റുഷ്ദിയെ അക്രമിച്ചയാളുടെ അഭിമുഖ വിഡിയോ പുറത്ത്; എനിക്ക് അയാളെ ഇഷ്ടമല്ല
ന്യൂയോര്‍ക്ക് • ഇസ്‌ലാമിനെയും വിശ്വാസപ്രമാണങ്ങളെയും നിന്ദിച്ചതിനാലാണ് വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പ്രതി ഹാദി മതാറിന്റെ വെളിപ്പെടുത്തല്‍. ഇറാനിലെ റവല്യൂഷണറി ഗര്‍ഡുമായി ബന്ധപ്പെട്ടിരുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകൾ ഇയാള്‍ നിഷേധിച്ചു. റുഷ്ദിയെ വധിക്കണമെന്ന് 1980കളില്‍ ഇറാന്‍ നടത്തിയ മതവിധി (ഫത്‌വ) കളെക്കുറിച്ച് അറിയില്ലെന്ന സൂചനയും ഇയാള്‍ നല്‍കി.
ജയിലില്‍ കഴിയുന്ന ഹാദി മതാര്‍ എന്ന 24കാരന്റെ വിഡിയോ അഭിമുഖം ന്യൂയോര്‍ക്ക് ടൈംസ് ആണ് പ്രസിദ്ധപ്പെടുത്തിയത്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമേനിയെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ഹാദി മതാര്‍ ഇറാന്റെ ഫത് വകളെക്കുറിച്ച് അറിയില്ലെന്നും വിഡിയോയില്‍ പറയുന്നു. റുഷ്ദിയുടെ വിവാദ പുസ്തകമായ സാത്താനിക് വേഴ്‌സസിന്റെ രണ്ട് പേജുകള്‍ മാത്രമാണ് ഹാദി മതാര്‍ വായിച്ചത്.
ആയത്തുല്ലയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം മഹാനാണെന്നും ഹാദി മതാര്‍ പറഞ്ഞു. റുഷ്ദിയെ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും അയാള്‍ ഇസ്‌ലാമിനെയും വിശ്വാസപ്രമാണങ്ങളെയും നിന്ദിച്ചുവെന്നും ഹാദി മതാര്‍ വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. കുത്തേറ്റ റുഷ്ദി ജീവനോടെ ബാക്കിയായതില്‍ ഹാദി മതാര്‍ ആശ്ചര്യം പ്രകടിപ്പിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്കില്‍ വച്ച് ഒരു പരിപാടിയില്‍ സംസാരിക്കവെ സല്‍മാന്‍ റുഷ്ദി അക്രമിക്കപ്പെട്ടത്. തലേദിവസം ബസ് മാര്‍ഗം നഗരത്തിലെത്തിയ പ്രതി അന്ന് രാത്രി തെരുവില്‍ കഴിച്ചുകൂട്ടി. പിറ്റേന്ന് റുഷ്ദിയുടെ പ്രസംഗം നടക്കുന്ന ഹാളില്‍ കയറുകയും വേദിയില്‍നിന്ന് എഴുന്നേറ്റുചെന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
കണ്ണിനും കരളിനും തോളിനും ഗുരുതരമായി പരുക്കേറ്റെങ്കിലും റുഷ്ദി മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹാദി മതാറിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാതാവ് സില്‍വാന ഫര്‍ദോസ് തള്ളിപ്പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."