനത്തെ സംരംഭം.
ബിസിനസ് രംഗത്ത് ബിഗ് ബുള്‍ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുള്‍ മാര്‍ക്കറ്റ് എന്നെല്ലാം വിശേഷണങ്ങളുണ്ടായിരുന്ന വ്യക്തിയാണ് ജുന്‍ജുന്‍വാല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."