ഹജ്ജ്: ബാധ്യതയാകുന്നത്
വിചിത്രമായൊരു പ്രശ്‌നവുമായാണ് ആ ചെറുപ്പക്കാരന്‍ കയറിവന്നത്. അവന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അതിനിടയില്‍ ഗള്‍ഫിലേക്കുള്ള വിസ വന്നു. ബന്ധുക്കള്‍ പറഞ്ഞു പെണ്‍കുട്ടിയെ നികാഹ് ചെയ്തിട്ട് പോയാല്‍ മതിയെന്ന്. അങ്ങനെ അതും കഴിഞ്ഞു. ഇനിയെന്താണ് പ്രശ്‌നം? നമ്മുടെ നാട്ടില്‍ കല്യാണത്തിന് കുറേ ആചാരങ്ങളും മാമൂലുകളുമൊക്കെയുണ്ടല്ലോ. ഉമ്മയും പെങ്ങന്മാരുംകൂടി ചെന്നുകാണണം, വളയിടണം. പിന്നെ നിശ്ചയം. ഇങ്ങനെയൊക്കെ വേണ്ടേ. തന്റെ പ്രശ്‌നത്തില്‍ ഇതൊന്നും നടന്നിട്ടില്ല. അതിനാല്‍ ഒരസ്വസ്ഥത തോന്നുകയാണ്. ഞാന്‍ പറഞ്ഞു; ഏതായാലും കാര്യം നടന്നില്ലേ? പെണ്‍കുട്ടി നിന്റേതായി. അതല്ലേ ആവശ്യം? അതൊന്നും പോരാ എന്നായി അവന്‍. ഞാന്‍ പറഞ്ഞു; ഇനിയിപ്പോള്‍ ഒരു മാര്‍ഗമേയുള്ളൂ. നീ അവളെ ത്വലാഖ് ചൊല്ലുക. ഒരുപക്ഷേ, നിനക്ക് വട്ടാണെന്നും പറഞ്ഞ് പെണ്‍വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കാം.
ഇവന്‍ പിന്നെ എന്തു ചെയ്തുവെന്ന് എനിക്കറിഞ്ഞുകൂടാ. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചില പ്രവാസികളുടെ തെറ്റിദ്ധാരണ അറിഞ്ഞതാണ്. വര്‍ഷങ്ങളോളം സഊദിയില്‍ ജോലിചെയ്യുന്ന പലരും ഹജ്ജിന് പോകാത്തവരാണ്. അതിനു പറയുന്ന കാരണം ബഹുവിചിത്രമായിരിക്കും. ഹജ്ജല്ലേ, ഒന്നൊരുങ്ങണം! നാട്ടിലും മറ്റും കുറേ കടങ്ങള്‍ ബാക്കിയുണ്ട്. അതു വീട്ടണം. വീടിന്റെ പണി കഴിഞ്ഞിട്ടില്ല. അപ്പോഴേക്കും പെണ്‍കുട്ടിയുടെ കല്യാണവും വന്നു. ഇങ്ങനെ പോവുന്നു ന്യായങ്ങള്‍. യഥാര്‍ഥത്തില്‍ ഇപ്പറഞ്ഞതൊന്നും ഹജ്ജിന്റെ ബാധ്യതയെ ഇല്ലാതാക്കുന്നില്ല. കടബാധ്യതയുള്ളവന്‍ യാത്രചെയ്യുകയാണെങ്കിലും കടം നല്‍കിയവന്റെ സമ്മതം വാങ്ങണം. അതും അവധിയില്ലെങ്കില്‍ മാത്രം. അവന്റെ സമ്മതമോ പകരം ഒരാളെ ഏല്‍പിക്കുകയോ ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പുണ്യഭൂമിയിലേക്ക് പോകാനുള്ള കഴിവ് അവിടെ എത്തിക്കഴിഞ്ഞതോടെ നേടിക്കഴിഞ്ഞല്ലോ. അപ്പോള്‍ ഈ പറയുന്നതൊക്കെ അജ്ഞതയുടെ ബാക്കിപത്രങ്ങള്‍ മാത്രമാണ്. നാട്ടിലെ വീടുപണിയും കല്യാണവും കടവുമൊന്നും ഹജ്ജുമായി ബന്ധപ്പെട്ടതല്ല. പുണ്യഭൂമിയില്‍ എത്തിക്കഴിഞ്ഞവന്‍ ഹജ്ജ് ചെയ്യാതെ തിരിച്ചുപോന്നാല്‍ ഭാവിയില്‍ അതിനു പറ്റുമെന്ന് എങ്ങനെ ഉറപ്പിക്കാം? ഇടപാടുകള്‍ തീര്‍ക്കുകയെന്നത് തൗബയുമായി ബന്ധപ്പെട്ടതാണ്. ഹജ്ജിന്റെ ബാധ്യതയുമായി അതിന് ബന്ധമില്ല. നേരത്തേ പറഞ്ഞ ചെറുപ്പക്കാരന്റെ കൂട്ടുകാരാണിവര്‍ പാവം പ്രവാസികള്‍!
