നാല് ബില്ലുകൾ കൂടി സബ്ജക്ട് കമ്മിറ്റിക്ക്; ഒന്ന് പാസാക്കി
തിരുവനന്തപുരം • ലോകായുക്ത നിയമ ഭേദഗതിക്കു പുറമേ നാല് ബില്ലുകൾ കൂടി ഇന്നലെ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ഒരു ബിൽ പാസാക്കി. കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, കേരള പബ്ലിക് സർവിസ് കമ്മിഷൻ രണ്ടാം ഭേദഗതി ബിൽ, കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, കേരള ആഭരണ തൊളിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ് സബ്ജക്ട് കമ്മിറ്റികൾക്കു വിട്ടത്. കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നിയമ നടപടികളിലുണ്ടായ കാലതാമസം പരിഹരിക്കുന്നതിനാണ് സഹകരണ രണ്ടാം ഭേദഗതി ബിൽ. കേരള പ്രവാസി ക്ഷേമനിധി ബോർഡ് പി.എസ്.സി നിയമനം ഉറപ്പുവരുത്താനാണ് കേരള പബ്ലിക് സർവിസ് കമ്മിഷൻ രണ്ടാം ഭേദഗതി ബിൽ അവതരിപ്പിച്ചത്.
അംശദായ വിഹിതം ഇരുപതിൽനിന്ന് അമ്പത് രൂപയാക്കുന്നതാണ് ആഭരണ തൊളിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ.
മാരിടൈം ബോർഡ് നിയമ മാറ്റത്തിലൂടെ ബോർഡിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയതിന് സാധുത നൽകുന്നു.
ചെയർമാന്റെയും വൈസ് ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മുന്നൂവർഷമാക്കി. പ്രയോഗത്തില്ലാത്തതും തുടർന്ന് ആവശ്യമില്ലാത്തതുമായ 105 നിയമങ്ങൾ ഉപേക്ഷിക്കാനാണ് കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."