ആരായിരുന്നു നാലാം ക്ലാസുകാരൻ ഇന്ദ്ര കുമാർ?
ഇ.കെ ദിനേശൻ
ഡോ. ബി.ആർ അംബേദ്ക്കറിന്റെ മെട്രിക്കുലേഷൻ പഠനകാലം. സർക്കാർ വിദ്യാലയത്തിലെ ജാതീയ വിവേചനത്തിന്റെ നിരവധി അനുഭവങ്ങൾക്കിടയിലും അദ്ദേഹം പഠനം തുടർന്നു. ഒരുദിവസം ബോർഡിൽ കണക്ക് ചെയ്യാൻ അംബേദ്ക്കറെ അധ്യാപകൻ ക്ഷണിച്ചു. ഉടനെ ക്ലാസിൽ ബഹളമായി. കുട്ടികൾ എല്ലാവരും ചാടിയെഴുന്നേറ്റു. ബഹളത്തിന് കാരണം, ബോർഡിന്റെ പിറകിലാണ് അവരുടെ ഭക്ഷണപ്പാത്രമുള്ളത്. അതിനടുത്തേക്ക് അംബേദ്ക്കർ ചെന്നാൽ ഭക്ഷണം അശുദ്ധമാകുമെന്നതാണ്. ഇതേ അംബേദ്ക്കർ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല നേതാവായി. ജാതി സമരങ്ങളുടെ നായകനായും ജാതിക്കെതിരേയുള്ള പോരാട്ടങ്ങൾക്ക് സൈദ്ധാന്തിക അടിത്തറകൾ പാകിയും ആ സമരജീവിതം മുന്നോട്ടുപോയി. ഇന്ത്യക്ക് ഭരണഘടന നിർമിക്കുന്നതിലെ അംബേദ്ക്കറുടെ പങ്ക് ഇന്നും നാം വിളിച്ചുപറയുന്നു. അതേ രാജ്യം ഇപ്പോൾ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം ആഘോഷിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് രുചിക്കുന്ന രാത്രിയിലാണ് ഒൻപത് വയസായ നാലാം ക്ലാസ് വിദ്യാർഥി ദാരുണമായി മരണത്തിന് കീഴടങ്ങിയത്.ആ മരണത്തിന് കാരണം, ഒരു നുറ്റാണ്ട് മുമ്പ് അംബേദ്ക്കർ അനുഭവിച്ച അതേ ജാതിപീഡനം തന്നെ. മൂന്നാഴ്ചക്കാലത്തെ ചികിത്സക്കിടയിലാണ് മരണം. അവന്റെ പേര് ഇന്ദ്ര കുമാർ മേഘവാൾ എന്നാണ്. അവൻ അവർണ ജാതിയിലായിരുന്നു പിറന്നത്. രാജസ്ഥാനിലെ ജലോർ ജില്ലയിലുള്ള സുറാന ഗ്രാമത്തിലെ സരസ്വതി വിദ്യാമന്ദിർ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ഇന്ദ്ര അടിയേറ്റാണ് മരണപ്പെട്ടത്.അതിന്റെ കാരണം അറിയണ്ടേ? സ്‌കൂളിൽ അധ്യാപകർക്കായി മാറ്റിവച്ച മൺപാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന്. സവർണ ജാതിക്കാരായ അധ്യാപകർ വെള്ളം കുടിക്കുന്ന മൺപാത്രം തൊട്ടതിന്റെ ശിക്ഷ മരണമാണ്. ഇത് നടക്കുന്നത് 2022ൽ.
ഇന്ദ്ര എന്ന കുരുന്നിനെ ക്രൂരമായി മർദിച്ചുകൊന്നത്, ഇന്ത്യയിൽ പലരീതിയിൽ നടക്കുന്ന നൂറുകണക്കിന് ജാതിക്കൊലയിൽ ഒന്നായി മാറിക്കഴിഞ്ഞു. അത്രമാത്രം പ്രാധാന്യമേ ഈ കൊലപാതകത്തിനും രാജ്യം നൽകുന്നുള്ളൂ. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായപ്പോൾ രാജ്യം പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും കൊടുങ്കാറ്റുയർത്തിക്കൊണ്ടാണ് ആ കിരാത നടപടിയോട് പ്രതികരിച്ചത്. എന്തുകൊണ്ട് ഒൻപത് വയസുകാരന്റെ കൊലപാതകത്തോട് ഇന്ത്യൻ പൊതുബോധം ഈ രീതിയിൽ പ്രതികരിക്കാതെ മൗനവ്രതം ആചരിക്കുന്നു? ജാതി ഇന്നും ഇന്ത്യൻ യഥാർഥ്യമാണ് എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം.
