റഹീമിനെ കൂടെ കൂട്ടാന്‍ വഹാബ് പക്ഷ നീക്കം
ഇ.പി മുഹമ്മദ്
കോഴിക്കോട്: ഐ.എന്‍.എല്‍ ഔദ്യോഗിക ഘടകമായി കാസിം ഇരിക്കൂര്‍ വിഭാഗം തുടരുന്ന സാഹചര്യം വന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകാന്‍ പ്രൊ. എ.പി അബ്ദുല്‍ വഹാബ് വിഭാഗത്തിന്റെ നീക്കം. പി.ടി.എ റഹീമിനെ കൂടെ കൂട്ടി ശക്തി സംഭരിക്കാനും ആലോചനയുണ്ട്.
ഐ.എന്‍.എല്‍ കേരള എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുക, അല്ലെങ്കില്‍ റഹീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പുനരുജ്ജീവിപ്പിക്കുക എന്നതാണ് വഹാബ് വിഭാഗത്തിന്റെ ലക്ഷ്യം. എല്‍.ഡി.എഫ് ഘടകകക്ഷിയായി അംഗീകരിക്കുകയാണെങ്കില്‍ റഹീമിനെ മന്ത്രിയാക്കാന്‍ ഇവര്‍ ആവശ്യപ്പെടും. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ വഹാബ് വിഭാഗം ഓഗസ്റ്റ് മൂന്നിന് കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്.
എന്നാല്‍ തങ്ങളാണ് യഥാര്‍ഥ ഐ.എന്‍.എല്‍ എന്നും ഘടകക്ഷിയായി എല്‍.ഡി.എഫില്‍ തുടരുമെന്നുമാണ് കാസിം പക്ഷത്തിന്റെ നിലപാട്. മന്ത്രിസ്ഥാനം കൈവിട്ടുപോകുന്നത് ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കരിക്കാന്‍ അവര്‍ ശ്രമിക്കും. അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയുള്ള കാസിം പക്ഷത്തിനാണ് ഔദ്യോഗിക പരിവേഷമുള്ളത്. എന്നാല്‍ വഹാബിനൊപ്പമാണ് പ്രവര്‍ത്തകര്‍ കൂടുതലുള്ളത്. ഇതില്‍ ഏതുവിഭാഗത്തെ സി.പി.എം അംഗീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇരുപക്ഷത്തിന്റയും ഭാവി. ഇരുപക്ഷത്തെയും രണ്ടു വ്യത്യസ്ത ഘടകകക്ഷികളായി മുന്നണിയില്‍ നിര്‍ത്താന്‍ സി.പി.എമ്മിന് താല്‍പര്യമില്ല. അവധാനതയോടെ കാര്യങ്ങള്‍ മനസിലാക്കിയുള്ള തീരുമാനത്തിലേക്കാകും സി.പി.എം നീങ്ങുക.
അതിനിടെ, പാര്‍ട്ടിയില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊ. മുഹമ്മദ് സുലൈമാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കാസിം ഇരിക്കൂര്‍ നേതൃത്വം നല്‍കുന്നതാണ് ഔദ്യോഗിക പക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."