പെന്‍ഷന്‍ ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി
കൊച്ചി • പെന്‍ഷൻ ഭരണഘടനാപരമായ അവകാശമാണെന്നും തൊഴിലുടമയുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് നല്‍കേണ്ട ഔദാര്യമല്ലെന്നും മറിച്ച് മാറ്റിവച്ച ശമ്പളമാണെന്നും ഹൈക്കോടതി. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലെ (കെ.ബി.പി.എസ്) ജീവനക്കാരും വിരമിച്ചവരും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് കോടതിയുടെ ഉത്തരവ്.
മുഴുവന്‍ പെന്‍ഷനും ലഭിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് വിരമിച്ച ജീവനക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.കാളീശ്വരം രാജ്, അഡ്വ.ടി.എം രാമന്‍ കര്‍ത്ത എന്നിവര്‍ വാദിച്ചു. തുടര്‍ന്ന് പണത്തിന്റെ ദൗര്‍ലഭ്യം പറഞ്ഞ് തൊഴിലുടമയ്ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും തൊഴിലുടമയുടെ താല്‍പര്യം ഇക്കാര്യത്തില്‍ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് വി.ജി അരുണ്‍ പറഞ്ഞു.എന്നാല്‍ സൊസൈറ്റി ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ ഇതിനകം ഇ.പി.എഫിലേക്ക് നല്‍കിയിരിക്കുന്ന വിഹിതം തിരികെ നല്‍കിയാല്‍ മാത്രമേ മുഴുവന്‍ പെന്‍ഷനും നല്‍കാനാകൂ എന്നും കെ.ബി.പി.എസിന് വേണ്ടി ഹാജരായ അഡ്വ.ലത ആനന്ദ് അറിയിച്ചു.
എന്നാല്‍ ഇ.പി.എഫുമായുള്ള തര്‍ക്കവും ഇ.പി.എഫ് വിഹിതം തിരികെ സ്വീകരിക്കുന്നതിലെ കാലതാമസവും പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ സ്വീകാര്യമായ ഒഴിവുകഴിവുകളല്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."