കനത്ത മഴ, മണ്ണിടിച്ചില്‍: ഹിമാചലില്‍ മരണം 21 ആയി; രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍
ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷം. സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രളയ സാധ്യതയുള്ള സ്ഥലത്തെ ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട കൂടുതല്‍ സാമഗ്രികള്‍ സജ്ജമാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആശുപത്രികളിലേക്കുള്ള റോഡുകളിലെ തടസം നീക്കി ഉടന്‍ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ നദീതീരങ്ങള്‍ക്ക് പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നിട്ടുണ്ട്. 12 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറുപേരെ കാണാതായിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ മാത്രം 34 ഇടങ്ങളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. അതത് ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തീരുമാനമെടുക്കണം. ആഗസ്ത് 25 വരെ ഹിമാചലില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ 30 സ്ഥലങ്ങള്‍ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 232 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ഹിമാചലിന് പുറമെ ഉത്തരാഖണ്ഡ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും മഴ ദുരിതം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."