HOME
DETAILS

ചരിത്രത്തെ ഭയപ്പെടുന്നവർ

  
backup
September 18 2022 | 20:09 PM

afraid-of-history-2022

പ്രഫ റോണി കെ ബേബി

ഇന്ത്യയുടെ മുഖമുദ്രയായ ഡൽഹി നഗര ഹൃദയത്തിലെ രാജ്പഥ് വീഥി ഇനിമുതൽ കർത്തവ്യപഥ് എന്ന് അറിയപ്പെടും. രാജ്പഥിനെ 'കർത്തവ്യപഥ്' എന്ന് പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെയെല്ലാം വക്രീകരിക്കുന്ന കൃത്യമായ അജൻഡയുടെ ഭാഗമാണ് ഈ പേരുമാറ്റവും എന്ന വിമർശനമാണ് വ്യാപകമായി ഉയർന്നിരിക്കുന്നത്. ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ഒരു പേര്, വെറും പേരല്ല. അതിനെ ചുറ്റിപ്പറ്റി സാംസ്‌കാരികവും സാമൂഹികവും വ്യക്തിപവുമായ നിരവധി സ്മരണകൾ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക ചരിത്ര സന്ദർഭങ്ങളെയും ചരിത്രസ്ഥലങ്ങളെയും അപനിർമിച്ച് തങ്ങൾക്ക് ഹിതകരമായ ചരിത്രം നിർമിക്കാൻ കേന്ദ്രഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് രാജ്പഥിന്റെ പെരുമാറ്റം. ചരിത്രത്തെ ഭയപ്പെടുന്നവർ ചരിത്രത്തെ തൂത്തുമായ്ക്കുന്നതിന് നടത്തുന്ന ദുർബലശ്രമമെന്ന് മാത്രമേ ഇതിനെ കാണാൻ കഴിയു.


ബ്രിട്ടിഷ് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിൻ്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്‌സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്പഥായി മാറി. കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന സന്ദേശത്തിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന്റെ ചൂടാറും മുൻപെയാണ് അന്തരിച്ച ബ്രിട്ടിഷ് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയപതാക പകുതി താഴ്ത്തികെട്ടി ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല.