ഇനി നാട്ടില്‍ ഉള്ളവരുടെ കാര്യം അതിലേറെ കഷ്ടമാണ്. ഏക്കര്‍ കണക്കിനു ഭൂമിയുള്ളവര്‍ പോലും ഹജ്ജിനു കഴിവില്ലെന്ന ധാരണയില്‍ കഴിയുകയാണ്. പഴയ കാലത്ത് ഭൂമിയുള്ളവര്‍ക്കുപോലും ഹജ്ജിനു കഴിയാറില്ല. കാരണം ഭൂമിവാങ്ങാന്‍ ആളുണ്ടാകില്ല. എന്നിട്ടുപോലും കിട്ടിയ വിലയ്ക്ക് വിറ്റ് ഹജ്ജിന് പോയിരുന്നു. ഇനി മറ്റൊരു സംഗതി. മാതാപിതാക്കളും മറ്റും മരണപ്പെടുമ്പോള്‍ വാരിക്കോരി ധര്‍മം ചെയ്തു കടമതീര്‍ക്കുന്നവരെ കാണാം. ഈ പരേതര്‍ ഹജ്ജ് ചെയ്തിരുന്നോ എന്ന സംഗതി ബന്ധപ്പെട്ടവര്‍ ഓര്‍ക്കാറില്ല. നിര്‍ബന്ധമായ ഈ ബാധ്യതയല്ലേ പ്രധാനം? അനന്തര സ്വത്തുണ്ടെങ്കില്‍ ഹജ്ജ് ചെയ്യിക്കണം. അഥവാ അനന്തരസ്വത്ത് ഇല്ലെങ്കില്‍ കുടുംബക്കാര്‍ ചെയ്താലും നല്ലതാണ്. ശവ്വാലിന്റെയും ഹജ്ജിന്റെയും ഇടയില്‍ ഉംറ ചെയ്തു. അതേവര്‍ഷം തന്നെ ഹജ്ജും ചെയ്തു അവര്‍ മൃഗബലി നടത്തണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. പക്ഷേ, ഹറമില്‍ നിന്നും ഏറെക്കുറേ 130 കിലോമീറ്റര്‍ അടുത്തുള്ള സ്വദേശികള്‍ക്ക് ഇതു ബാധകമല്ല. ഹജ്ജിനു വേണ്ടി മറ്റൊരു മീഖാത്തിലേക്ക് പോകുന്നവര്‍ക്കും ഇത് നിര്‍ബന്ധമില്ല.
മുന്‍കാലത്തെ അപേക്ഷിച്ച് ഹജ്ജ് തീര്‍ഥാടകരുടെ സംഖ്യ വളരെയേറെ വര്‍ധിച്ചിട്ടുണ്ടെങ്കിലും നേരത്തേയുണ്ടായിരുന്ന ആത്മീയചൈതന്യം നിലനില്‍ക്കുന്നില്ലെന്നത് ഒരു ദു:ഖസത്യമാണ്. സഊദിയിലുള്ള കുടുംബക്കാരോടൊപ്പം കഴിയാനായി ടൂറിസ്റ്റുകളെപ്പോലെയാണ് പലരും എത്തുന്നത്. അതിനാല്‍തന്നെ ഹജ്ജിന്റെ ചൈതന്യമോ ശ്രദ്ധയോ പലര്‍ക്കും കാണാറില്ല. അടുത്ത കാലത്തായി സുരക്ഷാ കാരണങ്ങളാല്‍ സഊദി ഗവണ്‍മെന്റ് കര്‍ക്കശമായ ഉപാധികളാണ് തീര്‍ഥാടകര്‍ക്കു മേല്‍ ചുമത്തുന്നത്. ഇതിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഹാജിമാര്‍ക്ക് സഊദി ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അവരെക്കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുന്നത് തന്നെയാണ്. പക്ഷേ, മഖ്ബറകളിലും മറ്റു പുണ്യസ്ഥലങ്ങളിലും അവര്‍ ഏര്‍പ്പെടുത്തുന്ന പല നിയന്ത്രണങ്ങളും അനാവശ്യവും പരിധികടന്നതുമാണ്. മഖ്ബറകളോടുള്ള ഇവരുടെ വിരോധത്തെ പ്രൊഫ. മുഹമ്മദ് കാരശ്ശേരി പോലും വിമര്‍ശിച്ചിട്ടുണ്ട് (ചരിത്രപാതയിലെ 14 നൂറ്റാണ്ട്).
