അന്ന് എല്ലാവരേയും സഹായിച്ചു; ഇന്ന് കടം തരാന്‍ പോലും ആളില്ല ആത്മഹത്യയുടെ വക്കിലെന്ന് വ്യാപാരികള്‍
ടി മുംതാസ്
കോഴിക്കോട്: നാളിതുവരെ നാട്ടുകാര്‍ക്കെല്ലാം സഹായം കൊടുത്തവരായിരുന്നു വ്യാപാരികള്‍, എന്നാലിന്ന് തങ്ങള്‍ കടം ചോദിച്ചിട്ടു പോലും ആരും തരാത്ത അവസ്ഥയായെന്ന് മിഠായിത്തെരുവിലെ വ്യാപാരികള്‍. സര്‍ക്കാരിന്റെ കൊ വിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളെ അത്രയും പ്രതിസന്ധിയിലാക്കി.
ചെറിയ പെരുന്നാള്‍ വിപണി മുന്നില്‍ക്കണ്ട് കടമെടുത്തു സ്റ്റോക്ക് ചെയ്ത സാധനങ്ങള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. അന്ന് പൊടുന്നനെ വന്ന നിയന്ത്രത്തില്‍ ഒന്നും വിറ്റഴിക്കാനായില്ല. ബലി പെരുന്നാള്‍ ആവുമ്പോഴേക്കും നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുമെന്നും കുറച്ച് സാധനങ്ങളെങ്കിലും വിറ്റഴിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. എന്നാല്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ എല്ലാ പ്രതീക്ഷയും തെറ്റിച്ചു.. റെഡിമെയ്ഡ് വസ്ത്രങ്ങളടക്കമുള്ള പെരുന്നാള്‍ സ്‌റ്റോക്ക് ഇപ്പോഴെങ്കിലും വിറ്റഴിക്കാനായില്ലെങ്കില്‍ വ്യാപാരികള്‍ക്കു മുന്നില്‍ ആത്മഹത്യ മാത്രമേ നിര്‍വാഹമുണ്ടാവൂ എന്ന് മിഠായിത്തെരുവിലെ ഫൂട്ട് വെയര്‍, റെഡിമെയ്ഡ് വ്യാപാരി റുന്‍ഷാദ് അലി വ്യക്തമാക്കുന്നു. പെരുന്നാള്‍ ലക്ഷ്യമാക്കി എത്തിക്കുന്ന വസ്ത്രങ്ങള്‍ ഓണ സീസണിലോ മറ്റോ വിറ്റഴിക്കാന്‍ കഴിയില്ല. ചെറിയ പെരുന്നാളിന് എത്തിച്ച റെഡിമെയ്ഡ് വസ്ത്രങ്ങളും ചെരിപ്പുകളും മോഡല്‍ ഔട്ടായിത്തുടങ്ങി. ചെരിപ്പുകള്‍ക്ക് ആറുമാസമാണ് മാക്‌സിമം കാലാവധി. കഴിഞ്ഞ ആഴ്കളില്‍ വില്‍പ്പന നടത്തിയ ചെരിപ്പുകള്‍ ഭൂരിഭാഗവും പശ വിട്ട് ഉപഭോക്താക്കള്‍ തിരിച്ചെത്തിക്കുകയാണ്. ഫാന്‍സി വസ്ത്രങ്ങളുടെ അവസ്ഥയും ഇതു തന്നെ. ഇത്തരം സാധനങ്ങള്‍ ഇനി കമ്പനികള്‍ തിരിച്ചെടുക്കില്ല. നഷ്ടം വ്യാപാരികള്‍ തന്നെ സഹിക്കേണ്ടി വരും. ത്തരമൊരവസ്ഥയിലാണ് വ്യാപാരികള്‍. അതിജീവനത്തിന് വേണ്ടിയല്ല തങ്ങളുടെ പ്രതിഷേധം. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്. മിഠായിത്തെരുവിലെ ഭൂരിഭാഗം വ്യാപാരികള്‍ക്കും ചുരുങ്ങിയത് 5 മുതല്‍ 10 വരെ ലക്ഷം രൂപയുടെ നഷ്ടമാണ് ചെറിയ പെരുന്നാളിന് സ്റ്റോക്ക് എത്തിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.
