ബുദ്ധി സത്യം തേടിപ്പുറപ്പെടുമ്പോൾ
ശുഐബുൽ ഹൈതമി
‘പ്രസ്താവത്തിൽ’ പണ്ടുണ്ടായിരുന്ന നിരീശ്വരവാദികളെ അന്നുണ്ടായിരുന്ന പണ്ഡിതന്മാർ വേണ്ടതുചെയ്ത് ചികിത്സിച്ച ചിന്താരീതികൾ പറഞ്ഞുകൊണ്ടാരംഭിക്കുന്ന 'വേദം യുക്തി വാദം' എന്ന കൃതി മലയാളത്തിൽ അവ്വിഷയം പറഞ്ഞ കൃതികളുടെ കൃതിയാണ്. ഓരോ പ്രസ്താവനയിലും ഗ്രന്ഥകൃത്ത്, കൃതഹസ്തനായ മുസ്തഫൽ ഫൈസിയുടെ സ്വതസിദ്ധമായ ടച്ച് ശബ്ദിക്കുമ്പോൾ പ്രതിപാദിക്കപ്പെടുന്ന മഹാവിഷയങ്ങൾ അവയുടെ സങ്കീർണമായ ജാഢകൾ ലംഘിച്ച് സാദാവിഷയങ്ങളായി വായനക്കാർക്കു മുന്നിൽ നിൽക്കുന്നു. ഒരോ ഉപശീർഷകവും അടുത്തതിനവസരമേകി പിൻവലിയുമ്പോൾ ഉളവാകുന്ന ഈ ലാളിത്യം തന്നെയാണ് കൃതിയുടെ ആകെത്തുകയായ ഗൗരവം പണിതത്. അക്കാദമിക വ്യവഹാരങ്ങൾക്ക് അർഹിക്കുന്ന സാങ്കേതിക വിശേഷങ്ങൾ ഒരുപരിധിയോളം നൽകാൻ രചനക്കു സാധിച്ചിട്ടുമുണ്ട്. 1985-2000 കാലയളവിൽ യുക്തിവാദ മണ്ഡലങ്ങളിൽ അരങ്ങേറിയ ഇസ്ലാം ഭജ്ഞനങ്ങളെ അക്കാലത്തിന്റെ ഭാഷയും മട്ടുമണിഞ്ഞ് ഖണ്ഡിക്കുമ്പോൾ പുതിയതലമുറക്ക് വായിച്ചു ശീലമില്ലാത്ത മുനയും മൂർച്ചയും ഗ്രഹണപഥത്തിൽ തടയും.
അടുക്കിവച്ച പാഠങ്ങളുടെ ക്രമത്തെക്കുറിച്ച് ഒരിട വേണ്ടാത്തത് തോന്നിയേക്കാം. ഈ പുസ്തകം പരികൽപ്പിച്ച മുൻഗണനാക്രമം അതിന്റെ സമാപനത്തിലെത്തുമ്പോഴേക്ക് നാലറ്റം കോർത്ത് ഉള്ളുള്ള പുസ്തകമായി രൂപാന്തരപ്പെടുകയാണ്. ആ മനോരൂപീകരണം നടക്കുമ്പോൾ വായനക്കാരനുണ്ടാവുന്ന അസ്വസ്ഥത ഗ്രന്ഥകാരന്റെ ആത്മാർഥതയെ ആശ്രയിച്ചു നിൽക്കുന്നു. യുക്തിവിരുദ്ധ യുക്തിവാദം, ഖുർആൻ ഒരു വിമർശന പഠനം, യുക്തിവാദി മാസിക, ഖുർആനിൽ എല്ലാമെല്ലാം, ഡോകിൺസിന്റെ ലോകം, ഡോകിൻസ് ഡില്യൂഷൻ, യുക്തിദർശനം, പെറുക്കിപ്പൊട്ടിക്കൽ, ചോദ്യോത്തരങ്ങൾ, ഇനി ഇവർ പറയട്ടെ മറുപടി എന്നിങ്ങനെ അധികം ഭംഗിയില്ലാതെ പറഞ്ഞുവച്ച തലക്കെട്ടുകളും അവയവങ്ങളുമാണ് പുസ്തകത്തിന്റെ ഉടൽ.
