ലോകായുക്ത ഭേദഗതി ബില്ലിൽ സഭയിൽ അതിരൂക്ഷ സംവാദം; വെല്ലുവിളിച്ച് മന്ത്രി; ഏറ്റെടുത്ത് സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • ലോകായുക്ത ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ നിയമസഭ സാക്ഷ്യം വഹിച്ചത് അതിരൂക്ഷമായ നിയമസംവാദത്തിന്. ബിൽ കൊണ്ടുവരുന്നതിലെ ഭരണഘടനാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ പ്രായോഗിക വിഷയങ്ങൾ ഉയർത്തി നിയമമന്ത്രി പി.രാജീവ് പ്രതിരോധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എൻ.ഷംസുദ്ദീൻ, കെ.ബാബു, മാത്യു കുഴൽനാടൻ എന്നിവരാണ് വിമർശനങ്ങൾ ഉന്നയിച്ചത്.
സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
വി.ഡി സതീശൻ • ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്കുമേലുള്ള കടന്നു കയറ്റമാണ്. ഭരണഘടനയുടെ അനുഛേദം 50 പ്രകാരം ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും അധികാരങ്ങൾ വേർതിരിച്ചു നൽകിയിട്ടുണ്ട്. ഭരണഘടന പ്രകാരം വിധി നിർണയിക്കാനുള്ള അവകാശം കോടതികൾക്കാണ്. നിയമസഭ പാസാക്കിയ നിയമങ്ങളും കോടതിയുടെ വിധികളും നടപ്പിലാക്കലാണ് എക്‌സിക്യൂട്ടീവിന്റെ കടമ. എന്നാൽ ലോകായുക്ത ആക്റ്റിലെ 14 വകുപ്പിലെ ഭേദഗതിയിലൂടെ ഒരു ക്വാസി ജുഡീഷ്യൽ സംവിധാനമായ ലോകായുക്ത, എക്‌സിക്യൂട്ടീവിന്റെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവിനെതിരെയും നടത്തുന്ന വിധി പ്രസ്താവങ്ങളെ പുനഃപരിശോധിക്കാനുള്ള അവകാശം എക്‌സിക്യൂട്ടീവിലേക്കു തന്നെ കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണ്.
മന്ത്രി രാജീവ് • പരാതികളിൽ അന്വേഷണം നടത്താനുള്ള സംവിധാനം മാത്രമാണ് ലോകായുക്ത. ലോകായുക്ത ആക്ട് 1999ൽ പറയുന്നതും അങ്ങനെ തന്നെയാണ്. അതൊരു ജുഡീഷ്യറി ബോഡി അല്ല.
വി.ഡി സതീശൻ • അന്വേഷണം തന്നെ ഒരു ജുഡീഷ്യൽ പ്രോസസ് ആണ്. ലോകായുക്ത അന്വേഷണം നടത്തിയിട്ട് കണ്ടത്തൽ ഷെൽഫിൽ അടച്ചുവയ്ക്കണം എന്നാണോ പറയുന്നത്.
രാജീവ് • ലോകായുക്ത ഒരു ജുഡീഷ്യൽ ബോഡി ആണെന്ന് പറയുന്ന നിയമത്തിലെ ഒരു വാചകം കാണിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു.
വി.ഡി സതീശൻ • മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. ലോകായുക്ത നിയമത്തിന്റെ സെക്ഷൻ 11 (2) വിൽ ലോകായുക്തയ്ക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. 11 (3) ലും ജുഡീഷ്യൽ നടപടിയാണെന്ന് വിശദീകരിക്കുന്നു.
രാജീവ് • ഇതേപോലുള്ള എല്ലാ ഏജൻസികൾക്കും സിവിൽ കോടതിയുടെ അധികാരമുണ്ടാകും. രേഖകൾ പിടിച്ചെടുക്കാനും മറ്റും ഈ അധികാരമാണ് ഉപയോഗിക്കുന്നത്. അത് അന്വേഷണഘട്ടത്തിൽ മാത്രമാണ്.
വി.ഡി സതീശൻ • നിയമത്തിൽ എവിടെയാണ് ജുഡീഷ്യൽ എന്ന് വാചകം പ്രയോഗിച്ചിരിക്കുന്നു എന്നാണല്ലോ മന്ത്രി വെല്ലുവിളിച്ചത്. രേഖകളിലുള്ള വെല്ലുവിളിയാണത്. അതിനാണ് മറുപടി പറഞ്ഞത്.
