ചൈനയ്ക്ക് മുന്നറിയിപ്പുമായി കമല ഹാരിസ് ജപ്പാനിൽ
ടോക്കിയോ • ഏഷ്യയിൽ തായ്‌വാൻ കടലിടുക്കിൽ ഭീതിയില്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജപ്പാൻ സന്ദർശനത്തിനിടെയാണ് അവർ ചൈനയ്‌ക്കെതിരേ തുറന്നടിച്ചത്. ജപ്പാനിലെ യു.എസ് സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കമല ഹാരിസ്. കിഴക്കൻ, തെക്കൻ ചൈന കടലുകൾ, തായ്‌വാൻ കടലിടുക്ക് എന്നിവിടങ്ങളിൽ ചൈനീസ് ഭീഷണി നിലനിൽക്കുന്നു. നേരത്തെ കമലാ ഹാരിസ് തായ്‌വാൻ സന്ദർശിച്ചതിനു പിന്നാലെയാണ് ചൈന കടലിടുക്കിൽ സൈനികാഭ്യാസം നടത്തിയതും പ്രകോപനം സൃഷ്ടിച്ചതും. തായ് വാൻ കടലിടുക്കിൽ സുരക്ഷയും സ്ഥിരതയും നിലനിൽക്കണമെന്നാണ് യു.എസ് നിലപാടെന്ന് അവർ പറഞ്ഞു. ഇന്തോ – പസഫിക് മേഖലയിലെ അരക്ഷിതാവസ്ഥയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ഇവിടെ ചൈനീസ് ഇടപെടലുകൾ മറ്റു രാജ്യങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണ്.
കമലയുടെ സന്ദർശനത്തിനിടെ മിസൈൽ പരീക്ഷിച്ച്
ഉത്തര കൊറിയ
പ്യോങ്‌യാങ് • ജപ്പാനിൽ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സന്ദർശനത്തിനിടെ ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചു. ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.
പ്യോങ്‌യാങ്ങിലെ സുനാൻ മേഖലയിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. ഉത്തര കൊറിയ മറ്റൊരു ആണവ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. യു.എസിനെ തങ്ങൾ വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പറഞ്ഞു. മിസൈൽ പരീക്ഷണത്തെ തുടർന്ന് ജപ്പാൻ തീരസംരക്ഷണ സേന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."