ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി
ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി
കണ്ണൂർ: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത സംഭവം ഉണ്ടന്ന് വരുത്തി തീർക്കാനാണ് ശ്രമം. കെട്ടിച്ചമച്ച കഥകൾ ഇനിയും വരുമെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തിന് അധികം ആയുസ്സുണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടി. സൂത്രധാരനെ പൊലീസ് കൈയോടെ പിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ വെങ്ങാട് എൽ.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലനിലയിൽ പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാർഹമായി കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്തരമൊരു വകുപ്പിനും മന്ത്രിക്കുമെതിരെ ഇല്ലാത്ത ഒരു കഥവെച്ച് തെളിവുണ്ടെന്ന മട്ടിൽ ആരോപണം ഉന്നയിക്കുക. ഒരാൾ പ്രത്യക്ഷപ്പെട്ട് പറയുകയാണ്, ഞാനാണ് ഇവിടെ പോയി നേരിട്ട് കൈയിൽ പണം കൊടുത്തതെന്ന്. യഥാർത്ഥത്തിൽ ഈ ആരോപണം ഉന്നയിച്ച ആൾ മറ്റ് ചില ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മുന്നോട്ടുവന്നതെന്ന് ഇപ്പോൾ വ്യക്തമായി.- അദ്ദേഹം പറഞ്ഞു.
'ഗൂഢാലോചനക്ക് പിന്നിൽ വ്യക്തികളും ചില മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. രാഷ്ട്രീയ എതിരാളികളെ എങ്ങനെ തേജോവധം ചെയ്യാം എന്നാണ് ആലോചന. അത് പലയിടങ്ങളിൽനിന്ന് ആലോചിച്ച് തയ്യാറാക്കുകയാണ്. അങ്ങനൊരു വകുപ്പിനെതിരെ ഇല്ലാക്കഥ വെച്ച് തെളിവുണ്ട് എന്ന മട്ടിൽ അവതരിപ്പിക്കുന്നു. ഞാൻ നേരെ പോയി കാശ് കൊടുത്തു എന്ന് പറഞ്ഞ് ഒരാൾ പ്രത്യക്ഷപ്പെടുകയാണ്. ഇത് കേൾക്കുന്ന സമയത്ത് ആളുകൾ സ്വാഭാവികമായും തെറ്റിദ്ധരിക്കപ്പെടും. ഇതുപോലെ എത്ര കെട്ടിച്ചമക്കലുകൾ ഇനിയും വരാനിരിക്കുന്നു'. ഇത് ആദ്യത്തെയോ അവസാനത്തെയോ അല്ലെന്നും പിണറായി പറഞ്ഞു.
'96 ൽ താൻ പയ്യന്നൂരിൽ മത്സരിക്കുമ്പോ ഇതുപോലെ ഒരാൾ പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രിയാകുമെന്ന് കണ്ട് ഒരാൾ കോടികൾ തനിക്ക് കൈ മാറി എന്നായിരുന്നു ആക്ഷേപം. കഥ മെനയുമ്പോൾ ഏതെല്ലാം തരത്തിൽ മെനയും എന്നതിന്റെ തെളിവാണിത്.അന്ന് അത് ഒറ്റപ്പെട്ട സംഭവമായിരുന്നു. ഇപ്പോൾ ഇത് വ്യാപകമായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായി. സ്വർണ കള്ളക്കടത്തായിരുന്നു അന്ന് ഉയർത്തി കൊണ്ടുവന്നത്. കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ടു പറക്കുന്ന സാഹചര്യം ഉണ്ടായി. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അവർ മനക്കോട്ട കെട്ടി. ആരൊക്കെ മന്ത്രിമാർ ആകണം എന്നുപോലും തീരുമാനിച്ചു. എന്നാൽ ജനങ്ങൾക്ക് എൽ ഡി എഫിനോടുള്ള വിശ്വാസ്യതയെ തകർക്കാൻ കഴിഞ്ഞില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."