സംക്ഷിപ്തതയാണ് ഇതിൽ പറയേണ്ടുന്ന ഒന്ന്. വ്യംഗന്തരേണയും ഭംഗ്യന്തരേണയും വാക്കുകളുടെ കഷ്ണങ്ങൾ കോർത്ത് നർമങ്ങളിലൂടെ മർമം പറയാനുള്ള നടേപ്പറഞ്ഞ ടച്ച് ആവർത്തിക്കുന്നുണ്ട്, നാട്ടുഭാഷയുടെ ലാളിത്യം വിടാതെത്തന്നെ. നേരത്തെ പലരും ചർച്ചചെയ്ത ഭാഗങ്ങൾ തന്നെ പറയുമ്പോഴും വിശേഷിച്ചെന്തെങ്കിലും കിട്ടാത്ത ഭാഗങ്ങൾ പുസ്തകത്തിൽ കിട്ടാനില്ല. മതം വിപരീതം പൊതുബോധം എന്ന ദ്വന്ദത്തിന്റെ കാലമാണിത്. പൊതുബോധത്തിനൊത്ത് മതത്തെയും തിരിച്ചും പാകപ്പെടുത്തുന്നതിന്റെ ജനാധിപത്യാവകാശങ്ങൾ വലിയ ചർച്ചകൾക്കു വഴിവയ്ക്കുകയാണിപ്പോൾ. അതിനിടെ, യുക്തിവാദത്തെ പൊതുബോധത്തിനെതിരാക്കി മതമാണ് പൊതുബോധം എന്നുവരുത്തുന്നുണ്ട് പുസ്തകം.
മനുഷ്യന്റെ നിസാരതയെ തൊട്ടുണർത്താൻ ഭൂമിയിൽ തന്നെയുള്ള ബർമുഡ ട്രയാങ്കിൾ, നവാദാ ട്രയാങ്കിൾ തുടങ്ങിയ നിഗൂഢതകൾ മുന്നോട്ടുവയ്ക്കുന്ന പുസ്തകം അഹംഭാവത്തെ കോറിയിട്ടേ കടന്നുപോവുന്നുള്ളൂ. സ്ത്രീപുരുഷ സന്തുലനമാണ് പ്രകൃതിനീതി എന്ന ചർച്ചയിൽ 'സ്ത്രീ കൃഷിയിടമാണ്' എന്ന പ്രമാദമായ മതോക്തിയുടെ ആശയം ഇത്ര ഭംഗിയിൽ സമർഥിക്കപ്പെട്ട പുസ്തകം അന്യാദൃക്കാണ്. അനന്തരാവകാശവുമായി ബന്ധപ്പെട്ട് കൊണ്ടാവും ഒരുപക്ഷേ ഖുർആൻ പ്രത്യക്ഷത്തിൽ ഏറ്റവും കഴമ്പുണ്ടെന്നു തോന്നിക്കുന്ന വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ടാവുക. സ്ത്രീ പുരുഷാവകാശത്തിന്റെ അനുപാത വ്യത്യാസങ്ങൾ, പിതാമഹനും പൗത്രനുമിടയിലെ അർഹാർഹതകൾ, വിശുദ്ധ ഖുർആനിലെ ഹാര്യവും ഹാരകവും തുടങ്ങിയ ഭാഗങ്ങൾ അവതരിപ്പിക്കുമ്പോൾ രചന കാണിച്ച സൂക്ഷ്മതയും കൃത്യതയും മറ്റു മലയാള ഭേദങ്ങളെ അപേക്ഷിച്ച് എടുത്തു പറയേണ്ടതാണ്. തുടക്കം കുറിച്ചത് ഇസ്ലാമല്ലാതിരുന്നിട്ടും അടിമത്തം നിരോധിക്കേണ്ട ബാധ്യത; അക്കാലത്തെ അടിമത്ത സമ്പ്രദായം എന്തായിരുന്നുവെന്നറിയാതെ ഇസ്ലാമിനുമേൽ ചുമത്തുന്ന രീതി വിശകലനം ചെയ്യവേ, പരമസ്വതന്ത്രരെന്നു കരുതുന്ന ആധുനികർ കോർപറേറ്റ് ഭീമന്മാരുടെ ദാസ്യം പേറുന്ന അടിമത്തത്തെ കുറിച്ച് ഗ്രന്ഥം നിരീക്ഷിച്ചത് ശ്രദ്ധേയമായി.