ആവർത്തിക്കുന്ന പേരുമാറ്റങ്ങൾ


പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലൂടെയുള്ള റോഡ് ഇന്ന് റേസ് കോഴ്‌സല്ല, ലോക് കല്യാൺ മാർഗാണ്. ഔറംഗസേബ് റോഡിൻ്റെ പേര് എ.പി.ജെ അബ്ദുൽ കലാം റോഡ് എന്നാക്കിയത് മുഗളന്മാരുടെ ചരിത്രവും ശേഷിപ്പുകളും തൂത്തെറിയുന്നതിൻ്റെ ഭാഗമായിരുന്നു. പ്രസിദ്ധമായ അക്ബർ റോഡ്, ഹുമയൂൺ റോഡ് എന്നിവയുടെയും പേരുകൾ മാറാൻ ഇനി അധികം താമസമില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പേരുമാറ്റൽ പ്രക്രിയ ഊർജിതമായി നടക്കുന്നു. യോഗിയുടെ യു.പിയിൽ ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യ എന്നാക്കി. ചരിത്രനഗരമായ അലഹബാദ് ഇന്ന് പ്രയാഗ് രാജാണ്. ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ, അയോധ്യ കന്റോൺമെന്റാണ്. ചരിത്രമുറങ്ങുന്ന അലിഗഡിനെ ഹരിഗഢ് ആക്കാനും മെയിൻപുരിയെ മയൻപുരിയാക്കാനുമുള്ള ശ്രമത്തിലാണ് യോഗി. കൂടാതെ മുഗൾസരായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപധ്യായ നഗർ എന്നും മാറ്റാനുള്ള പ്രമേയം നിയമസഭയിൽ പാസായിട്ടുണ്ട്. രാജ്യത്തുതന്നെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രാധാന്യമേറിയതുമായ റെയിൽവേ സ്റ്റേഷനാണ് മുഗൾസരായി. ആഗ്രയെ ആഗ്രവാൻ അല്ലെങ്കിൽ ആഗ്രവാൾ എന്നാക്കാൻ നീക്കം നടക്കുന്നു. ഹരിയാനയിലെ ഗുഡ്ഗാവ് ഗുരുഗ്രാമമായി. മധ്യപ്രദേശിലെ നഗരമായ ഹോഷംഗാബാദിന്റെ പേര് നർമദാപുരം എന്നാക്കി മാറ്റുന്നു. ഹിമാചലിലെ സിംലയെ ശ്യാമളയാക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദിനെ കർണാവതിയാക്കുന്നു. ചൈനീസ് ചുവയുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്നു ഈയടുത്ത് മാറ്റിയത് ഗുജറാത്ത് സർക്കാർ ആയിരുന്നു. ഈ പഴത്തിന് താമരയുടെ ആകൃതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനു പറഞ്ഞ ന്യായം.
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരമാക്കി. ഇന്ത്യയുടെ കായികചരിത്രത്തിൽനിന്ന് രാജീവ് ഗാന്ധിയുൾപ്പെടെയുള്ള ബി.ജെ.പിയിതര നേതാക്കളുടെ പേരുകൾ മായ്ച്ചുകളയുകയും അവിടെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് മോദിയുടെ പുതിയ തന്ത്രം. അതിന് ഉദാഹരണമാണ് പുതുക്കിപ്പണിത ഗുജറാത്ത് സ്റ്റേഡിയത്തിന് സർദാർ പട്ടേലിന്റെ പേര് മാറ്റി മോദി സ്വന്തം പേര് നൽകിയത്. കൂടാതെ കേന്ദ്രസർക്കാർ നിർദ്ധനരായ ഗർഭിണികൾക്കുനൽകുന്ന ധനസഹായത്തിന്റെ പേര് ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്നതിൽനിന്ന് മാതൃവന്ദന യോജന എന്നാക്കിയിട്ടുണ്ട്.


ചരിത്രസ്ഥലങ്ങളെ
കോർപറേറ്റുകൾക്ക് തീറെഴുതുന്നു


ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റുകയെന്നത് മോദി സർക്കാരിന്റെ പ്രധാനപ്പെട്ട നടപടികളിൽ ഒന്നാണ്. ചരിത്ര സ്മാരകങ്ങൾ പോലും കോർപറേറ്റുകൾക്ക് വിൽക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2018ൽ 25 കോടി രൂപക്കാണ് ഡൽഹിയിലെ ചെങ്കോട്ട ഡാൽമിയ ഭാരത് ഗ്രൂപ്പിന് അഞ്ച് വർഷത്തേക്ക് നൽകിയത്. പ്രാരംഭ ഘട്ടത്തിൽ അഞ്ച് വർഷത്തേക്കാണ് കേന്ദ്ര സർക്കാർ ഡാൽമിയ ഗ്രൂപ്പിന് കരാർ നൽകിയിരിക്കുന്നതെങ്കിലും പിന്നീട് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൻ കരാർ ദീർഘിപ്പിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്ന് അന്നത്തെ ഡാൽമിയ ഭാരത് ഗ്രൂപ്പ് സി.ഇ.ഒ ആയിരുന്ന മഹേന്ദ്ര സിംഘി വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യ സമര ചരിത്രത്തെയും വളച്ചൊടിക്കുന്നു