നിപയുടെയും പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കരകയറിവരുന്നതിനിടെയാണ് കൊവിഡ് മഹാമാരിയും മാര്‍ച്ച് മാസത്തോടെ പൂര്‍ണ ലോക്ക് ഡൗണും വ്യാപാരികളെ തകര്‍ത്തത്. 2020ലെ പെരുന്നാള്‍ വിപണി ആദ്യ ലോക്ക്ഡൗണില്‍ ലോക്കായി. ഇക്കലയളവില്‍ കടകള്‍ തുറന്ന് സാധനങ്ങള്‍ കേടുവരുന്നുണ്ടോ എന്ന് നോക്കാന്‍ പോലും വ്യാപാരികളെ അനുവദിച്ചിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്ന് വ്യാപാരികള്‍ക്കുണ്ടായത്. അടച്ചുപൂട്ടിയിട്ട സമയത്ത് വരെ 6000, 7000 ഉം അതിനു മുകളിലുമാണ് ഓരോചെറുകിട വ്യാപാരിക്കും കറന്റ് വാടക വന്നത്. പിന്നീട് ഒന്നില്‍ നിന്നു തുടങ്ങിയ വ്യാപാരം ഒക്ടോബര്‍ അവസാനത്തോടെയാണ് വ്യാപാരം സാധാരണ നിലയിലെത്തിയത്. വ്യാപാരത്തിനും വാഹനത്തിനും വീടിനും ലോണെടുത്ത വ്യാപാരികള്‍ കടക്കെണിയിലകപ്പെട്ട് വീട് പോലും ബാങ്കുകള്‍ ജപ്തി ചെയ്യുമെന്ന് അവസ്ഥയിലാണെന്നും റുന്‍ഷാദ് അലി വ്യക്തമാക്കുന്നു. സ്വന്തം വീട്ടുകാര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത അത്രയും പ്രതിസന്ധിയിലാണ് വ്യാപാരികള്‍. മാനഹാനി ഭയന്നാണ് വ്യാപാരികള്‍ തങ്ങളുടെ പ്രതിസന്ധികള്‍ പുറത്തു പറയാത്തത്. പറഞ്ഞിട്ടും ആളുകളുടെ സഹതാപത്തോടെയുള്ള നോട്ടമല്ലാതെ സഹായമൊന്നും ലഭിക്കില്ലല്ലോ? റുന്‍ഷാദ് അലി ചോദിക്കുന്നു.
ചെറുകിട വ്യാപാരികള്‍ക്ക് മാത്രമായി എന്തിന് നിയന്ത്രണം
കുത്തക വ്യാപാരസ്ഥാപനങ്ങളും ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരും യാതൊരു വിധ കൊവിഡ് പ്രോട്ടോകോളും പാലിക്കാതെ വ്യാപാരം നടത്തുമ്പോഴാണ് ചെറികിട വ്യാപാരികള്‍ക്കുമേല്‍ ശക്തമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനാവാതെ ഉടമകള്‍ കടക്കെണിയിലകപ്പെടുമ്പോള്‍ കുത്തക ഭീമന്‍മാര്‍ക്ക് വളരാനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്‌പോ ലുള്ള ഓണ്‍ ലൈന്‍ വ്യാപാ വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളിലും സര്‍വിസ് സെന്ററുകളിലും യാതൊരു വിധ കൊവിഡ് പ്രോട്ടോകോളും പാലിക്കാതെയാണ് ആളുകള്‍ കൂട്ടം കൂടി ജോലി ചെയ്യുന്നത്. മാത്രമല്ല കോര്‍പ്പറേറ്റ് കമ്പനികളുടെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ മറവില്‍ ചെരിപ്പും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എല്ലാ ദിവസങ്ങളിലും യഥേഷ്ടം വില്‍ക്കുന്നു.. ഇത് കണ്ടില്ലെന്ന നടിക്കുന്ന അധികൃതര്‍ ചെറുകിട കച്ചവടചക്കാര്‍ക്കു മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. സംസ്ഥാനത്തെ പിടിച്ചുലച്ച രണ്ടു പ്രളയങ്ങളില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ആദ്യത്തെ ലോക്ക് സൗണ്‍ സമയത്തും വന്‍തോതില്‍ സഹായം എത്തിച്ചരാണ് തങ്ങളെന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു. തങ്ങളെയും തങ്ങളെയും ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളുടെയും കുടുംബങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."