സ്വയംപര്യാപ്തഗ്രാമം പദ്ധതിയിലെ ക്രമക്കേട്: എട്ടു കേസുകളില്‍ അന്വേഷണം
തൊടുപുഴ: പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ 'സ്വയംപര്യാപ്തഗ്രാമം', 'ഗാന്ധിഗ്രാമം' പദ്ധതികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ അടിമാലി, കുമളി പൊലിസ് സ്‌റ്റേഷനുകളിലായി രണ്ടു കേസുകള്‍ കൂടി ഫയല്‍ ചെയ്തു. ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി ജില്ലാ പൊലിസ് മേധാവി എ വി ജോര്‍ജ് അറിയിച്ചു.
ദേവികുളം ബ്ലോക്കില്‍ മറയൂര്‍ ഗ്രാമപഞ്ചായത്തിലെ സാന്റോസ് എസ്‌സി കോളനി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ദിഡീര്‍ നഗര്‍ എസ്‌സി കോളനി, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ സെന്‍ട്രല്‍ തൊട്ടിക്കാനം എസ്‌സി കോളനി, മറയൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളനാട് എസ്‌സി കോളനി, നെടുങ്കണ്ടം ബ്ലോക്കില്‍ പാമ്പാടുംപാറ പഞ്ചായത്തിലെ ആദിയാര്‍പുരം എസ്‌സി കോളനി, അടിമാലി ബ്ലോക്കില്‍ ഇരുമ്പുപാലം ചില്ലിത്തോട് എസ്‌സി കോളനി, അഴുത ബ്ലോക്കില്‍ കുമളി ഗ്രാമപഞ്ചായത്തിലെ ചെങ്കര-കുരിശുമല എസ്‌സി കോളനി, തൊടുപുഴ ബ്ലോക്കില്‍ മുള്ളരിങ്ങാട് എസ്‌സി കോളനി എന്നിവിടങ്ങളില്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയ പദ്ധതികളിലാണ് അഴിമതിയും ക്രമക്കേടും നടന്നതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടത്.
മുള്ളരിങ്ങാട് എസ്‌സി കോളനി- 60 ലക്ഷം, ചെങ്കര കുരിശുമല- 37 ലക്ഷം, ദിഡീര്‍ നഗര്‍ എസ്‌സി കോളനി- 30 ലക്ഷം, പള്ളനാട് എസ്‌സി കോളനി- 35 ലക്ഷം, തൊട്ടിക്കാനം എസ്‌സി കോളനി- 45 ലക്ഷം, ഇരുമ്പുപാലം ചില്ലിത്തോട് എസ്‌സി കോളനി- 25 ലക്ഷം എന്നിങ്ങനെ പദ്ധതിയുടെ ബില്ല് മാറിയെടുത്തതില്‍ 12 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. ആദിയാര്‍പുരം എസ്‌സി കോളനിയില്‍ 25 ലക്ഷത്തോളം രൂപയുടെയും വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവെ.എസ്.പി വി.എന്‍ സജി, എസ്.ഐ രാജു മാധവന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐമാരായ ഷാജു, ആനന്ദന്‍, സുധാകരന്‍, സാബു, അടിമാലി സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ ചന്ദ്രന്‍, മറയൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സിവില്‍ പൊലിസ് ഓഫീസര്‍ ഷാജി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പൊലിസ് മേധാവിക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ഏറ്റെടുത്ത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും പദ്ധതി നടപ്പാക്കിയ കരാറുകാരനും എതിരെ പട്ടികജാതി- വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിക്കുകയായിരുന്നു.
പട്ടികജാതി- വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, കട്ടപ്പന ഡിവൈ.എസ്.പി സി രാജ്‌മോഹന്‍, മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ് എന്നിവരാണ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."