ഫ്രറ്റേണിറ്റി ഫെസ്റ്റ് - 2022 സെപ്റ്റംബർ ഒന്ന് മുതൽ
ജിദ്ദ: കൊവിഡ് മഹാമാരിയുടെ ആഘാതം ഏറ്റവുമധികം ബാധിച്ച പ്രവാസി സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരികെ കൊണ്ട് വരാനും പുതിയ രീതിക്കൊപ്പം സഞ്ചരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1 മുതൽ 30 വരെ 'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് കാരണം കുടുംബാംഗങ്ങളും കൂടെയുള്ളവരും നഷ്ടപ്പെട്ട നിരവധി പ്രവാസികൾ ഇനിയും അതിന്റെ ആഘാതത്തിൽ നിന്നും പൂർണ്ണമായും മുക്തരായിട്ടില്ല. അത് പോലെ, കൊവിഡ് മഹാമാരിക്ക് മുമ്പ് ക്‌ളാസിലിരുന്ന് 45 മിനുട്ട് വരെ ശ്രദ്ധാപൂർവ്വം ക്‌ളാസ് ശ്രദ്ധിച്ചിരുന്ന വിദ്യാർത്ഥികൾ ഇന്ന് 20 മിനുട്ട് പോലും ശ്രദ്ധിച്ചിരിക്കാൻ തയ്യാറാവുന്നില്ല. ഈ പ്രതിസന്ധി കുട്ടികളെ മാത്രമല്ല, അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും കൂടി സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിൽ നിന്നും വീണ്ടും പൂർവ ആരോഗ്യകരമായ മാനസിക - ശാരീരിക അവസ്ഥയിലേക്ക് വിദ്യാർത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയും തിരിച്ചു കൊണ്ട് വരിക എന്നതാണ് ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാ കായിക വിദ്യാഭ്യാസ പരിപാടികൾ നടത്തും. ഫുട്ബാൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, വടം വലി, രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പാരന്റിങ് - കരിയർ ഗൈഡൻസ് ക്‌ളാസുകൾ, കൾച്ചറൽ ഫെസ്റ്റ്, കുട്ടികളുടെ കലാ പരിപാടികൾ തുടങ്ങി ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരായ പ്രവാസികളെയും ഉൾക്കൊള്ളുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ വിശദീകരിച്ചു. കൊവിഡിന് മുമ്പ് 2019 ൽ വൻ ജനപങ്കാളിത്തത്തോടെ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
അഞ്ചപ്പാർ റെസ്റ്റോറന്റ് ഹാളിൽ വെച്ച നടന്ന വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം വെസ്റ്റേൺ റീജിയണൽ പ്രസിഡന്റ് ഫയാസുദ്ധീന് ചെന്നൈ, സെക്രട്ടറി ഹാരിസ് മംഗലാപുരം, കേരള ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദലി കുന്തള, സെക്രട്ടറി ശാഹുൽ ഹമീദ് ചേലക്കര, നോർത്തേൺ സെക്രട്ടറി ജാവേദ് ലഖ്‌നൗ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."