ജഡ്ജിയില്ല; കോടതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
വടകര: കോടതിയില്‍ ജഡ്ജി ഇല്ലാത്തതിനാല്‍ വടകരയിലെ വാഹനാപകട നഷ്ടപരിഹാര കോടതിയുടെ (എം.എ.സി.ടി) പ്രവര്‍ത്തനം അവതാളത്തില്‍. കോടതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു മാസത്തോളമായി. നിലവിലുള്ള ജഡ്ജി മയക്കുമരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍.ഡി.പി.എസ് കോടതിയിലേക്ക് മാറിയതിനെ തുടര്‍ന്ന് പകരം ജഡ്ജി വന്നെങ്കിലും അദ്ദേഹവും ഒരാഴ്ച കൊണ്ട് കോഴിക്കോട് ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറിപ്പോവുകയായിരുന്നു. ഇതോടെ ഓഫിസ് സംബന്ധമായ കാര്യങ്ങളില്‍ കോടതിയുടെ പ്രവര്‍ത്തനം ഒതുങ്ങി.
പരുക്കു പറ്റിയവരും വാഹനാപകടത്തില്‍ മരണപ്പെട്ടതുമായ അയ്യായിരത്തോളം കേസുകളാണ് ഇവിടെ തീര്‍പ്പുകാത്തു കിടക്കുന്നത്. നാര്‍ക്കോട്ടിക് ജഡ്ജിക്ക് ഈ കോടതിയുടെ അധികച്ചുമതല നല്‍കിയിട്ടുണ്ടെങ്കിലും സിറ്റിങ് നടക്കുന്നില്ല. ആഴ്ചയില്‍ മൂന്നു ദിവസം നാര്‍ക്കോട്ടിക് ജഡ്ജിക്ക് എം.എ.സി.ടിയില്‍ സിറ്റിങ് നടത്താവുന്നതേയുള്ളൂവെന്ന് അഭിഭാഷകര്‍ പറയുന്നു.
കോടതിയുടെ പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തില്‍ ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിമാരുടെ അഭാവം കാരണം നിയമനം വൈകുന്നുവെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."