ജെയിംസ് വെബ് ടെലസ്കോപ്പ് പ്രപഞ്ചോൽപ്പത്തിയെ കുറിക്കുന്ന സൂചനകൾ ശേഖരിച്ച് തുടങ്ങുന്നുവെന്ന വാർത്തകളുടെ കാലത്താണ് ഈ കൃതി പുറത്തിറങ്ങിയത്. ‘ഖുർആനും ശാസ്ത്രവും’ സംസാരിക്കുന്ന ഭാഗം ‘ഭൗതികമായി കണ്ടെത്തപ്പെട്ട ശേഷം ഖുർആനിൽ നേരത്തെ വന്നതാണ്് ’ എന്ന വർത്തമാനത്തെ വൃത്തിയിൽ വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത്, അന്യഗ്രഹ ജീവികളുടെ അസ്തിത്വ സാധ്യതകൾക്കു വിശുദ്ധ ഖുർആൻ നൽകുന്ന സാധൂകരണങ്ങൾ തന്നെ.
‘ജീവലോകത്തെ മഹാത്ഭുതം’ എന്ന ശീർഷകത്തിനു താഴെ ഗഹനവും കൗതുകകരവുമായ ജ്ഞാനങ്ങൾ നിറയുന്നുണ്ട്. തൻത്വാവിയുടെ തഫ്സീറുൽ ജവാഹിർ, ദമീരിയുടെ ഹയാതുൽ ഹയവാൻ തുടങ്ങിയ അവലംബങ്ങളെ ഉപജീവിച്ച് വിന്യസിക്കപ്പെട്ട അറിവുകൾ വിസ്മയാവഹമാണ്. വിശുദ്ധ ഖുർആനിന്റെ അമാനുഷികതയിൽ സന്ദേഹമുന്നയിച്ചവരോടുള്ള അല്ലാഹുവിന്റെ 'വെല്ലുവിളി'യിൽ തുല്യത എങ്ങനെ, ആര് തീരുമാനിക്കുമെന്ന പരിഹാസത്തിന്റെ അപഹാസ്യത അനാവരണം ചെയ്ത് ഗ്രന്ഥകാരൻ നടത്തിയ നിരീക്ഷണം കൃത്യമാണ്. കാര്യമറിയാതെ ഒരുഭാഗത്തു വിശുദ്ധ ഖുർആനും മറുഭാഗത്ത് ലോക ക്ലാസിക്കുകളും വച്ച് താരതമ്യം ചെയ്ത് ഖുർആനിനെ 'നൂലി'ന് ജയിപ്പിച്ചെടുക്കുന്നവർ ഈ ഭാഗം വായിക്കേണ്ടതുണ്ട്.
ഡിജിറ്റൽ മാൻ എന്ന ആധുനിക സങ്കൽപത്തെ മതപശ്ചാത്തലത്തിൽനിന്ന് നടത്തുന്ന അപഗ്രഥനം സൂക്ഷ്മവും അനിതരവുമാണ്. പരലോക പുനരുത്ഥാനം മുതൽക്കിങ്ങോട്ട് മഹാത്മാക്കളുടെ ലോകത്തെ 'അബ്ദാൽ' സങ്കൽപം വരെ ഭംഗിയിൽ സാധൂകരിക്കപ്പെടുന്ന ഭാഗം വായനയുടെ നവ്യാനുഭവമായിരിക്കും. ഹൈന്ദവത മുന്നോട്ടുവയ്ക്കുന്ന 'പുനർജന്മ' സങ്കൽപത്തോട് സാമ്യമല്ലാതെ, ഒരാത്മാവിനു വ്യത്യസ്ത കാലസന്ധിയിൽ വ്യത്യസ്ത മനുഷ്യശാരീരികാവസ്ഥകൾ ചില സൂഫികളുടെ അഭിപ്രായത്തിൽ ഉണ്ടാവാം എന്ന നിരീക്ഷണംവഴി ഈ കൃതി പുതിയൊരു സംവാദ പരിസരം സൃഷ്ടിച്ചിരിക്കുയാണ്. ഇവിടെ, ദൈവിക ശിക്ഷയുടെ യുക്തി, യുക്തികൂടി അടിസ്ഥാനപ്പെടുത്തി വ്യാഖ്യാനിച്ചതാവാം ഗ്രന്ഥകൃത്ത്.
