നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു; ഗവര്‍ണര്‍ക്കെതിരെ സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് കടുത്ത ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തെരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും മുന്നോട്ടുപോകുകയാണ് കേരള ഗവര്‍ണര്‍. കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സമീപ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ക്കെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇപ്പോള്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി താന്‍തന്നെ നിയമിച്ച വൈസ് ചാന്‍സലര്‍ (വിസി)മാരെയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ട്. ഒടുവില്‍ 2019 ഡിസംബറില്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. - മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ഫെഡറല്‍ സംവിധാനത്തില്‍ അനാവശ്യമാണെന്ന് പൊതു അഭിപ്രായമുള്ളതാണ് ഗവര്‍ണര്‍ പദവിയെങ്കിലും ഭരണഘടനാപരമായതും സംസ്ഥാന സര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നത്. അന്ധമായ രാഷ്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."