ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്; മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാന്‍ ശ്രമിക്കുന്നു: വിമര്‍ശിച്ച് കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ വളയമില്ലാതെ ചാടരുതെന്ന തലക്കെട്ടിലാണ് ലേഖനം.
ഗവര്‍ണര്‍ പദവി ഒരു അജഗളസ്തനമാണെന്നും അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാര്‍ടികള്‍ മുമ്പേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട് ഏറ്റുമുട്ടുകയെന്നത് നയമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഗവര്‍ണര്‍ക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മൊഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ബിജെപി- ആര്‍എസ്എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവര്‍ണര്‍.- ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."