ദേശീയപാത വികസനം മണ്ണിലടക്കിയവർ മറ്റൊരിടത്തേക്ക്; ഹൃദയവിങ്ങലോടെ പാലപ്പെട്ടി
രമേശ് അമ്പാരത്ത്
മാറഞ്ചേരി(മലപ്പുറം) • മണ്ണിലടക്കിയ ഉറ്റവരെയെടുത്ത് വീണ്ടും മണ്ണിലേക്കിറക്കുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ വിതുമ്പി, നയനങ്ങൾ നിറഞ്ഞു. നാടിന്റെ വികസനത്തിനു വേണ്ടിയാണെന്നോർത്ത് അവരതിനോട് പൊരുത്തപ്പെടുകയും ചെയ്തു. ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റുന്ന വീടുകൾക്കും പള്ളികൾക്കും സ്ഥാപനങ്ങൾക്കുമപ്പുറം വർഷങ്ങൾക്കു മുമ്പ് മണ്ണോടു ചേർന്നവർക്കും ആ പ്രദേശത്തുകാർ മറ്റൊരിടം നൽകി. പാലപ്പെട്ടി ബദര്‍ പള്ളി മഹല്ല് കമ്മിറ്റിയും മഹല്ല് വാസികളും അവരുടെ ഹൃദയവിശാലതയാണ് ഈ പ്രവൃത്തിയിലൂടെ സമൂഹത്തിന് പകർന്നത്.
ദേശീയപാത വികസനത്തിനായി പള്ളിപ്പറമ്പിലെ 45 സെന്റ് സ്ഥലത്തെ 314 ഖബറുകൾ പൊളിച്ചുമാറ്റി മാറ്റൊരിടത്തേക്ക് മാറ്റി. പൊളിച്ച ഖബറുകള്‍ മാറ്റിസ്ഥാപിക്കുന്ന സമയത്ത് ഇവിടെ മറവുചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ നിറകണ്ണുകളോടെ എത്തിയിരുന്നു. 15 വര്‍ഷം മുതല്‍ അറുപതിലേറെ വര്‍ഷം പഴക്കമുള്ള ഖബറിടങ്ങളാണ് പൊളിച്ചുമാറ്റിയത്. 314ല്‍ 130 ഖബറുകള്‍ ബന്ധുക്കളെത്തി മാറ്റിസ്ഥാപിച്ചപ്പോള്‍ ബാക്കിയുള്ളവ പാലപ്പെട്ടി ബദര്‍ പള്ളി മഹല്ല് കമ്മിറ്റിയുടെയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പുതിയ ഖബറുകള്‍ കുഴിച്ച് മറവുചെയ്തു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പാലപ്പെട്ടി ബദര്‍ പള്ളി ഖബര്‍സ്ഥാന്റെ രണ്ടര ഏക്കര്‍ സ്ഥലത്തുനിന്ന് അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയതെന്ന് പ്രസിഡന്റ് കോനേത്ത് ഇബ്രാഹിം ഹാജി, സെക്രട്ടറി അബ്ദുറസാഖ്, ട്രഷറര്‍ ഇസ്മായില്‍ ആലുങ്ങല്‍ എന്നിവര്‍ പറഞ്ഞു. ദേശീയപാത വികസനം ചര്‍ച്ചയായ 15 വര്‍ഷം മുമ്പുതന്നെ പള്ളിക്കമ്മിറ്റി വികസനത്തിനായി വിട്ടുനല്‍കേണ്ടി വരുമെന്ന് കരുതിയ ഈ സ്ഥലത്ത് മയ്യിത്ത് മറവുചെയ്യുന്നത് ഒഴിവാക്കിയിരുന്നു.
പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് പുതിയ ഖബറുകള്‍ കുഴിച്ച് അവിടേക്കാണ് മാറ്റിയതെന്ന് ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റി പ്രസിഡന്റ് ഷംസു നാലകത്ത്, സെക്രട്ടറി മുസ്തഫ പേങ്ങാട്ടയില്‍, ട്രഷറര്‍ ഷാനവാസ് പേങ്ങാട്ടയില്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."