ദുർമോഹികളുടെ പോക്കറ്റു ജനാധിപത്യം
തങ്ങളുടെ സഖ്യകക്ഷികളല്ലാത്ത സർക്കാരുകളെ അട്ടിമറിക്കാൻ ബി.ജെ.പി ഇതുവരെയായി 6,300 കോടി രൂപ ചെലവാക്കിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വെളിപ്പെടുത്തൽ നടുക്കത്തോടെ മാത്രമേ ജനാധിപത്യ ഇന്ത്യക്ക് കേൾക്കാനാവൂ. അധികാരത്തിന്റെ ആയുധമുപയോഗിച്ച് അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനൊപ്പം ജനപ്രതിനിധികളെ പണം കൊടുത്ത് വാങ്ങിക്കുകയുമാണ് ബി.ജെ.പി. എം.എൽ.എമാർക്ക് വിലയിട്ട് അധികാരമുറപ്പിക്കുന്ന ഒരു നാട്ടിൽ, ജനാധിപത്യത്തിന് എന്തു പ്രസക്തിയാണുള്ളത്. ജയിച്ചു കഴിഞ്ഞാൽ തങ്ങൾ എവിടെയാണ് നിൽക്കേണ്ടതെന്നു പണത്തിന്റെ ബലത്തിൽ തീരുമാനമെടുക്കുന്നവരെ ജനം എന്തു ഉറപ്പിന്റെ പേരിലാണ് തെരെഞ്ഞെടുത്തയക്കുക! പല സംസ്ഥാനങ്ങളിലും പണം നൽകി കൂറുമാറ്റി കോൺഗ്രസ് മന്ത്രിസഭകളെ മറിച്ചിടുകയാണ് ബി.ജെ.പി. പണം വാങ്ങി ഇങ്ങനെ വഴങ്ങിക്കൊടുക്കുന്നവരുടെ പെരുപ്പം ജനാധിപത്യത്തിലുള്ള പൗരന്മാരുടെ വിശ്വാസത്തെത്തന്നെയാണ് തകർക്കുന്നത്.
കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഡൽഹിപോലുള്ള സംസ്ഥാനങ്ങളിലേക്കുവരെ ബി.ജെ.പിയുടെ നീരാളിക്കൈകൾ നീങ്ങിതുടങ്ങിയപ്പോഴാണ് അരവിന്ദ് കെജരിവാളിന് ബോധോദയമുണ്ടായത്. ഗോവ, അസം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ സംസ്ഥാന ഭരണകൂടങ്ങളെ ബി.ജെ.പി, കോടികൾ ചെലവാക്കി അട്ടിമറിച്ചുകൊണ്ടിരുന്നപ്പോൾ കെജ് രിവാൾ ശബ്ദിച്ചില്ല. ജനങ്ങളുടെ നികുതിപ്പണം എടുത്താണ് കേന്ദ്രസർക്കാർ നെറികേട് രാഷ്ട്രീയം പയറ്റുന്നതെന്ന് അന്നദ്ദേഹം പറഞ്ഞില്ല. ജർമൻ പുരോഹിതൻ മാർട്ടിൻ നീംലർ എഴുതിയ പ്രശസ്ത കവിതയുടെ അവസാന വരികൾ, ഒരുവേള കെജ്രിവാൾ ഓർക്കുന്നുണ്ടാവും: ഒടുവിൽ അവർ എന്നെത്തേടി വന്നു. അപ്പോൾ എനിക്കു വേണ്ടി ശബ്ദിക്കാൻ ആരും ബാക്കിയില്ലായിരുന്നു'. ആം ആദ്മി നേതാവും മന്ത്രിയുമായ മനീഷ് സിസോദിയേയും ഇ.ഡി തേടിയെത്തിയപ്പോഴാണ് കെജ് രിവാളിന് ബി.ജെപിയുടെ ജനാധിപത്യക്കുരുതിയെക്കുറിച്ചു തിരിച്ചറിവുണ്ടായത്.
സർക്കാരുകളെ അട്ടിമറിക്കാൻ ഖജനാവിലെ പണം ഉപയോഗിക്കുന്നതിനാലാണ് ഭക്ഷ്യവസ്തുക്കൾക്കും ജി. എസ്.ടി ഏർപ്പെടുത്തിയതെന്ന കെജ് രിവാളിന്റെ ആരോപണം അതീവ ഗുരുതരം തന്നെയാണ്. ഇത്തരമൊരു തുറന്നുപറച്ചലിലൂടെ ബി.ജെ.പിയുടെ തനിനിറമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കെജ് രിവാളിന്റെ ആരോപണം അഴിമതിയുടെ പരിഷ്‌കരിച്ചരൂപത്തെ ദൃശ്യപ്പെടുത്തുന്നുമുണ്ട്. രാജ്യത്ത് ഒരു സീരിയൽ കില്ലർ സർക്കാരുണ്ടെന്നും അതു തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്നും 277 എം.എൽ.എ മാരെ ഈ വിധം അവർ കഴിഞ്ഞ വർഷങ്ങളിൽ വിലക്ക് വാങ്ങിയെന്നുമുള്ള കെജ് രി വാളിന്റെ ആരോപണം ബി.ജെ.പിക്ക് രാഷ്ട്രീയ ഭീകരന്റെ മുഖമാണ് നൽകുന്നത്. ആം ആദ്മി സർക്കാരിൽനിന്നു പുറത്ത് വന്നാൽ 20 കോടി വരെ നൽകാമെന്നും അല്ലാത്തപക്ഷം കേസുകളിൽ കുടുക്കുമെന്നുമായിരുന്നു ഓപറേഷൻ താമര കൊണ്ട് ബി.ജെ.പി ഡൽഹിയിൽ ഉദ്ദേശിച്ചിരുന്നതത്രെ. മദ്യ നയക്കേസിൽ മനീഷ് സിസോദിയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തതിന് പിന്നാലെയാണ് ബി.ജെ.പിയുമായി ആം ആദ്മി തുറന്നപോരിനിറങ്ങിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി അവിടെ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി വിരുദ്ധ പ്രചാരണങ്ങളും ആം ആദ്മി ഭരണകൂടത്തെ മറിച്ചിടാൻ പ്രേരണയായിട്ടുണ്ട്. 40 എം.എൽ.എമാർക്ക് 20 കോടി വീതമാണ് വിലയിട്ടത്. ബി.ജെ.പിക്ക് 800 കോടി എവിടന്നു കിട്ടിയെന്ന് ഓപറേഷൻതാമര പരാജയപ്പെട്ടതിന് ശേഷം ആം ആദ്മി ചോദിക്കുകയുണ്ടായി.
