കപ്പലില്‍ കയറിപ്പറ്റി മൂന്നാഴ്ചയ്ക്കു ശേഷം സ്കോട്ട്ലന്റില്‍; ഇന്ത്യന്‍ അണ്ണാന് ഇവിടെ സുഖവാസം
ഇന്ത്യയില്‍ നിന്ന് കപ്പലില്‍ കയറിപ്പറ്റി മൈലുകള്‍ താണ്ടി മൂന്നാഴ്ചത്തെ കടല്‍ യാത്രയ്ക്കു ശേഷം സ്കോട്ട്ലന്റിലെത്തിയ അണ്ണാനെ രക്ഷപ്പെടുത്തി. ആബെര്ഡീന്ഷെയറിലെ നോര്‍ത്ത് ഈസ്റ്റ് വൈല്‍ഡ്ലൈഫ് ആന്‍ഡ് അനിമല്‍ റെസ്ക്യു സെന്ററിലെ ന്യൂ ആര്‍ക് വൈല്‍ഡ്ലൈഫ് ഹോസ്പിറ്റലില്‍ സുഖമായി കഴിയുകയാണ് വിദ്വാന്. ന്യൂ ആര്‍ക്ക് അധികൃതര്‍ അണ്ണാന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് 'സിപ്പി'യുടെ കഥ പുറംലോകമറിഞ്ഞത്. സിപ്പി എന്ന പേര് ആശുപത്രി അധികൃതര്‍ നല്‍കിയതാണ്.
ആഗസ്ത് 29ന് സ്കോട്ട്ലന്റുകാരായ രണ്ടു പേരാണ് അണ്ണാന് കപ്പലിലെത്തിയ വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ അണ്ണാനെ സ്വീകരിക്കാമോ എന്നു ചോദിച്ചാണ് വിളിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ജീവനക്കാരെത്തി അതിഥിയെ കൂട്ടിലാക്കി ആശുപത്രിയിലെത്തിച്ചു. പരിചരണങ്ങള്‍ക്കൊടുവില്‍ നല്ല ഉന്മേഷവാനാണ് സിപ്പിയെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ ഏത് തുറമുഖത്തുനിന്നാണ് കപ്പലില്‍ കയറിയതെന്ന് വ്യക്തമല്ല.
ഇന്ത്യയില്‍ 40ലധികം തരത്തിലുള്ള അണ്ണാനുകളുണ്ടെന്നും മുതുകിലൂടെ വാലുവരെ നീളുന്ന മൂന്ന് വരകളുള്ള ഇന്ത്യന്‍ പാം സ്ക്വിറെല് ആണിതെന്നും ന്യൂ ആര്‍ക് വൈല്‍ഡ്ലൈഫ് അധികൃതര്‍ പറഞ്ഞു. സാധാരണ കാണപ്പെടുന്ന അണ്ണാന് മുതല്‍ പറക്കാന്‍ കഴിവുള്ള ഭീമാകാരന്‍ വരെ. മൂന്നാഴ്ച കപ്പലില്‍ കഴിഞ്ഞതിന്റെ ക്ഷീണമെല്ലാം വിട്ടകന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിപ്പിക്ക് സ്ഥിരവാസത്തിന് സ്ഥലമൊരുക്കാനുള്ള ഒരുക്കത്തിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."