പെഗാസസിൽ കേന്ദ്രം സഹകരിച്ചില്ല
ന്യൂഡൽഹി • പെഗാസസ് ചോർത്തൽ അന്വേഷിക്കാൻ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയോട് കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്ന് സുപ്രിംകോടതി.
സമിതിയുടെ അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയതായി ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ഇത് വെളിപ്പെടുത്തിയത്.
പരിശോധിച്ച 29 ഫോണുകളിൽ അഞ്ചിൽ ചാര സോഫ്റ്റ് വെയർ (മാൽവെയർ) കണ്ടെത്തി. അത് പെഗാസസ് ആണെന്ന് സ്ഥിരീകരിക്കാനായില്ലെന്നും കോടതി പറഞ്ഞു. കോടതിയിലെ നിലപാടാണോ സമിതിയോടും കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. തനിക്ക് അക്കാര്യം അറിയില്ലെന്നായിരുന്നു മറുപടി. സുപ്രിംകോടതിയിലും കേന്ദ്രം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ഫോണിൻ്റെ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴികെയുള്ളവ പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സമിതിയുടേത് വലിയൊരു റിപ്പോർട്ടാണ്. ഏത് ഭാഗം പരസ്യപ്പെടുത്താമെന്ന് പരിശോധിക്കും.
സാങ്കേതിക സമിതി റിപ്പോർട്ടിനൊപ്പം ജസ്റ്റിസ് രവീന്ദ്രൻ മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പൂർണമായും പരസ്യപ്പെടുത്തും. ചോർത്തൽ തടയാനും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാനുമുള്ള നിർദേശങ്ങൾ, ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ, ഉത്തരവാദിത്വം നിർണയിക്കൽ, നിയമഭേദഗതി കൊണ്ടുവരൽ, പരാതി പരിഹാരം തുടങ്ങിയവയിലുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. മാൽവെയർ, പൊതുഗവേഷണ സാമഗ്രികൾ, ഫോണുകളിലടങ്ങിയ രഹസ്യവിവരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മൂന്ന് ഭാഗങ്ങളുള്ള റിപ്പോർട്ടാണ് സാങ്കേതിക സമിതി സമർപ്പിച്ചത്. സ്വകാര്യത ലംഘിക്കുന്ന വിവരങ്ങളുള്ളതിനാൽ പരസ്യപ്പെടുത്തരുതെന്ന് സമിതി അഭ്യർഥിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി നാലാഴ്ചത്തേക്ക് മാറ്റി. റിപ്പോർട്ടിന്റെ പകർപ്പ് ഹരജിക്കാരുടെ അഭിഭാഷകരായ കപിൽ സിബൽ, വൃന്ദാഗ്രോവർ എന്നിവർ ആവശ്യപ്പെട്ടു. ജൂലൈയിലാണ് സമിതി സുപ്രിംകോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മുൻ ഐ.പി.എസ് ഓഫീസർ അലോക് ജോഷി, സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോ. സുദീപ് ഒബ്‌റോയ് എന്നിവരാണ് സമിതിയംഗങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."