HOME
DETAILS
MAL
സോളാര്‍ പീഡനം: സി.ബി.ഐ കേസെടുത്തു
backup
August 18 2021 | 04:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സോളാര്‍ കേസിലെ പ്രതികൂടിയായ യുവതി നല്‍കിയ പീഡന പരാതിയിലാണ് തിരുവനന്തപുരം യൂനിറ്റ് പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
ഉമ്മന്‍ ചാണ്ടിക്കു പുറമെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി, എ.പി അനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ക്കുമെതിരേയാണ് സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
ആറു നേതാക്കള്‍ക്കുമെതിരേ ആറു വ്യത്യസ്ത കേസുകളെടുത്ത സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് മുന്‍ മന്ത്രി എ.പി.അനില്‍കുമാറിനെതിരായ എഫ്.ഐ.ആര്‍ എറണാകുളം സി.ജെ.എം കോടതിയിലും മറ്റുള്ളവര്‍ക്കെതിരേയുള്ളത് തിരുവനന്തപുരത്തുമാണ് നല്‍കിയത്. കുറ്റകൃത്യം നടന്നതായി പരാതിയില്‍ ആരോപിക്കുന്ന സ്ഥലമനുസരിച്ചാണിത്.
പീഡന പരാതി ആദ്യം പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ചെയ്തിരുന്നില്ല. കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘത്തലവന്‍മാരായിരുന്ന ഡി.ജി.പി രാജേഷ് ദിവാനും ഇന്നത്തെ ഡി.ജി.പി അനില്‍കാന്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജനുവരി 24ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്കു കൈമാറി. ആ ഉത്തരവിനൊപ്പം ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റായിരുന്നു. മറ്റുള്ളവര്‍ക്കെതിരേ തെളിവ് ശേഖരിക്കുന്നു എന്നുമായിരുന്നു വിശദീകരണം. 2012 ഓഗസ്റ്റ് 19ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിന് ഒരു തെളിവും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."