സ്വാതന്ത്ര്യസമര ചരിത്രത്തെ തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള അവസരമായാണ് മോദി സർക്കാർ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തെ കാണുന്നത്. 'ആസാദി കാ അമൃത് മഹോത്സവ്' പോസ്റ്ററിൽനിന്ന് ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവർ പുറത്തായി. സ്വാതന്ത്ര്യ സമരത്തിലും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപീകരണത്തിലും ആർ.എസ്.എസിനും അതിന്റെ മുൻഗാമികൾക്കും ഒരു പങ്കും ഇല്ലെന്നിരിക്കെ സ്വാതന്ത്ര്യസമര ചരിത്രത്തെ തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള അവസരമായാണ് മോദി സർക്കാർ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷത്തെ ഉപയോഗിച്ചത്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിൽനിന്ന് ഇന്ത്യൻ ജനത പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ വീരോജ്വല ചരിത്രത്തെ തിരുത്തിയെഴുതാനും വളച്ചൊടിക്കാനുമുള്ള അവസരമായാണ് മോദി സർക്കാർ ഈ അവസരം കണ്ടത്.


ഇതിന്റെ ഉദാഹരണമായിരുന്നു സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷത്തെ മുൻനിർത്തി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പ്. 1857ലെ മഹത്തായ ഒന്നാം സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളാണ് സ്വാമി വിവേകാനന്ദനും രമണ മഹർഷിയുമെന്ന പി.ഐ.ബി പ്രസ്താവനയിലെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സ്വാമി വിവേകാനന്ദൻ ജനിച്ചത് 1863 ലും രമണമഹർഷി ജനിച്ചത് 1879 ലുമാണ് എന്നിരിക്കെയാണ് 1857നു ശേഷം ജനിച്ചവർ എങ്ങനെയാണ് ഒന്നാം സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ചത് എന്ന് വ്യക്തമാകുന്നില്ല. മോദി ഭരണത്തിൽ ചരിത്രം എങ്ങനെയാണ് വളച്ചൊടിക്കപ്പെടുന്നത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭവം.


പുരോഗമിക്കുന്ന
ഹിന്ദുത്വ ചരിത്രരചന


2017 ജനുവരി ആദ്യവാരം സംഘ്പരിവാറിനെ പിന്തുണക്കുന്ന ചരിത്രകാരന്മാർ ന്യൂഡൽഹിയിൽ യോഗംകൂടിയിരുന്നു. 1200 വർഷത്തെ രാജ്യത്തിന്റെ ചരിത്രം എങ്ങനെ പുനർനിർമിക്കണം എന്നതായിരുന്നു അവരുടെ ചർച്ചാവിഷയം. 1200 വർഷം മുൻപിലെ ഗുപ്ത സാമ്രാജ്യ ഭരണത്തിന് ശേഷം വൈദേശിക ആധിപത്യത്തിൽ തകർക്കപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിന്റെ പുനർനിർമിതിയാണ് ഈ യോഗത്തിൽ ചർച്ചയായത്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് സ്ഥാപിക്കാനാവുന്ന തെളിവുകൾ കണ്ടെത്തുകയും ഇന്ത്യൻ പുരാണേതിഹാസങ്ങൾ കഥയല്ല, യാഥാർഥ്യമാണെന്ന് തെളിയിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാൽ, ഈ 14 അംഗ ചരിത്രസമിതിയുടെ ജോലി ഹിന്ദുത്വ ആശയത്തിനനുസരിച്ച് ഇന്ത്യൻ ചരിത്രത്തെ പുനർനിർമിക്കുകയും ഇതിലൂടെ ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുകയുമായിരുന്നു. 'ഇന്ത്യയുടെ വീക്ഷണത്തിലൂടെ ചരിത്രത്തെ വീണ്ടെടുക്കുക' എന്നാണിതിനെ അമിത് ഷാ വിശേഷിപ്പിച്ചത്.
വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ചരിത്രത്തിലല്ല, കൽപിത കഥകളെ ചരിത്രമാക്കുന്നതിലാണ് മോദി സർക്കാരിന് താൽപര്യമെന്ന് വേണം ഈ നീക്കങ്ങളിൽ നിന്ന് അനുമാനിക്കാൻ. ചരിത്രത്തെ ഭയപ്പെടുന്നവർ ചരിത്രത്തെ മാറ്റിയെഴുതുമ്പോൾ രാജ്യത്തിന്റെ ഭാവി കൂടുതൽ ഇരുളടയുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago