ദുരന്ത ഭൂമിയായി മൊറോക്കോ; മരണ സംഖ്യ രണ്ടായിരം കടന്നു
ദുരന്ത ഭൂമിയായി മൊറോക്കോ; മരണ സംഖ്യ രണ്ടായിരം കടന്നു
റാബത്ത്: മൊറോക്കോയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോയ നിരവധിയാളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 2012 ആളുകള്‍ മരിച്ചിതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ ആയിരത്തോളം പേരുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച്ച രാത്രി 11.11 മണിയോടെയാണ് തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പൗരാണിക നഗരമായ മാറക്കേഷില് നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഹൈ അറ്റ്ലസ് പര്‍വ്വത മേഖലയായിരുന്നു. തുടര്‍ന്ന് തീര നഗരങ്ങളായ കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഭൂകമ്പം കനത്ത നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. പൗരാണിക പ്രൗഢിയുള്ള കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ട്. മൊറോക്കോയില്‍ ആറ് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. 1960 ല്‍ മൊറോക്കന്‍ നഗരമായ അഗദിറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 12000 അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ദുരന്ത ഭൂമിയായി മാറിയ മൊറോക്കോയെ സഹായിക്കാന്‍ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ, യു.എ.ഇ, തുര്‍ക്കി, യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."