ക്ഷേമ പെൻഷൻ; അനർഹരെ പൂട്ടാൻ സർക്കാർ
നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ പുറത്താകും
അധികഭൂമിയുള്ളവരെ കണ്ടെത്താൻ രജിസ്‌ട്രേഷൻ വകുപ്പ് – പെൻഷൻ വെബ് സൈറ്റുകൾ
ബന്ധിപ്പിക്കും
ടി. എസ് നന്ദു
കോട്ടയം • ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന അനർഹരെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ട് ഏക്കറിൽ അധികം വസ്തു ഉള്ളവരും ഒരു ലക്ഷം രൂപയിലധികം കുടുംബ വാർഷിക വരുമാനം ഉള്ളവരുമായ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കാനാണ് നിർദേശം. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ 30ന് പഞ്ചായത്ത് ഡയരക്ടർ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും നിർദേശം നൽകി ഉത്തരവിറക്കി.
2019 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവരിലെ അനർഹരെ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നൊഴിവാക്കാനാണ് നിർദേശം. ഇതിനായി ഗുണഭോക്താക്കൾ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) അതാത് തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് നൽകണം. ഇതിലൂടെ പരിധിക്കു പുറത്തുള്ളവരെ കണ്ടെത്തി നീക്കം ചെയ്യും. സമയ പരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നു സസ്പെൻഡ് ചെയ്യും. അത്തരക്കാർക്ക് 2023 മാർച്ച് മുതൽ ക്ഷേമ പെൻഷനുകൾ അനുവദിക്കില്ല. സർട്ടിഫിക്കറ്റ് ഹാജറാക്കുന്ന മുറയ്ക്ക് പെൻഷൻ തദ്ദേശ സ്ഥാപന സെക്രട്ടറി പുനഃസ്ഥാപിക്കും.
എന്നാൽ തടയപ്പെട്ട കാലത്തെ പെൻഷൻ കുടിശിക ലഭിക്കില്ല. 2020 ജനുവരി മുതൽ വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കുന്നവർക്കാണ് പെൻഷൻ നൽകി വരുന്നത്. രണ്ടേക്കറിൽ കൂടുതൽ വസ്തു ഉള്ളവരെ കണ്ടെത്താനായി രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റും പെൻഷൻ വെബ്സൈറ്റായ 'സേവന'യും തമ്മിൽ ബന്ധിപ്പിക്കും. ക്ഷേമപെൻഷൻ പദ്ധതിയിലെ അനർഹരെ കണ്ടെത്താൻ ഈ നടപടികൾ വേഗത്തിലാക്കാനാണ് നിർദേശം. പട്ടിക വർഗ വിഭാഗത്തിന് നിർദേശങ്ങൾ ബാധകമല്ല. ഇതോടെ നല്ലൊരു ശതമാനം ഗുണഭോക്താക്കൾ പദ്ധതിക്ക് പുറത്താകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയിൽ വലയുന്ന സർക്കാരിന് ഇത് നേരിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് നിയന്ത്രിക്കണമെന്ന് വില്ലേജ് ഓഫിസർമാർക്ക് വാക്കാൽ നിർദേശം നൽകിയെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."