വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല; തീരശോഷണം പഠിക്കാന്‍ സമിതിയെ നിയോഗിക്കും, നിയമസഭയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. തുറമുഖം വന്നാല്‍ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണ്. സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്കാന്‍ സമിതിയോട് ആവശ്യപ്പെടും.തീരശോഷണം സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും സംഘര്‍ഷം ഉണ്ടാക്കണം എന്ന രീതിയിലുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഏറെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത് തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഒഴികെ പ്രാദേശികമായുള്ള ആശങ്കകളും പ്രശ്‌നങ്ങളും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതുമനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."