രാജീവ് • അതാണ് പറഞ്ഞത്. ഈ വാചകം നിരവധി സംവിധാനങ്ങളിൽ കാണാം. അതൊന്നും ജുഡീഷ്യൽ സംവിധാനമല്ല. കേന്ദ്രത്തിൽ ലോക് പാലും ഒരു അന്വേഷണ ഏജൻസി മാത്രമാണ്. നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയുടെ 163,164 വകുപ്പുകൾക്ക് അൾട്രാവയലേഷൻ ആണ്. ഒരു നിയമത്തിൽ അടിസ്ഥാനപരമായി നോക്കുന്നത് അത് ഭരണഘടനാ അനുസൃതമാണോ അല്ലയോ എന്നാണ്.
വി.ഡി സതീശൻ • ഭരണഘടനയുടെ 254(2) പ്രകാരം കൺകറന്റ് ലിസ്റ്റിൽ ഉണ്ടാക്കുന്ന നിയമത്തിൽ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. കേന്ദ്ര ലോക്പാൽ നിയമത്തിൽ ലോക്പാലിന്റെ വിധികൾ പുനഃപരിശോധിക്കാനുള്ള അവകാശം എക്‌സിക്യൂട്ടീവിനില്ല. എന്നാൽ ഇവിടെ അവതരിപ്പിക്കുന്ന സംസ്ഥാന നിയമത്തിലെ വകുപ്പ് 14 പ്രകാരം സംസ്ഥാന സർക്കാരിന് ഈ അധികാരമുണ്ട്.
കേന്ദ്ര നിയമത്തിലെ വ്യവസ്ഥൾക്ക് വിരുദ്ധമാണ് സംസ്ഥാന നിയമത്തിലെ അഞ്ചാം വകുപ്പ്. അതുകൊണ്ടു തന്നെ ഈ നിയമം ഭരണഘടനയുടെ 254(2) നും വിരുദ്ധമാണ്.
രാജീവ് • ഈ ഭേദഗതി ലോക്പാൽ നിയമത്തിന് വിരുദ്ധമല്ല. കേന്ദ്ര നിയമത്തിനു ചേർന്നു നിൽക്കുന്നതാണ്.
വി.ഡി സതീശൻ • അങ്ങയുടെ വാദങ്ങൾ രസകരമാണ്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് അങ്ങ് ഇപ്പോൾ പറയുന്നത്. അതിന് ആരാണ് അങ്ങേയ്ക്ക് അധികാരം നൽകിയത്. പാസാക്കപ്പെട്ട നിയമം ഭരണഘടനാ പരമാണോ അല്ലയോ എന്നു പറയാൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ.
രാജീവ് • എങ്കിൽ ഈ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ പ്രതിപക്ഷ നേതാവിനും അധികാരമില്ലല്ലോ.
വി.ഡി സതീശൻ • നിയമം പാസാക്കി കഴിഞ്ഞാൽ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ കോടതികൾക്ക് മാത്രമേ അധികാരമുള്ളൂ എന്നു പറഞ്ഞത് ഞാനല്ല, സുപ്രിംകോടതിയാണ്.
രാജീവ് • നിയമം മുഴുവനായി ഭരണഘടനാവിരുദ്ധം എന്നല്ല പറഞ്ഞത്. അതിലെ ഒരു വകുപ്പിന്റെ മാത്രം കാര്യമാണ്. അങ്ങനെ ഒരു വകുപ്പിന്റെ കാര്യത്തിൽ ഒരു നിയമസഭയ്ക്ക് തോന്നിയാൽ കോടതി കയറേണ്ട കാര്യമുണ്ടോ..?
മാത്യു കുഴൽനാടൻ • ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമായിരുന്നെങ്കിൽ നേരത്തേ കെ.ടി ജലീൽ വിഷയം വന്നപ്പോൾ എന്തുകൊണ്ട് നിങ്ങൾ അത് പറഞ്ഞില്ല.
നിങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടനയെ കൂട്ടുപിടിക്കരുത്.ഒരു സുപ്രിംകോടതി ജഡ്ജിയോ, ഹൈക്കോടതി ജഡ്ജിയോ പറഞ്ഞ നിയമപരമായ വിധിന്യായം പരിശോധിക്കാനുള്ള എന്ത് ജുഡീഷ്യൽ നോളജ് ആണ് മുഖ്യമന്ത്രിക്കും മറ്റുമുള്ളത്. യെദ്യുരപ്പയെ സ്വപ്‌നം കാണുന്നത് കൊണ്ടാണ് നിങ്ങൾ ഈ ഭേദഗതി കൊണ്ടുവന്നത്.
നേരത്തേ ലോകായുക്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം മാത്യു കുഴൽനാടൻ സഭയിൽ വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."