ഒരാള്‍ മറ്റൊരാളെ എല്ലാ ചെലവും വഹിച്ച് ഹജ്ജിനയക്കാമെന്ന് ഓഫര്‍ നല്‍കിയാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നാണ് നിയമം. അഥവാ അതുപയോഗിച്ച് ഹജ്ജു ചെയ്താല്‍ ബാധ്യത തീരും. കടം വാങ്ങി ഹജ്ജിനു പോകാമോ എന്നതാണ് മറ്റൊരു പ്രശ്‌നം. യഥാസമയം കടം തിരിച്ചുകൊടുക്കാനുള്ള മാര്‍ഗം തുറന്നുകിടപ്പുണെങ്കില്‍ ഈ യാത്രകൊണ്ട് പ്രശ്‌നമൊന്നുമില്ല. കടം വാങ്ങി മറ്റേത് കര്‍മങ്ങള്‍ ചെയ്യുന്നതും ഇതുപോലെത്തന്നെയാണ്. ഇവിടെ ചര്‍ച്ച ചെയ്യുന്നതെല്ലാം നിയമത്തിന്റെ കണ്ണിലെ ഹജ്ജിനെപ്പറ്റിയാണ്. എന്നാല്‍ പ്രസവിച്ച നാള്‍ പോലെ പാപമുക്തനായി സ്ഫുടം ചെയ്യപ്പെടണമെങ്കില്‍ അതിനു പറ്റുന്ന മാനസിക അവസ്ഥകൂടി വേണമെന്നത് മറ്റൊരു വശം. അതാര്‍ക്കാണുള്ളത്, ഇല്ലാത്തത് എന്നത് അല്ലാഹുവിന്നറിയാമല്ലോ. ഹജ്ജിനു പോകുന്നവര്‍ പത്രപരസ്യത്തിലൂടെ യാത്രപറയുന്ന പതിവും ഇന്നുണ്ട്. ഇത് ലോകമാന്യമാകുന്നുണ്ടെങ്കില്‍ പ്രോത്സാഹകമല്ല. ലക്ഷ്യമെന്താണെന്ന് പരസ്യം നല്‍കിയവര്‍ക്കല്ലേ അറിയൂ. ഹജ്ജ് കഴിഞ്ഞെത്തിയവര്‍ക്ക് ആത്മീയബോധം വര്‍ധിച്ചിട്ടില്ലെങ്കില്‍ അവരുടെ കര്‍മം ഫലവത്തായോ എന്ന് സംശയിക്കണമെന്ന് മഹത്തുക്കള്‍ പറയുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ മുനാഫിഖൂനില്‍ പറയുന്നു: 'നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക. നിങ്ങളില്‍ ഓരോരുത്തനും മരണം വന്നെത്തുകയും അപ്പോള്‍ 'എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ എന്നെ പിന്തിച്ചുകൂടേ; എന്നാല്‍ ഞാന്‍ ധര്‍മം ചെയ്യുകയും സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആയിത്തീരുകയും ചെയ്യുമായിരുന്നല്ലോ' എന്നു പറഞ്ഞേക്കുകയും ചെയ്യുന്നതിനു മുമ്പ്.' ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു, ഒരാള്‍ക്ക് കഅ്ബയിലേക്ക് എത്തിക്കുന്ന സ്വത്തുണ്ടായിട്ടും ഹജ്ജ് ചെയ്തില്ല, അല്ലെങ്കില്‍ സകാത്തിന്റെ ധനമുണ്ടായിട്ടും സകാത്ത് നല്‍കിയില്ല. അവരെല്ലാം മരണസമയത്ത് മടക്കം ചോദിക്കും (ഇബ്‌നു കസീര്‍ 4-336).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."