വൈദ്യുതി ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടാകില്ല
തിരുവനന്തപുരം: കെ.എസ്.ഇ.ബി സമര്‍പ്പിച്ച നഷ്ടക്കണക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല. ഇതോടെ ബോര്‍ഡ് പെരുപ്പിച്ചു കാണിച്ച നഷ്ടത്തിന്റെ കണക്ക് 13,856 കോടി രൂപയില്‍നിന്ന് 84 കോടി മാത്രമായി ചുരുങ്ങി.
ഇതുമൂലം നഷ്ടം നികത്താന്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയിലേക്ക് പോകാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം തടസപ്പെട്ടു. ഈ സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത ഇല്ലാതായി.
2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 13,865 കോടിയുടെ അധികച്ചെലവ് വന്നതായാണ് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് നല്‍കിയ കണക്ക്. ഇതില്‍ ചെലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടി കമ്മിഷന്‍ വെട്ടിക്കുറച്ചു.
1,331 കോടിയുടെ വരുമാന വിടവ് ഉണ്ടായതിനാല്‍ ഈ തുക ഈടാക്കാന്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പക്കണമെന്ന ശുപാര്‍ശയാണ് റഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി നല്‍കിയത്. കമ്മിഷന്റെ വെട്ടിക്കുറയ്ക്കലിനു ശേഷം കെ.എസ്.ഇ.ബിയുടെ അധിക ചെലവ് 84 കോടി മാത്രമായി ചുരുങ്ങി.
ശമ്പളയിനത്തിലടക്കം ചെലവഴിച്ചെന്നു പറയുന്ന തുകയാണ് പൂര്‍ണമായി റഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കാതിരുന്നത്. വൈദ്യുതി വാങ്ങിയ ഇനത്തില്‍ 7,398 കോടി ചെലവ് വന്നതായി കെ.എസ്.ഇ.ബി കണക്കുപറയുമ്പോള്‍ 7,348 കോടി മാത്രമാണ് കമ്മിഷന്‍ അംഗീകരിച്ചത്.
ശമ്പള ഇനത്തില്‍ ചെലവഴിച്ചെന്ന് അവകാശപ്പെട്ട കണക്കില്‍ 232 കോടി കമ്മിഷന്‍ വെട്ടിക്കുറച്ചു. പലിശ ഇനത്തില്‍ 561 കോടിയും പെന്‍ഷന്‍ ഫണ്ട് ചെലവഴിച്ച ഇനത്തില്‍ 331 കോടിയും തേയ്മാനച്ചെലവുകളുടെ ഇനത്തില്‍ 183 കോടിയുമാണ് റെഗുലേറ്ററി കമ്മിഷന്‍ വെട്ടിക്കുറച്ചത്.
കെ.എസ്.ഇ.ബി സമര്‍പ്പിക്കുന്ന കണക്കുകള്‍ മുന്‍കാലങ്ങളിലും അതേപടി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കാറില്ല. പക്ഷേ ഇത്ര വലിയ തുക വെട്ടിക്കുറയ്ക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷന്റെ തീരുമാനം തിരിച്ചടിയാണ്. വന്‍ ചാര്‍ജ് വര്‍ധനയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന ബോര്‍ഡിന്റെ ലക്ഷ്യത്തിനാണ് ഇതോടെ തിരിച്ചടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."