വിശുദ്ധ കഅ്ബ കഴുകി, നേതൃത്വം നൽകി കിരീടാവകാശി
മക്ക: മുസ്‌ലിംകളുടെ പരിശുദ്ധ ഭവനമായ വിശുദ്ധ കഅ്ബ കഴുകി. സഊദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴുകലിന് നേതൃത്വം നൽകി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വിശുദ്ധ കഅ്ബയുടെ വാർഷിക
കഴുകൽ ചടങ്ങ്.
കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരനോടൊപ്പം ഹറം പള്ളിയിലെത്തിയ കിരീടാവകാശിയെ ഇരു ഹറം വകുപ്പ് കാര്യാലയ മേധാവി ശൈയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് സ്വീകരിച്ചു. കിരീടാവകാശി ത്വവാഫ് (വിശുദ്ധ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം) നടത്തുകയും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടത്തുകയും ചെയ്‌ത ശേഷം കഅബയുടെ ഉള്ളിലേക്ക് കടന്ന് കഴുകൽ ചടങ്ങിന് നേതൃത്വം നൽകി, തുടർന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച് പ്രാർത്ഥന നടത്തി.
ത്വായിഫ് ഗവർണർ പ്രിൻസ് സഊദ് ബിൻ നഹർ ബിൻ സഊദ്, ജിദ്ദ ഗവർണർ പ്രിൻസ് സഊദ് ബിൻ അബ്ദുല്ല ബിൻ ജലാവി, ശൈഖ് സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ്, ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ മുത്‌ലഖ്, ശൈഖ് സാദ് ബിൻ നാസർ അൽ ശത്രി, ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില, കഅ്ബയുടെ സൂക്ഷിപ്പുകാരൻ എന്നിവരുൾപ്പെടെ മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.
പനിനീർ, ഊദ്, മറ്റ് സുഗന്ധദ്രവ്യങ്ങൾ എന്നിവ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് ഇസ്‌ലാമിന്റെ ഏറ്റവും വിശുദ്ധമായ ദേവാലയത്തിന്റെ വാർഷിക ആചാരപരമായ കഴുകൽ നടന്നത്. വിശുദ്ധ കഅ്ബ കഴുകുന്നത് മുഹമ്മദ് നബി (സ) കാണിച്ച മാതൃക പ്രകാരമാണ്.
സഊദി രാജാവോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വിശുദ്ധ കഅ്ബ അകത്ത് നിന്ന് കഴുകുന്നത് പതിവാണ്. കഅ്ബ യുടെ ചുവരുകൾ തുടയ്ക്കാൻ ടവലുകൾ ഉപയോഗിക്കുന്നു. റോസാപ്പൂവിന്റെയും കസ്തൂരിയുടെയും പെർഫ്യൂമുകളിൽ മുക്കി വെളുത്ത തുണികൊണ്ട് അകത്തെ ഭിത്തികൾ വൃത്തിയാക്കുന്നു. റോസ് പെർഫ്യൂം കലർന്ന സംസം വെള്ളം തറയിൽ തെറിപ്പിക്കുകയും വെറും കൈകളും ഈന്തപ്പനയും ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."