പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസ്: പ്രതി സഫര്‍ ഷായ്ക്ക് ഇരട്ടജീവപര്യന്തം
പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസ്: പ്രതി സഫര്‍ ഷായ്ക്ക് ഇരട്ടജീവപര്യന്തം
കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുമ്പളം കുറ്റേപ്പറമ്പില്‍ സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.
2020 ജനുവരി ഏഴിനാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന സഫര്‍ഷാ മോഷ്ടിച്ച കാറിലാണ് തട്ടികൊണ്ടുപോയത്. സഫറുമായുള്ള പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്‍മാറിയിരുന്നു. ഇതിനുശേഷം സ്‌കൂളിലേക്ക് പോകുന്നതിനിടെ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കാറില്‍ വെച്ച് ക്രൂരമായി കുത്തിക്കൊലപെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തമിഴ്‌നാട്ടിലെ വരട്ട് പാറയിലെ തേയിലത്തോട്ടത്തിലാണ് ഉപേക്ഷിച്ചിരുന്നത്.
കൃത്യം നടത്തിയശേഷം പൊള്ളാച്ചി വഴി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്രതിയെ സംഭവദിവസം തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററില്‍നിന്ന് എടുത്ത കാറിലാണ് പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയത്.
കാര്‍ കാണാനില്ലെന്ന പരാതിയിലായിരുന്നു ആദ്യം അന്വേഷണം. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സഫര്‍ഷായുടെ പേരുണ്ടായിരുന്നില്ല. ചെക്‌പോസ്റ്റില്‍ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടു. തുടര്‍ന്ന് സഫര്‍ഷായെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെടുത്തു.
കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയായിരുന്നു. നെഞ്ചിലും വയറിലുമായി നിരവധിതവണ കുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."