ഇന്ത്യയിലെ ജാതിവ്യവസ്ഥയും അതുണ്ടാക്കിയ അസമത്വങ്ങളും സാമൂഹികനിർമിതിയാണെങ്കിൽ ഇന്നതിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. രാഷ്ട്രീയ ജനാധിപത്യം അനുഭവിക്കുന്ന സമൂഹത്തിൽ സാമൂഹിക ജനാധിപത്യം ഇല്ല എന്ന് അംബേദ്ക്കർ പറഞ്ഞതിന്റെ യുക്തി ഇപ്പോഴും അംഗീകരിക്കാൻ പരിഷ്‌കൃത ഇന്ത്യൻ സമൂഹം തയാറല്ല. ജാതിയുടെ ദുരന്തങ്ങളെക്കുറിച്ച് പൊതുമണ്ഡലത്തെ നിരന്തരം ഓർമിപ്പിക്കൽ ജാതി അനുഭവസ്ഥരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി മാറി. അതിനപ്പുറത്തേക്ക് ജാതിവ്യവസ്ഥയുണ്ടാക്കിയ കൊടിയ അസമത്വങ്ങളെ അറുത്തുമാറ്റാൻ 75 വർഷം പിന്നിട്ടിട്ടും കഴിഞ്ഞില്ല. ഈ സത്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുമ്പോഴാണ് ഇന്ദ്രന്റെ മരണം ചില ചോദ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് ചോദിക്കുന്നത്.
ഒൻപതുകാരന്റെ ബോധത്തിൽ ജാതി എങ്ങനെയാണ് പ്രവർത്തിക്കുക. കുട്ടിയുടെ തൊണ്ട വരണ്ടപ്പോൾ വെള്ളം കുടിക്കാൻ തോന്നിയത് സ്വാഭാവികമാണ്. മുന്നിൽ കാണുന്ന മൺപാത്രം തൊട്ടാൽ അശുദ്ധമാകുമെന്ന് അവന്റെ പ്രായത്തിൽ മനസിലാക്കാൻ കഴിഞ്ഞില്ലായിരിക്കാം. തന്റെ ജന്മം തന്നെയാണ് ഏറ്റവും വലിയ തെറ്റെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ഓർമ നമുക്ക് ചുറ്റും ഇപ്പോൾ വലയം ചെയ്യുന്നത് എന്തിനാണ്? ജാതി മാനസികമായും ശാരീരികമായും ശക്തമാണ് എന്ന ഓർമപ്പെടുത്തലാണത്. അറിവ് പകർന്നുനൽകുന്ന അധ്യാപകനിൽ മാനസികമായി ഒളിഞ്ഞിരിക്കുന്ന ജാതിബോധത്തെ തിരിച്ചറിയാൻ ഇന്ദ്ര എന്ന ബാലന് കഴിഞ്ഞില്ല. അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ മനസ്സിലാണ് ഇക്കാലത്ത് ജാതിബോധം ശക്തി പ്രാപിക്കുന്നത്. പല കാരണത്താൽ സവർണ ജാതിക്കാർക്ക് അവർണരോട് ഇടപഴകേണ്ടിവരുന്നുണ്ട്. അപ്പോഴും മാനസികമായി ജാതി പ്രവർത്തിക്കുന്നുണ്ട്. മനസിലെ ഈ മാലിന്യത്തെ മാറ്റിയെടുക്കാനുള്ള ഏക വഴി ജ്ഞാനമാണ് എന്നാണ് ബുദ്ധിജീവി തിയറി. അധ്യാപകൻ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. അയാൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് ഇത്തരം വ്യവസ്ഥിതിയെ മാറ്റിയെടുക്കാനുള്ള അറിവാണ്. എന്നാൽ മനസിൽ ജാതിയുള്ള അധ്യാപകർക്ക് തങ്ങളിലെ മേധാവിത്വ അധികാരചിന്ത കാരണം, ഈ മനോഭാവത്തെ മാറ്റിയെടുക്കാൻ കഴിയില്ല. ഇത് എത്രയോ നൂറ്റാണ്ടുകളായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതൊരു സാമൂഹിക വ്യവസ്ഥിതിയായി തുടരുമ്പോൾ അതിനെ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്വമാണ്. എന്തുകൊണ്ട് അത്തരമൊരു രാഷ്ട്രീയ ഉത്തരവാദിത്വത്തിൽനിന്ന് ഇന്ത്യൻ അധികാര വർഗ്ഗങ്ങൾ മാറിനിൽക്കുന്നു? ഇന്ദ്രന്റെ ദാരുണ അന്ത്യം നമ്മോട് ചോദിക്കുന്നത് അതാണ്.
ജാതിവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവകാശം ഇല്ലാതിരുന്ന കാലത്തുനിന്ന് രാജ്യം ബഹുദൂരം മുന്നോട്ടുപോയി. എന്നിട്ടും എന്തുകൊണ്ടാണ് പാർശ്വവൽകൃത വിഭാഗങ്ങൾക്ക് ഇപ്പോഴും ജാതിയുടെ അദൃശ്യമായ അടിമത്തഭാരം പേറേണ്ടിവരുന്നത്. തകഴിയുടെ തോട്ടിയുടെ മകൻ (1947) എന്ന നോവലിൽ ചുടലമുത്തു മകന് മോഹനൻ എന്ന പേരിട്ടതിനെ ഉയർന്ന ജാതിക്കാർ ചോദ്യം ചെയ്യുന്നുണ്ട്. മോഹനന് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. അവനെ തോട്ടിയുടെ മകനായി മറ്റു കുട്ടികൾ കളിയാക്കുന്നുണ്ട്. ഇത് അറിയുന്ന ചുടലമുത്തുവിന്റെ ഭാര്യ വള്ളി ചോദിക്കുന്നുണ്ട് 'തോട്ടികൾ ഇല്ലാത്ത കാലമുണ്ടാകുമോ' എന്ന്. അതുണ്ടാവില്ല എന്ന ഓർമപ്പെടുത്തലാണ് ഇന്ദ്രൻ്റെ മരണം. തോട്ടിയുടെ മകനായ മോഹനനെ അധ്യാപകൻ സ്‌കൂളിൽ തല്ലുന്നുണ്ട്. അവരിൽനിന്ന് കാലം എത്ര പതിറ്റാണ്ടുകൾ പിന്നിട്ടു. നമ്മുടെ വിദ്യാലയങ്ങളിൽ ഇപ്പോഴും ജാതിയുടെ വിവേചനം തുടരുകയാണ്.
ഇന്ത്യയിൽ ഇന്ന് ആഘോഷിക്കപ്പെടുന്ന നവ വരേണ്യശക്തികളുടെ അധികാര മേൽക്കോയ്മക്ക് മുന്നോട്ടുപോകണമെങ്കിൽ ജാതിവ്യവസ്ഥയെ നിലനിർത്തിയേ മതിയാകൂ. ഭൂരിപക്ഷംവരുന്ന ജാതിമനുഷ്യർ രാഷ്ട്രീയമായും സാമൂഹികമായും ഉയർന്നുവരുന്നത് മേൽജാതി വിഭാഗങ്ങൾക്ക് ഇഷ്ടമല്ല. ഹിന്ദുത്വം എപ്പോഴും അവരുടെ മുന്നേറ്റത്തെ റദ്ദ് ചെയ്യാറുണ്ട്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പുരോഗമന രാഷ്ട്രീയശക്തികളുടെ കഴിവില്ലായ്മയാണ് ഇന്ദറിന്റെ കൊലപാതകത്തെ തുടർന്നുള്ള മൗനത്തിന് കാരണം. രാജ്യത്ത് എവിടെയോ ആരുടെയോ ഒൻപതു വയസായ ഒരു മകൻ അധ്യാപകന്റെ അടിയേറ്റു മരിച്ചു എന്നതിനപ്പുറം അടിച്ചുകൊന്നത് കുട്ടി ദാഹിച്ചിട്ട് മൺകുടത്തിലെ വെള്ളം എടുത്തു എന്നതിനാണ്. അതിന്റെ ശിക്ഷ മരണമാണ്. കാരണം ജാതിയാണ് എന്ന സത്യത്തെ ഇന്ത്യൻ സമൂഹം മുഖവിലക്ക് എടുക്കുന്നില്ല.
രാജ്യത്തിലെ പരിഷ്‌കൃത ദേശമായ കേരളത്തിൽപോലും അത്തരമൊരു രാഷ്ട്രീയബോധം വളരുന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാലുവർഷം മുമ്പ് അട്ടപ്പാടിയിൽ ആൾക്കൂട്ട അക്രമത്തിന് ഇരയായി മരണപ്പെട്ട മധുവിന് നീതി നിഷേധിക്കപ്പെടുന്നത്. ആ കേസിലെ പ്രതികൾ കൂറുമാറുന്നത് ഇരയുടെ സാമൂഹ്യപദവിയുടെ അടിസ്ഥാനത്തിലാണ്. അത്രമാത്രം പിന്നോക്കം നിൽക്കുന്ന ഒരു മനുഷ്യന് നീതി ലഭിച്ചില്ലെങ്കിൽ പുരോഗമന കേരളത്തിൽ ഒന്നും സംഭവിക്കില്ല. അങ്ങനെയാണ് പ്രതികളായവരും അവർക്ക് പിന്നിലെ രാഷ്ട്രീയശക്തികളും വിശ്വസിക്കുന്നത്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന അടിസ്ഥാന സാമൂഹികഘടകം ജാതിയാണ്. രാഷ്ട്രീയത്തിൽ ജാതി അറിഞ്ഞോ അറിയാതെയോ ശക്തമായി നിലനിൽക്കുന്നു. ഇതിനെതിരേ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മാത്രമേ ജാതിക്കെതിരേയുള്ള പുനർവായനകളും പൊതുപ്രതിരോധങ്ങളും രൂപംകൊള്ളുകയുള്ളൂ. ഇനിയൊരു ഇന്ദ്ര മേഘവാൾ ഉണ്ടാവാതിരിക്കട്ടെ. അതിനായി ആരാണ് ഇന്ദ്ര എന്നെങ്കിലും നാം അറിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."