സൂഫിസം മുന്നോട്ടുവയ്ക്കുന്ന വഹ്ദതുൽ വുജൂദിനെതിരായ പ്രധാന വിമർശനം അത് ശ്രീ ശങ്കരന്റെ അദ്വൈത ദർശനമാണെന്നും സമാനമായി ബഹുദൈവത്വ വാദമാണെന്നുമാണ്. പ്രത്യക്ഷത്തിൽ തോന്നുന്ന സാമ്യത്തിനപ്പുറം അവ പൂർണമായും പരസ്പര വിപരീതങ്ങളായ ആശയങ്ങളാണെന്ന് വിശ്വവിജ്ഞാനകോശവും ഹദീസുകളും മുൻനിർത്തി സംസാരിക്കുന്ന ഭാഗവും വിലപ്പെട്ടതാണ്.
പുനർജീവനത്തെ സംബന്ധിച്ച ചർച്ച കൂടുതൽ അന്വേഷണങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും പറഞ്ഞുതീർത്തതിൽ വ്യക്തതക്കുറവില്ലതാനും. ചോദ്യോത്തരങ്ങൾ എന്ന ഭാഗത്ത് 28 തലയെടുപ്പുള്ള പ്രമേയങ്ങളിലൂടെയാണ് കൃതി സഞ്ചരിക്കുന്നത്. ഒരുപക്ഷേ, ഈ പുസ്തകത്തിന്റെ കലാശക്കൊട്ട് എന്നു വിശേഷിപ്പിക്കാവുന്ന അവിടെ, കഴിഞ്ഞ 40 വർഷങ്ങളിലെ മലയാളത്തിലെ ഇസ്ലാം വിമർശനങ്ങളുടെ നാൾവഴികൾകൂടി നിഴലിക്കുന്നുണ്ട്. കൂട്ടത്തിൽ ‘ക്രിസ്തു ജീവിച്ചിരുന്നില്ല’എന്ന ഭാഗത്തെ ചില ‘ഓപറേഷനുകൾ’ കാണുമ്പോഴാണ് എന്തുകൊണ്ട് മുസ്തഫൽ ഫൈസി എന്നതിനുത്തരമാവുന്നത്. 1970, 1941 എന്നീ രണ്ടു വർഷങ്ങൾ എന്നുമുതലാണ് കാലഘടനയുടെ ഭാഗമായതെന്ന ഗ്രന്ഥകർത്താവിന്റെ ചോദ്യത്തിന് ക്രിസ്തു ജനിച്ചിട്ടില്ല എന്നു പറയുന്നവർ കൈമലർത്തേണ്ടി വരും.
ലോകശ്രദ്ധ നേടിയ പ്രതിഭാവിലാസങ്ങൾ അവർക്കു ശരിയാണെന്ന് ബോധ്യപ്പെട്ട ഇസ്ലാമിനെ കുറിച്ച് സംസാരിച്ചതിന് പുന:ശബ്ദമേകാനുള്ള ശ്രമമാണ് അടുത്ത ഭാഗങ്ങൾ. അവസാനഭാഗം വിഷയാടന മധ്യേ സൂചിപ്പിക്കപ്പെട്ട രേഖകളുടെ കൊളാഷാണ്. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർക്ക് മുതൽക്കൂട്ടാണവ. ഹദീസിലെ ഈച്ചച്ചിറക് വിവാദം, പനിക്ക് ജലപാനചികിത്സ തുടങ്ങിയവയെ മെഡിക്കൽ സയൻസ് ശരിവയ്ക്കുന്ന കടലാസ് ചിത്രങ്ങൾ എടുത്തുപറയേണ്ടതാണ്.
‘വേദം യുക്തി വാദം’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കങ്ങൾക്കും പ്രമേയങ്ങൾക്കും യോജിച്ച ഭാഷാശൈലിയാണ് ഉടനീളം പ്രയോഗിക്കപ്പെട്ടത്. മൗനവും ഓർമയുമല്ല, ശബ്ദവും ആലോചനയുമാണ് വാക്യങ്ങളോരോന്നും. മലയാളഭാഷാ നിയമങ്ങൾക്കു ഗ്രന്ഥകൃത്ത് മധ്യമലബാറിന്റെ തനതുശൈലി കൂടി ചാലിച്ചത് വായനയെ സരളമാക്കുന്നു. മതമേഖലയിലേക്ക് ചേർക്കപ്പെടുന്ന അധിക മെഴുത്തുകാരും പാലിക്കാത്ത ചിഹ്നങ്ങളുടെ ഔചിത്യം ഭംഗിയായി പാലിക്കപ്പെട്ടിരിക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."