ആം ആദ്മി നേതാക്കൾക്കെതിരേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡൽഹിയിൽ ഓപറേഷൻ താമരക്ക് കളമൊരുങ്ങിയത്. എം.എൽ.എമാരുടെ യോഗം വിളിച്ചുചേർത്ത് പിന്തുണ ഉറപ്പാക്കിയതിനു ശേഷമാണ് ഓപറേഷൻ താമര ചെളിത്താമരയായി വിരിഞ്ഞെതെന്ന പരിഹാസം കെജ് രിവാൾ തൊടുത്തുവിട്ടത്. തുടർന്നാണ് എം.എൽ.എമാർക്കൊപ്പം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ കെജ്രി വാൾ പ്രാർഥന നടത്തിയത്.
ഓപറേഷൻ താമര ഡൽഹിയിൽ പരാജയപ്പെട്ടതിനു പിന്നാലെ ജാർഖണ്ഡിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ് ബിജെപി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കുമെന്ന പ്രതീക്ഷയിലാണ് അവരിവിടെ കരുക്കൾ നീക്കുന്നത്. ജെ.എം.എം -കോൺഗ്രസ്-ആർ ജെ.ഡി മഹാസഖ്യ സർക്കാരിനെ അട്ടിമറിക്കുക തന്നെയാണ് ലക്ഷ്യം. അനധികൃത ഖനി അലോട്മെന്റാണ് ഹേമന്ത് സോറന്റെ എം.എൽ.എ സ്ഥാനം അയോഗ്യമാക്കുന്നതിന് നിമിത്തപ്പെടുത്തിയത്. എങ്കിലും മുഖ്യമന്ത്രിയായി തുടരാം. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചെത്തിയാൽ മതി. അട്ടിമറി ഭയന്നാണ് സോറനും എം.എൽ.എ മാരും തലസ്ഥാനമായ റാഞ്ചി വിട്ട് ഖുംടി ജില്ലയിലെ ലത്‌റാത് ഡാമിൽ അഭയം തേടിയത്. കഴിഞ്ഞ ദിവസം റാഞ്ചിയയിൽ തിരിച്ചെത്തുകയും ചെയ്തു. എങ്കിലും ബി.ജെ.പിയുടെ ഭീഷണി ഒഴിഞ്ഞുപോയെന്നു കരുതാനാവില്ല. കോടികളും വഴിക്കണ്ണുകളുമായി അവർ കാത്തിരിപ്പുണ്ട്; ഏതോ ഒരുപഴുതിൽ.
ഇന്ത്യൻ ജനാധിപത്യം പണാധിപത്യത്തിന് കീഴപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പാഠഭാഗങ്ങളാണ് ഇതൊക്കെയും. രാജ്യം ഇപ്പോൾ അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുകയാണ്. ഭീതിദതമായ ഈ സൂചനയാണ് ഡൽഹിക്ക്, പിന്നാലെ ജാർഖണ്ഡും നൽകുന്നത്.
മോദി ഭരണത്തിൽ ഇന്ത്യയിൽ ജനാധിപത്യം ഏത് രീതിയിലാണ് പുലർന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ കാഴ്ചയും കൂടിയാണിത്. പണം കിട്ടിയാൽ എവിടേക്കും മാറുന്നവരായി ജനപ്രതിനിധികൾ തരംതാഴ്ന്നിരിക്കുന്നു. അധികാരവും സമ്പത്തും കിട്ടിയാൽ എന്തിനും തയാറായി നിൽക്കുന്നവരാണ് പല പാർട്ടികളിലെയും എം.എൽ.എമാർ. ഈ മോഹവലയത്തിൽ എം.എൽ.എമാരെ എത്ര കാലം തടുത്തു നിർത്തുവാൻ പാർട്ടികൾക്ക് കഴിയും. കേസ് ഭീഷണിയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളും പണക്കിഴിയുമായി ബി.ജെ.പി കാത്തിരിക്കുമ്പോൾ പ്രത്യേകിച്ചും.
ജനപ്രതിനിധികളെന്ന് പറയപ്പെടുന്ന ഇൗ ധനമോഹികളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേരറുത്തു കൊണ്ടിരിക്കുന്നത്. അവർ തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെ യഥാർഥ ശത്രുക്കൾ. ഇത്തരം ആളുകളാണ് ഓരോ രാഷ്ട്രീയപ്പാർട്ടിയിലും ഉള്ളതെങ്കിൽ തെരഞ്ഞെടുപ്പുകൾ കൊണ്ടെന്തു പ്രയോജനം! പിറകേ വരുന്ന ഒരു തലമുറക്ക് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടു തന്നെ വിരക്തി വർധിപ്പിക്കില്ലേ? ഇത് ജനാധിപത്യത്തിന്റെ മറ്റൊരു ഗളഛേദമായി ഭവിക്കില്ലേ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."