പ്ലസ് വൺ;കമ്മ്യൂണിറ്റി സീറ്റിൽ വീണ്ടും അട്ടിമറി
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം • പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ വീണ്ടും സർക്കാർ അട്ടിമറി. കമ്മ്യൂണിറ്റി ക്വാട്ടയിലെ ഒഴിവുവന്ന മുഴുവൻ സീറ്റുകളും സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓപ്പൺ മെറിറ്റിലേക്ക് ലയിപ്പിച്ചാണ് അട്ടിമറി നീക്കം.
കഴിഞ്ഞ ദിവസമാണ് സർക്കാർ സപ്ലിമെന്ററി സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് ഒഴിവുവന്ന മുഴുവൻ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളും ഓപ്പൺ മെറിറ്റിലേക്ക് ലയിപ്പിച്ചത്. ഈ സീറ്റുകൾകൂടി ഉൾപ്പെടുത്തിയായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുകയെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്.
രണ്ടാം അലോട്ട്മെന്റിനൊപ്പം തന്നെ കമ്മ്യൂണിറ്റി ക്വാട്ട പട്ടിക പ്രസിദ്ധീകരിച്ച് അട്ടിമറിക്ക് സർക്കാർ ശ്രമിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുകയും മൂന്നാം അലോട്ട്മെന്റിൽ മെറിറ്റിൽ സീറ്റ് ലഭിക്കുകയും ചെയ്തവർക്ക് പ്രവേശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.
ഇതോടെ ഒഴിവു വന്ന കമ്മ്യൂണിറ്റി സീറ്റിലേക്ക് നേരത്തെയുണ്ടായിരുന്ന പട്ടിക നിലനിൽക്കെതന്നെ സ്‌കൂളുകളോട് സപ്ലിമെന്ററി അലോട്ട്മെന്റ് വിളിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ 31 നകം പൂർത്തിയാക്കാനും നിർദേശം നൽകി. എന്നാൽ നിരവധി കമ്മ്യൂണിറ്റി സീറ്റുകൾ ഒഴിഞ്ഞു കിടക്കേ തന്നെ പ്രവേശന നടപടികൾ അവസാനിപ്പിച്ച് ബാക്കിവന്ന മുഴുവൻ സീറ്റുകളും പൂർണമായും സർക്കാർ ഓപ്പൺ മെറിറ്റിലേക്ക് ലയിപ്പിച്ചു.
സാധാരണ രീതിയിൽ അപേക്ഷകരില്ലാത്ത സ്‌പോർട്‌സ്, എസ്.സി, എസ്.ടി ഉൾപ്പെടെ സീറ്റുകൾ മെറിറ്റിൽ ലയിപ്പിച്ചാണ് സപ്ലിമെന്ററി അലോട്ട്മെന്റ നടപടികൾ ആരംഭിക്കുക. എന്നാൽ അപേക്ഷകർ നിരവധി പേരുള്ള മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശന നടപടികൾ പൂർണമായും പൂർത്തിയായ ശേഷവും പ്രവേശനം സാധ്യമായിരുന്നു. നിലവിൽ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശന നടപടികൾ ഇപ്പോഴും പൂർത്തിയായില്ലെന്നിരിക്കേയാണ് വിചിത്ര നടപടികളുമായി വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു പോകുന്നത്.
നിലവിൽ കമ്മ്യൂണിറ്റി ക്വാട്ടയിലെ എല്ലാ സീറ്റും മെറിറ്റിൽ ലയിപ്പിച്ചതോടെ സപ്ലിമെന്ററിയിലും പ്രവേശനം ലഭിക്കാത്ത കമ്മ്യൂണിറ്റി പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ അവസരം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."