പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം: കോടതി ഉത്തരവ് നിയമപരമല്ലെന്ന്, നടപടിക്കെതിരെ ഹൈക്കോടതിയെ സമീപ്പിക്കണമെന്ന് ലോയേഴ്‌സ് യൂണിയന്‍
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനായ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കോടതി നടത്തിയ ഉത്തരവിനെതിരേ വിമര്‍ശനം. കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമപരമല്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. പരാതിക്കാരി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന ജഡ്ജിയുടെ ഉത്തരവിനെതിരേ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരിയും അറിയിച്ചിട്ടുണ്ട്.
ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് ഉത്തരവ് നിയമപരമല്ലെന്നുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും ലൈംഗികാതിക്രമ ആരോപണങ്ങളും ഉള്ള കേസുകളില്‍ ലാഘവ ബുദ്ധിയോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടിക്ക് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെടുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ഉത്തരവ് നല്‍കുന്നത് ലൈംഗികാതിക്രമം പോലെ ഗൗരവതരമായ കേസുകളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
അതേ സമയം കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ കെ.കെ രമ എംഎല്‍എയും ഡി.വൈ.എഫ്.ഐയും സാമൂഹിക പ്രവര്‍ത്തക കെ. അജിതയുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങള്‍ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങളെന്നും. ഭരണഘടനാമൂല്യങ്ങളാണതിന് കാവല്‍ നില്‍ക്കുന്നതതെന്നും ഈ വിധി തിരുത്താന്‍ കോടതി തയ്യാറാവണമെന്നും കെ.കെ രമ ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
ജാമ്യം അനുവദിച്ചോ നിരസിച്ചോ ഉത്തരവ് നല്‍കുവാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതയുടെ മേല്‍വിലാസം അടക്കമുള്ളവ വെളിപ്പെടുത്തുന്നതോ ആക്ഷേപകരമായി പരാമര്‍ശിക്കുന്നതിനോ ഈ അധികാരം വിനിയോഗിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് ലോയേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.
ഏതോ ഫോട്ടോ വച്ച് അതിജീവിതയെ സ്വഭാവഹത്യ നടത്തുംവിധം ഉള്ള പരാമര്‍ശങ്ങള്‍ ഒരു കോടതി ഉത്തരവില്‍ ഇടം പിടിക്കുന്നത് ന്യായീകരിക്കാനാവില്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണരീതി കുറ്റകൃത്യത്തിനുള്ള പ്രകോപനവും ന്യായീകരണവുമല്ല. വസ്ത്രധാരണ രീതി പ്രതിക്ക് പ്രകോപനപരമായി എന്ന് കോടതിക്ക് അഭിപ്രായം ഉണ്ടെങ്കില്‍ അത്തരമൊരു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് എങ്ങനെയാണെന്നും ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി.പ്രമോദ് ചോദിച്ചു.
ജാമ്യം നല്‍കിയത് നിയമപരമല്ല. ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."